ഏഴു മാസത്തോളമെത്തിയ ഇറാൻ യുഎസ് യുദ്ധത്തിന് എന്നു പരിഹാരമാകും? രാജ്യാന്തര നിക്ഷേപകർ അക്ഷമയോടെ കാത്തിരിക്കുന്ന യുദ്ധപരിഹാരം ട്രംപിന്റെ പ്രസിഡന്റ് കാലാവധിക്കു ശേഷമായിരിക്കുമെന്ന് മുന്നറിയിപ്പ്. നിലവിൽ യുഎസ് സൈന്യം ചുമത്തിയിരിക്കുന്ന സൈനിക-സാമ്പത്തിക ഉപരോധങ്ങൾ കൂടുതൽ കാലം താങ്ങാൻ ഇറാനു കഴിഞ്ഞേക്കും. ഇതോടെ യുദ്ധം 2029 ജനുവരി വരെ നീണ്ടേക്കുമെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റൂബിയോ എന്നിവർ ട്രംപിനു മുന്നറിയിപ്പ് നൽകി. 2025ലാണ് ട്രംപ് രണ്ടാമതും പ്രസിഡന്റായി സ്ഥാനമേറ്റെടുക്കുന്നത്.
എന്നാൽ നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുൻപ് ഇറാൻ യുദ്ധം അവസാനിക്കില്ലെന്നാണ് താൻ കരുതുന്നതെന്ന് ട്രംപ് പ്രതികരിച്ചു. അതിനു മുൻപ് എണ്ണവില കുറയാനും സാധ്യതയില്ല. തിരഞ്ഞെടുപ്പു കഴിഞ്ഞാൽ യുദ്ധത്തിന് അവസാനമാകുമെന്നാണ് താൻ കരുതുന്നത്. ഇടക്കാല തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഇറാൻ കിണഞ്ഞു പരിശ്രമിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. ഇറാനുമായുള്ള ചർച്ചകൾ സാധ്യമാണെന്നും എന്നാൽ ഇക്കാര്യം നിലവിൽ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ യുദ്ധത്തിലും എണ്ണ വില ഉയരുന്നതിലും സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ മുറുമുറുപ്പ് ശക്തമാകുന്നതിനിടെയാണ് ട്രംപിന്റെ പ്രസ്താവനയെന്നും ശ്രദ്ധേയം.
എണ്ണവില കയറുന്നു
പശ്ചിമേഷ്യയിലെ സംഘർഷം എണ്ണവിതരണത്തിൽ കൂടുതൽ തടസമുണ്ടാക്കിയേക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ക്രൂഡോയിൽ വില കയറ്റം തുടരുന്നു. ഇന്നലെ ബാരലിന് 100 ഡോളർ പിന്നിട്ട ബ്രെന്റ് ക്രൂഡോയിൽ വില 101 ഡോളറിന് മുകളിൽ തുടരുകയാണ്. ഡബ്ല്യുടിഐ ക്രൂഡ് 96.34 ഡോളറിലും മർബൻ 116 ഡോളറിലുമാണ്. അമേരിക്കൻ കപ്പലുകളെ ആക്രമിച്ചതിന് പകരമായി ഇന്നലെ അഞ്ച് ഇറാനിയൻ എണ്ണക്കപ്പലുകളെ യുഎസ് സൈന്യം തകർത്തതോടെയാണ് സംഘർഷം രൂക്ഷമായത്. കപ്പലുകൾക്ക് നേരെയുള്ള ആക്രമണം വർധിക്കുന്നത് ക്രൂഡോയിൽ വില ബാരലിന് 120 ഡോളറിന് മുകളിലെത്തിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
സ്വർണത്തിന് പുതിയ കയറ്റം
കഴിഞ്ഞ ദിവസങ്ങളിൽ ഒരു ശതമാനത്തിലധികം ഇടിഞ്ഞ സ്വർണവില ഇന്നലെ തിരിച്ചു കയറി. ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ കുറവും പശ്ചിമേഷ്യയിലെ സംഘർഷങ്ങളുമാണ് സ്വർണവിലയ്ക്ക് പിന്തുണയായത്. എന്നാൽ ക്രൂഡോയിൽ വില ഉയരുന്നത് പണപ്പെരുപ്പ ഭീഷണി വർധിപ്പിച്ചിട്ടുണ്ട്. ഇത് അടുത്ത ആഴ്ച നടക്കുന്ന യോഗത്തിൽ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് ഉയർത്താനുള്ള സാധ്യതയും കൂട്ടി. നിലവിൽ 60 ശതമാനം സാധ്യതയാണ് വിപണി കാണുന്നത്. അങ്ങനെയെങ്കിൽ സ്വർണവില ഇടിയും. ഇന്നും നാളെയുമായി യുഎസിൽ നിന്ന് പുറത്തു വരുന്ന ഉൽപാദന, പണപ്പെരുപ്പ കണക്കുകൾ ഇനി നിർണായകമാകും.
വിപണിയിലെന്ത്?
തുടർച്ചയായ മൂന്നാം ദിവസവും ഇടിവു നേരിട്ടതോടെ സെൻസെക്സ് മൂന്നു മാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. 813 പോയിന്റ് (1.08%) ഇടിഞ്ഞ സെൻസെക്സ് 74,764 പോയിന്റിലാണ് വ്യാപാരം അവസാനി പ്പിച്ചത്. 203 പോയിന്റാണ് (0.86%) നിഫ്റ്റിയുടെ ഇന്നലത്തെ നഷ്ടം. ഇതോടെ നിഫ്റ്റി സൂചിക 23,450 പോയിന്റിനു താഴെയെത്തി.
നഷ്ടത്തിൽ തുടങ്ങിയ സൂചികകൾ ഇടയ്ക്ക് തിരിച്ചു വരവിന്റെ സൂചനകൾ കാട്ടിയിരുന്നു. എന്നാല്ഡ വിൽപന സമ്മർദം കനത്തത് തിരിച്ചടിയായി. ഐടി, എഫ്എംസിജി, ഫിനാൻഷ്യൽ സർവീസ് ഓഹരികളിൽ വലിയ വിൽപന നടന്നു.
രാജ്യാന്തര ക്രൂഡോയിൽ വില വർധനയാണ് വിപണിയെ ക്ഷീണത്തിലാക്കിയത്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 101 ഡോളറിനു മുകളിലാണ്. ഇന്ത്യൻ ഓഹരി വിപണിയുടെ ആശങ്ക സൂചികയായി (വിക്സ്) ഇന്നലെ 6 ശതമാനമാണ് ഉയർന്നത്. ഉയർന്ന ചാഞ്ചാട്ട സാധ്യതയാണ് ഇതു കാണിക്കുന്നത്. പശ്ചിമേഷ്യയിലെ സ്ഥിതി വഷളാകുകയും എണ്ണ വില ഉയരുകയും ചെയ്താൽ വരും ദിവസങ്ങളിലും വിപണി സൂചികകൾ ഇടിഞ്ഞേക്കും.
വകവെക്കാതെ നിക്ഷേപകർ യുഎസ് ട്രഷറി ബോണ്ടുകൾ വിറ്റതാണ് തിരിച്ചടിയായത്. ക്രൂഡോയിൽ വില ഉയർന്നതിനു പിന്നാലെ പണപ്പെരുപ്പ ഭീഷണി വർധിച്ചതും തിരിച്ചടിയായി. ഡോ സൂചിക 0.77 ശതമാനവും എസ് ആൻഡ് പി 0.48 ശതമാനവും നാസ്ഡാക് 0.64 ശതമാനവും ഇടിഞ്ഞു. അതേസമയം, പുതിയ ഐഫോൺ സീരീസ് പുറത്തിറക്കിയിട്ടും ആപ്പിൾ കമ്പനിയുടെ ഓഹരി വിലയും ഇടിവിലാണ്. പുതിയ സിഇഒ ജോൺ ടെർണസിന്റെ ആദ്യ പ്രോഡക്ട് ലോഞ്ചായിരുന്നു ഇന്നലെ. പ്രഖ്യാപനത്തിനു ഓഹരി 1.5 ശതമാത്തോളം ഇടിഞ്ഞു. പിന്നീട് നിലമെച്ചപ്പെടുത്തി 0.28 ശതമാനം മാത്രം നഷ്ടത്തിൽ ഓഹരിയൊന്നിന് 315.34 ഡോളറിലാണ് ക്ലോസിങ്. ജൂൺ 25ന് ഉൽപന്നങ്ങളുടെ വില വർധിപ്പിച്ചതിന് ശേഷം ആപ്പിൾ ഓഹരികൾ 14 ശതമാനത്തോളം കുതിച്ചിരുന്നു. ഫോൾഡബിൾ ഫോൺ അടക്കമുള്ള ഉൽപന്നങ്ങളുടെ അരങ്ങേറ്റവും ഓഹരിയുടെ നേട്ടത്തിന് കാരണമായി. പ്രതീക്ഷിച്ചിതിനേക്കാൾ കൂടുതൽ പ്രഖ്യാപനങ്ങൾ ആപ്പിൾ നടത്താത്തതാണ് ഓഹരി നഷ്ടത്തിലാകാൻ കാരണമെന്നാണ് വിലയിരുത്തൽ.









