Headlines

വീണ്ടും കപ്പൽയുദ്ധം, സംഘർഷം രൂക്ഷം; കത്തിക്കയറി എണ്ണവില, ഇറാനുമായി ചർച്ചയില്ലെന്ന് ട്രംപ്, വിഴുങ്ങാൻ ‘പലിശ ഭൂതം’ വരുന്നു

പലിശ ഭൂതം വിപണിയെ വിഴുങ്ങുമെന്ന ആശങ്കകൾക്കിടെ ഭീഷണിയായി ഇറാൻ-യുഎസ് സംഘർഷം കൂടുതൽ മേഖലകളിലേക്ക്. ഹോർമുസിൽ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തുന്നത് തുടരുന്നത് രാജ്യാന്തര വ്യാപാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇറാൻ ആക്രമണത്തിൽ എണ്ണക്കപ്പൽ‍ തകർന്നു. മുന്നറിയിപ്പ് അവഗണിച്ചെത്തിയ സൂപ്പർ ടാങ്കർ കടൽ മൈനിൽ തട്ടിയാണ് തകർന്നതെന്ന് ഇറാൻ പറയുന്നു. അതേസമയം, സൗദി അറേബ്യയിൽ ഹൂതികൾ നടത്തിയ ആക്രമണത്തിന് പിന്നാലെ രാജ്യാന്തര എണ്ണവിലയും കുതിപ്പിലാണ്. ബ്രെന്റ് ക്രൂഡോയിൽ ബാരലിന് 107 ഡോളറിലേക്ക് എത്തി. ഡബ്ല്യൂടിഐ ബാരലിന് 103 ഡോളറിലും യുഎഇയുടെ മർബൻ ക്രൂഡ് 127 ഡോളറിലുമാണ് വ്യാപാരം.

വെനസ്വേലൻ മാതൃകയിൽ ഇറാനിലെ എണ്ണയുടെ നിയന്ത്രണം ഏറ്റെടുക്കാൻ യുഎസ് ശ്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ പറഞ്ഞിരുന്നു. യുദ്ധം അവസാനിപ്പിച്ച് സമാധാന കരാറിലെത്താൻ ഇറാൻ നിരന്തരം ശ്രമിക്കുകയാണെന്നും യുഎസിന് വലിയ താൽപര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന് സാമ്പത്തിക സഹായം നൽകുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ അത്യാധുനിക ഡ്രോൺ തകർത്തതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ചെങ്കടലിലെ രണ്ട് നിർണായക ദ്വീപുകൾ പിടിച്ചെടുത്തതായി ഹൂതികളും പറയുന്നു. ഹൂതികൾക്കെതിരെ യെമൻ സൈന്യവും സൗദി സേനയും തിരിച്ചടി നടത്തുകയാണെന്നും റിപ്പോർട്ടുകൾ.

എല്ലാ കണ്ണുകളും കെവിൻ വാർഷിലേക്ക്

അതിനിർണായക പണനയ യോഗത്തിലേക്ക് യുഎസ് ഫെഡറൽ റിസർവ് കടക്കുമ്പോൾ എല്ലാ കണ്ണുകളും പുതിയ ചെയർമാൻ കെവിൻ വാർഷിലേക്കാണ്. അധ്യക്ഷ പദവിയിലെത്തിയ ശേഷം കെവിൻ നേരിടുന്ന പ്രധാന അഗ്നിപരീക്ഷയാകും ഇത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുയായിയായ കെവിൻ വാർഷ് ഇത്തവണ എന്തു നിലപാട് സ്വീകരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.അമേരിക്കയിലെ പണപ്പെരുപ്പ നിരക്ക് ഫെഡ് റിസർവിന്റെ സഹന പരിധിയായ 2 ശതമാനത്തിനു മുകളിലാണ്. ക്രൂഡോയിൽ വില ഉയർന്നു നിൽക്കുന്നത് പണപ്പെരുപ്പം ഇനിയും ഉയർത്താനുള്ള സാധ്യതയുമുണ്ട്. ഇതിനെ നേരിടാൻ അടിസ്ഥാന പലിശ നിരക്ക് ഉയർത്താതെ മറ്റു വഴിയില്ല. അടുത്തിടെ പുറത്തുവന്ന തൊഴിൽ, ഉൽപാദന കണക്കുകളും ഇതിനെ സാധൂകരിക്കുന്നതാണ്. നിലവിലെ സാഹചര്യത്തിൽ 0.25 ശതമാനമെങ്കിലും പലിശ നിരക്ക് ഉയർത്താനുള്ള സാധ്യത 90 ശതമാനത്തിനു മുകളിലെന്നാണ് വിപണിയുടെ വിലയിരുത്തൽ.ഡിസംബറിൽ ഒരിക്കൽ കൂടി പലിശ നിരക്ക് ഉയർത്താൻ 75 ശതമാനം സാധ്യതയുണ്ടെന്നും വിപണി കരുതുന്നു.

എന്നാൽ പണപ്പെരുപ്പ, സാമ്പത്തിക കണക്കുകൾ എന്തായായും അമേരിക്കയിൽ ലോകത്തിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് വേണമെന്ന ട്രംപിന്റെ നിലപാടാണ് വാർഷിന് വെല്ലുവിളിയാകുന്നത്. ഇക്കാര്യത്തിൽ ഫെഡ് റിസർവിലെ 12 അംഗങ്ങൾ എന്തു നിലപാടെടുക്കുമെന്നത് നിർണായകമാണ്. നിരക്ക് കൂട്ടണമെന്ന നിലപാടാണ് കെവിൻ വാർഷിനുള്ളതെന്നാണ് വിപണി കരുതുന്നത്. അടുത്തിടെ അദ്ദേഹം നടത്തിയ ചില പ്രസ്താവനകൾ ഇതിനുള്ള ഉദാഹരണമാണ്.

പലിശ കൂട്ടിയാൽ എന്തുണ്ടാകും

ഇന്ന് തുടങ്ങുന്ന ഫെഡ് യോഗത്തിന്റെ തീരുമാനം അടുത്ത ദിവസം കെവിൻ വാർഷ് പ്രഖ്യാപിക്കും. ഇതിനൊപ്പം സാമ്പത്തിക മേഖല ഏതുരീതിയിൽ നീങ്ങുമെന്നതിനെക്കുറിച്ചുള്ള പ്രതീക്ഷകളും അദ്ദേഹം പങ്കുവക്കും. പലിശ നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചാൽ‍ ഓഹരി വിപണി, സ്വർണവില, ഇഎംഐ തുടങ്ങിയവയെല്ലാം ബാധിക്കും.

∙ഇന്ത്യ പോലുള്ള വിപണികളിൽ നിന്ന് വിദേശ നിക്ഷേപകർ പിൻവലിയും. കൂടുതൽ നേട്ടം ലഭിക്കുന്ന അമേരിക്കൻ കടപത്രങ്ങളിൽ നിക്ഷേപിക്കാനായിരിക്കും നിക്ഷേപകർക്ക് താൽപര്യം. ഫലമോ ഓഹരികൾ ഇടിയും.

∙ഇതേ കാര്യം സ്വർണത്തിലും ബാധകമാണ്. പലിശ വരുമാനം ലഭിക്കാത്ത സ്വർണത്തിൽ നിന്ന് നിക്ഷേപകർ പിൻവാങ്ങും. ഇത് ഡിമാൻഡ് ഇടിക്കുകയും വില കുറയുകയും ചെയ്യും.

∙യുഎസ് ഫെഡിന്റെ പലിശ തീരുമാനം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെയും നിരക്ക് ഉയർത്താൻ പ്രേരിപ്പിക്കും. ഇതോടെ ഭവന, വാഹന വായ്പകളുെട പ്രതിമാസ തിരിച്ചടവ് (ഇഎംഐ ഉയരും).

∙യുഎസ് കടപത്രങ്ങളിലേക്കുള്ള നിക്ഷേപം വർധിക്കുന്നത് ഡോളറിന്റെ വിനിമയ നിരക്ക് ഉയർത്തുകയും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കിനെ ബാധിക്കുകയും ചെയ്യും. രൂപ കൂടുതൽ ഇടിയും. വിദേശ നിക്ഷേപകർ പിൻവലിയുന്നതും രൂപക്ക് തിരിച്ചടിയാണ്. എന്നാൽ എഫ്സിഎൻആർ(ബി) നിക്ഷേപങ്ങളുടെ കരുത്തിൽ ഇന്ത്യൻ വിദേശനാണ്യ ശേഖരം ശക്തമായതിനാൽ കാര്യമായ ഇടിവിലേക്ക് രൂപ പോകില്ലെന്നും വിദഗ്ധർ പറയുന്നു.

പലിശ കൂട്ടാൻ തീവില

അമേരിക്കൻ ഫെഡറൽ റിസർവിന്റെ തീരുമാനത്തിന് പിന്നാലെ ഇന്ത്യയിലും പലിശ നിരക്ക് കൂട്ടാനുള്ള സാധ്യത വർ‍ധിപ്പിച്ച് ഓഗസ്റ്റിലെ പണപ്പെരുപ്പ കണക്കുകൾ പുറത്ത്. രാജ്യത്തെ ചില്ലറ വിലക്കയറ്റം ജൂലൈയിൽ 4.45 ശതമാനമായിരുന്നത് ഓഗസ്റ്റിൽ 4.82 ശതമാനമായി ഉയർന്നു. ഉള്ളിയടക്കമുള്ള ഭക്ഷ്യവസ്‌തുക്കളുടെ വിലയാണ് നിരക്കിൽ പ്രതിഫലിച്ചത്. ഇതിനു പുറമേ മൊത്തവിപണിയിലെ (ഡബ്ല്യുപിഐ) വിലക്കയറ്റ നിരക്ക് 9.92 ശതമാനമായിരുന്നത് 9.78 ശതമാനമായും ഉയർന്നു. ചെറുകിട വിപണിയിലെ വിലക്കയറ്റത്തോത് കണക്കാക്കാനുള്ള പുതിയ രീതി നിലവിൽ വന്നത് ജനുവരിയിലാണ്. അതിനു ശേഷമുള്ള 8 മാസത്തിനിടെയുള്ള ഉയർന്ന നിരക്കാണിത്. ഇതോടെ അടുത്ത റിസർവ് ബാങ്കിന്റെ പണനയ യോഗത്തിൽ റിപ്പോ നിര‍ക്ക് കൂട്ടാനുള്ള സാധ്യത വർധിച്ചു.

വിപണിയിലെന്ത്

∙മൂന്നു ദിവസത്തെ അവധിക്ക് ശേഷം ഇന്ത്യൻ ഓഹരി വിപണി വീണ്ടും വ്യാപാരത്തിലേക്ക്. തുടർച്ചയായ അഞ്ച് ആഴ്ചകളിലും നഷ്ടത്തിലായ വിപണി ഇന്നും സമ്മർദ്ദത്തിലാകാനാണ് സാധ്യത. ഇക്കൊല്ലം ഇതാദ്യമായാണ് ഇത്രയും കാലം തുടർച്ചയായി വിപണി നഷ്ടത്തിലാകുന്നത്.

∙ക്രൂഡോയിൽ വില ഉയരുന്നത് പണപ്പെരുപ്പ ഭീഷണി വർധിപ്പിച്ചതാണ് തിരിച്ചടി. പശ്ചിമേഷ്യയിൽ ഇറാൻ-യുഎസ് സംഘർഷം പരിഹാരമില്ലാതെ തുടരുന്നതും യുഎസ് ഫെഡ് റിസർവിന്റെ യോഗവുമെല്ലാം നിക്ഷേപകരെ സ്വാധീനിക്കും.

∙ഗിഫ്റ്റ് നിഫ്റ്റി നേരിയ നേട്ടത്തിലാണ്. ഇന്ത്യൻ ഓഹരി വിപണി കാര്യമായ നേട്ടമില്ലാതെയോ പോസിറ്റിവായോ വ്യാപാരം തുടങ്ങാനുള്ള സാധ്യതയാണ് കാണുന്നത്.

∙2000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കാൻ പാടില്ലെന്ന ഉത്തരവ് കേന്ദ്രം കടുത്ത നടപടികളിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ്. വലിയ ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് ചാർജ് ഈടാക്കാനുള്ള സാധ്യത വർധിച്ചു. ഇത് ഈ മേഖലയിലെ ഓഹരികളെ ശ്രദ്ധാകേന്ദ്രമാക്കും.
എഐ പേടിയിൽ തകർന്ന് യുഎസ് വിപണി

ഇന്നലെ അമേരിക്കൻ ഓഹരി വിപണി കനത്ത നഷ്ടത്തിലായിരുന്നു. ആർ‍ട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ അതിവേഗ ഗവേഷണങ്ങളെക്കുറിച്ചുള്ള ആശങ്കകൾ സജീവമായതാണ് പ്രധാന കാരണങ്ങളിലൊന്ന്. എഐ മേഖലയിലെ പ്രധാന കമ്പനികളുടെ ഓഹരികളെല്ലാം കുത്തനെ ഇടിഞ്ഞു. എഐ ഓഹരി കുതിപ്പിൽ മുന്നിലുണ്ടായിരുന്ന എൻവിഡിയ ഓഹരികൾ നാലു ശതമാനത്തിലേറെ നഷ്ടത്തിലായി. ബ്രോഡ്കോം, ആഡ്വാൻസ്ഡ് മൈക്രോ ഡിവൈസ്, ഇന്റൽ, മാർവൽ ടെക്നോളജീസ്, ആമസോൺ, ടെസ്‍ല തുടങ്ങിയ കമ്പനികളും കനത്ത ഇടിവിലായി.

ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡേയ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പ്രസ്താവനയാണ് ഇപ്പോഴത്തെ എഐ പേടിക്ക് കാരണമായത്. മനുഷ്യരാശിക്ക് ഭീഷണിയായി എഐ വളരുമെന്നും ഈ രംഗത്തെ ഗവേഷങ്ങളുടെ വേഗത കുറയ്ക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഇതിന് കമ്പനികളും ലോകനേതാക്കളും പിന്തുണയുമായി എത്തിയതോടെ നിക്ഷേപകർ സെമിക്കണ്ടക്ടർ ഓഹരികൾ വിറ്റൊഴിച്ചു. ഓപ്പൺ എഐ അടക്കമുള്ള കമ്പനികൾ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) മാറ്റിവക്കുമെന്ന പ്രഖ്യാപനം നടത്തിയതും ഈ മേഖലയിൽ ആശങ്കയ്ക്ക് കാരണമായി.

ഇതിനൊപ്പം ക്രൂഡോയിൽ വില ഉയർന്നതും അടിസ്ഥാന പലിശ നിരക്ക് ഉയർത്തുമെന്ന ആശങ്ക വർധിച്ചതും വിപണിയെ നഷ്ടത്തിലേക്ക് നയിച്ചു. ഡോ സൂചിക 0.29 ശതമാനം നഷ്ടത്തിലായി. എസ് ആൻഡ് പി 0.48 ശതമാനവും നാസ്ഡാക് 0.56 ശതമാനവും ഇടിഞ്ഞു. ‍ഇന്ന് അമേരിക്കൻ ഓഹരി ഫ്യൂച്ചറുകളുും ഇടിവിലാണ്. എണ്ണവിലയ്ക്ക് പിന്നാലെ ട്രഷറി യീൽഡുകൾ ഉയർന്നതും നിക്ഷേപകരെ സ്വാധീനിച്ചു. 10 വർഷ കാലാവധിയുള്ള അമേരിക്കൻ കടപത്രങ്ങളിൽ നിന്നുള്ള നേട്ടം 5% വർധിച്ചു. 2023 ഒക്ടോബറിന് ശേഷമുള്ള ഉയർന്ന നിരക്കാണിത്.