പൊന്നാനി∙ ചങ്ങരംകുളം -ചെറവല്ലൂർ റോഡിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി വിദ്യാർഥികൾ ഉൾപ്പെടെ 15പേർക്ക് പരുക്ക്. നന്നംമുക്ക്, കാട്ടകാമ്പാൽ സ്വദേശികളായ കുമാർ (46), നിബിൻ (41), വസന്ത (60), അശ്വതി (30), റിഷാൻ (14), ഫർഹാൻ (14), ഹൃദ്യ (12), രജിത (41), അജിത (45), ശ്വേത (22), മണികണ്ഠൻ (46), സുബ്രഹ്മണ്യൻ (65), മങ്ങാട് അമ്മിണി (70), സോന (20), നിദ (16) എന്നിവർക്കാണ് പരുക്കേറ്റത്
ശനിയാഴ്ച രാവിലെയാണ് അപകടം. കുന്നംകുളത്ത് നിന്ന് ചങ്ങരംകുളത്തേക്ക് വരികയായിരുന്ന ‘ദേവിക’ ബസ് നിയന്ത്രണം വിട്ട് സമീപത്തെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് ബസിനുള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. പരുക്കേറ്റവരെ ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.






