Headlines

ദിശകിട്ടാതെ സ്വർണം, ഇന്ന് നേരിയ ആശ്വാസം, വില ഇനി എങ്ങോട്ട്? നിർണായകം ഈ കണക്കുകൾ

 

സംസ്ഥാനത്തെ സ്വർണവില ഇന്നും കുറഞ്ഞു. ഗ്രാമിന് 20 രൂപ ഇടിഞ്ഞ് 13,200 രൂപയിലെത്തി. പവൻ വില 160 രൂപ കുറഞ്ഞ് 1,05,600 രൂപയുമായി. രാജ്യാന്തര വിപണിയിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നതിനിടെയാണ് കേരളത്തിൽ വില കുറഞ്ഞത്.

 

യുഎസ്-ഇറാൻ സമാധാന ചർച്ചകളിലെ ആശങ്ക സ്വർണ നിക്ഷേപകരെയും ബാധിച്ചിട്ടുണ്ട്. സമാധാന ചർച്ചകൾ നിലവിൽ നടക്കുന്നില്ലെന്ന ഇറാന്റെ മറുപടിയോടെ ക്രൂഡോയിൽ വില വീണ്ടും കയറ്റത്തിലായി. ഇത് പണപ്പെരുപ്പ ഭീഷണിയും വർധിപ്പിച്ചു. എന്നാൽ അടുത്ത ദിവസങ്ങളിൽ പുറത്തുവരുന്ന മൂന്ന് യുഎസ് തൊഴിൽ കണക്കുകളിലാണ് ഇപ്പോൾ നിക്ഷേപകരുടെ ശ്രദ്ധ മുഴുവനും. പുതിയ തൊഴിൽ അവസരങ്ങളുടെ കണക്ക് ഇന്ന് പുറത്തുവരും. സ്വകാര്യ മേഖലയിലെ തൊഴിൽ കണക്കുകൾ ബുധനാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. തൊട്ടടുത്ത ദിവസം യുഎസ് നോൺഫാം പേറോളും റിലീസ് ചെയ്യും. ഇതിലൂടെ ഫെഡറൽ റിസർവിന്റെ പലിശ തീരുമാനം ഏതു ദിശയിലേക്ക് നീങ്ങുമെന്നു ഏകദേശ ധാരണ ലഭിക്കുമെന്നാണ് കരുതുന്നത്.തൊഴിൽ കണക്കുകൾ മുൻമാസത്തേക്കാൾ‍ കുറഞ്ഞാൽ അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് കുറയാനും സ്വർണവില വർധിക്കാനും കാരണമാകും. മറിച്ചാണെങ്കിൽ സാമ്പത്തിക മേഖല ശക്തമാണന്ന വിലയിരുത്തലിൽ പണപ്പെരുപ്പം പിടിച്ചു നിർത്താൻ പലിശ നിരക്ക് ഉയർത്തേണ്ടി വരും. ഇതോടെ സ്വർണവില ഇടിയാനും സാധ്യതയുണ്ട്.

 

ഇന്നലെ രാജ്യാന്തര വിപണിയിൽ ഔൺസിന് 12.80 ഡോളർ കയറി 4056.50 ഡോളറിലാണ് സ്വർണം വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 4030ലേക്ക് ഇടിഞ്ഞ സ്വർണം 4068ലേക്ക് കയറിയെങ്കിലും നിലവിൽ 4056 ഡോളറെന്ന നിലയിലാണ്. കനം കുറഞ്ഞ ആഭരണങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപ കുറഞ്ഞ് 10,845 രൂപയിലെത്തി. 14 കാരറ്റ് ഗ്രാമിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 8450 രൂപയിലും 9 കാരറ്റ് ഗ്രാമിന് 10 രൂപ കുറഞ്ഞ് 5450 രൂപയിലുമെത്തി. വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 235 രൂപയിൽ തന്നെയാണ് വ്യാപാരം. പുതുക്കിയ വിലയിൽ കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തുശതമാനം പണിക്കൂലിയും നികുതിയുമെല്ലാം ചേർത്ത് 1,19,700 രൂപ നൽകിയാൽ മതിയാകും.