റാഞ്ചി ∙ 12 വർഷം മുൻപ് ആ മുഖത്ത് ആസിഡ് ഒഴിച്ച അക്രമി ഉള്ളിൽ പറഞ്ഞിട്ടുണ്ടാകും ‘ഗുഡ്ബൈ റെഷം’. പ്ലസ് വണ്ണിനു പഠിക്കുന്ന ഏതൊരു പെൺകുട്ടിയും തകർന്നുപോകുമായിരുന്ന ദുരന്തത്തെ അതിജീവിച്ച് യുകെ സർക്കാരിന്റെ ചീവ്നിങ് ഫെലോഷിപ് സ്വന്തമാക്കിയ അവളോട് ഇന്നു രാജ്യം പറയുന്നു: ‘ഗുഡ് ചീവ്നിങ് റെഷം!’ ആസിഡ് ആക്രമണത്തെ അതിജീവിച്ച് ഈ ലോകോത്തര ഫെലോഷിപ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടവുമായി റെഷം പുഞ്ചിരിക്കുന്നു.2014 ഫെബ്രുവരിയിലാണു വിവാഹാലോചന നിരസിച്ചതിന് ലക്നൗവിൽ റെഷം ആസിഡ് ആക്രമണത്തിനിരയാകുന്നത്. 20 വയസ്സിനു മൂത്ത ബന്ധുവായിരുന്നു അക്രമി. കാറിനുള്ളിൽ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ആസിഡ് മുഖത്തൊഴിക്കുകയും ചെയ്ത അക്രമിയിൽനിന്നു രക്ഷപ്പെട്ടോടിയ റെഷം ഒരു ഓട്ടോ ഡ്രൈവറുടെ സഹായത്താൽ ആശുപത്രിയിലെത്തി. നിരവധി ശസ്ത്രക്രിയകൾ, വേദനകൾ എല്ലാം അതിജീവിച്ച അവളുടെ പുഞ്ചിരിക്കുന്ന മുഖമാണ് പിന്നീടു കണ്ടത്. 87% മാർക്കോടെ 12-ാം ക്ലാസ് പരീക്ഷ ജയിച്ചു. പിറ്റേവർഷം 2015 ൽ റിപ്പബ്ലിക് ദിന പരേഡിൽ കുട്ടികൾക്കുള്ള ഉയർന്ന ധീരതാ പുരസ്കാരമായ ഭാരത് അവാർഡ് നേടി. അതേവർഷം അക്രമി ജയിലിൽ ആത്മഹത്യ ചെയ്തു.തളരാതെ മുന്നേറിയ റെഷം 2018 ൽ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽനിന്ന് ബിഎസ്സി ഫിസിക്സ് പൂർത്തിയാക്കി. ജെഎൻയുവിൽ പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷനൽ റിലേഷൻസിൽ മാസ്റ്റേഴ്സ് ചെയ്തു. കുട്ടികളുടെ മികവ് വർധിപ്പിക്കുന്നതിനു പ്രവർത്തിക്കുന്ന എബ്രാ ഫൗണ്ടേഷന് 2023 ൽ തുടക്കമിട്ടു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ (എൽഎസ്ഇ) ജെൻഡർ, ഡവലപ്മെന്റ് ആൻഡ് ഗ്ലോബലൈസേഷനിൽ എംഎസ്സി പഠിക്കാനാണ് 29 കാരിയായ റെഷം സ്കോളർഷിപ് സ്വന്തമാക്കിയത്.






