ഇടുക്കി അടിമാലിയിൽ വിവാഹാഭ്യർഥന നിരസിച്ച യുവാവിന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. സംഭവത്തിൽ അടിമാലി സ്വദേശി ഷീബയെ(35) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആസിഡ് വീണ് പൊള്ളലേറ്റ തിരുവനന്തപുരം സ്വദേശി അരുൺകുമാർ(27) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. യുവാവിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്
രണ്ട് വർഷം മുമ്പ് ഫേസ്ബുക്ക് വഴിയാണ് ഇവർ പ്രണയത്തിലാകുന്നത്. ഷീബ തിരുവനന്തപുരത്ത് ഹോം നഴ്‌സായി ജോലി നോക്കുകയായിരുന്നു. ഇവർ വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ് എന്നറിഞ്ഞതോടെയാണ് അരുൺകുമാർ ബന്ധത്തിൽ നിന്ന് പിൻമാറിയത്.
എന്നാൽ രണ്ട് ലക്ഷം രൂപ നൽകിയാൽ പിൻമാറാമെന്നായിരുന്നു ഷീബയുടെ വാഗ്ദാനം. പിന്നീടിത് 14,000 രൂപയിൽ ഒതുക്കി. തുടർന്ന് പണം നൽകുന്നതിനായാണ് അരുൺകുമാറും രണ്ട് സുഹൃത്തുക്കളും കൂടി അടിമാലി ഇരുമ്പുപാലത്തിൽ വരുന്നത്. പള്ളിക്ക് സമീപത്ത് സംസാരിച്ച് നിൽക്കുമ്പോഴാണ് ഷീബ ഹോർലിക്‌സ് കുപ്പിയിൽ കരുതിയ ആസിഡ് ഒഴിക്കുന്നത്. ആസിഡ് വീണ് ഷീബയുടെ മുഖവും കഴുത്തും പൊള്ളിയിട്ടുണ്ട്
ഇതിന് ശേഷം നേരെ ഭർത്താവിന്റെ വീട്ടിലേക്കാണ് ഷീബ പോയത്. പൊള്ളലേറ്റ കാര്യം ചോദിച്ചപ്പോൾ തിളഞ്ഞ കഞ്ഞിവെള്ളം മറിഞ്ഞുവെന്ന് നുണയും പറഞ്ഞു. അഞ്ച് ദിവസത്തോളം ഷീബ ഭർത്താവിന്റെ വീട്ടിൽ കഴിഞ്ഞു. തുടർന്ന് പോലീസ് എത്തി അറസ്റ്റ് ചെയ്യുമ്പോഴാണ് വീട്ടുകാർ പോലും കാര്യം അറിയുന്നത്.