തിരുവനന്തപുരം: സിഎംആര്‍എല്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിലേക്ക് കടക്കാന്‍ ക്രൈംബ്രാഞ്ച് എസ്ഐടി. മുന്‍മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ഹസന് വാരിസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എസ്ഐടി നോട്ടീസ് നല്കി. സുഹൃത്തുക്കളുടെ മൊഴിയെടുത്ത ശേഷമാകും മുഹമ്മദ് റിയാസിനെ ചോദ്യം ചെയ്യുക.
രേഖകളുടെ പരിശോധന പൂർത്തിയാക്കിയാൽ ഉടൻ ഇ ഡിക്ക് മൊഴി നൽകിയവരിൽ നിന്ന് വിശദാംശങ്ങൾ തേടുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഹസൻ വാരിസ്, നിഖിൽ തുടങ്ങിയ റിയാസിന്റെ സുഹൃത്തുക്കളെയാണ് ആദ്യം ചോദ്യം ചെയ്യുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ, മുഹമ്മദ് റിയാസ് എന്നിവരിൽ നിന്നും നിന്നും മൊഴിയും രേഖപ്പെടുത്തും.
ഇഡിയുടെ കത്തിൽ പറയുന്ന മുഴുവൻ കാര്യങ്ങളും പ്രാഥമിക അന്വേഷണ പരിധിയിൽ കൊണ്ടുവരുന്നുണ്ട്. പിണറായി വിജയൻ. മുഹമ്മദ് റിയാസ്. ടി വീണ തുടങ്ങിയവർക്കെതിരായ ഇഡിയുടെ എല്ലാ കണ്ടെത്തലുകളും അന്വേഷണത്തിന്റെ ഭാഗമാകും. മാസപ്പടി കേസിൽ ഇവർ മൂന്നുപേരും ഉൾപ്പെട്ട എല്ലാ ആരോപണങ്ങളും മൊഴികളും ക്രൈംബ്രാഞ്ച് സംഘം ശേഖരിക്കും. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം ആയിരിക്കും അന്വേഷണം നടത്തുക.
മാസപ്പടിയായി 3.28 കോടി രൂപ പിണറായി വിജയൻ സിഎംആർഎല്ലിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നും മുഹമ്മദ് റിയാസ് ഹവാല ഇടപാട് നടത്തിയെന്നും ആണ് ആരോപണം. ഹവാല ഇടപാടടക്കം പ്രത്യേക സംഘം വിശദമായി അന്വേഷിക്കും.
കേസില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി നല്കി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം.




