തിരുവനന്തപുരം ∙ പി.എ.മുഹമ്മദ് റിയാസുമായി അടുപ്പമുള്ളവർ ഇ.ഡിക്കു കഴിഞ്ഞ മാസം 18നു നൽകിയ മൊഴികളാണ് റിയാസിനും വീണയ്ക്കും കുരുക്കാകുന്നത്. ഇവ ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്ന് കഴിഞ്ഞ ദിവസം റിയാസ് ആരോപിച്ചിരുന്നു. മൊഴികൾ ഇങ്ങനെ:∙ കെ.വാരിസ്: ‘‘2024 ജൂൺ, ജൂലൈയിൽ റിയാസിന്റെ നിർദേശപ്രകാരം ചിലയാളുകൾ എന്റെ ഓഫിസിൽ പണമെത്തിച്ചു. ഹവാല ഏജന്റായ സുബൈർ കരുവംപൊയിൽ വഴി ഇത് ദുബായിലുള്ള വി.പി.ഫൈജാസിനു ഞാൻ അയച്ചു. 2024 ജൂലൈയിൽ 4 തവണയും 2025 ജൂലൈയിൽ ഒരുതവണയുമായി ഹവാല ഇടപാടിലൂടെ 1.2 കോടി അയച്ചു.’’
ഫൈജാസ്, സുബൈർ എന്നിവരുമായി വാരിസ് നടത്തിയ വാട്സാപ് ചാറ്റുകൾ റെയ്ഡിൽ കണ്ടെടുത്തുവെന്നും അവ തന്റേതു തന്നെയാണെന്ന് വാരിസ് എഴുതി ഒപ്പിട്ടുനൽകിയെന്നും ഇ.ഡി ചൂണ്ടിക്കാട്ടി. ‘DXB Subair koduvally Hawa’ എന്ന പേരിലാണ് സുബൈറിന്റെ പേര് വാരിസ് തന്റെ ഫോണിൽ സേവ് ചെയ്തിരുന്നത്.
∙ കെ.മുഹമ്മദ് ഷൈജൽ: ‘‘ദുബായിൽ ബിസിനസ് ആരംഭിക്കാൻ വീണയെ സഹായിക്കണമെന്ന് മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. ദുബായ് കേന്ദ്രീകരിച്ച് വസ്ത്രക്കയറ്റുമതി സ്ഥാപനം തുടങ്ങാമെന്ന ആശയം ഞാൻ മുന്നോട്ടുവച്ചു. ബിസിനസ് ആരംഭിക്കുന്നതിന്റെ ഭാഗമായി ഞാനും റിയാസ്, വീണ, ഫൈജാസ് എന്നിവരും ദുബായ് സന്ദർശിച്ചു’’.∙ എം.നന്ദുലാൽ: ‘‘2024 ഏപ്രിൽ 19നു ജിയോ കമ്പനിയുടെ സിം എന്റെ പേരിലെടുത്തു. വീണ ദുബായിക്കു പോകുന്നതിന് കുറച്ചു ദിവസങ്ങൾ മുൻപായിരുന്നു ഇത്. സിം റിയാസിനു കൈമാറി. വീണയും റിയാസും മേയിൽ നടത്തിയ ദുബായ് യാത്രയിൽ ഈ സിം ഉപയോഗിച്ചു’’.ഇതെക്കുറിച്ച് ഇ.ഡി പറയുന്നതിങ്ങനെ: ദുബായിൽ കമ്പനി സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. ഈ ദിവസങ്ങളിൽ ഫൈജാസും അവിടെയുണ്ടായിരുന്നു. എന്തുകൊണ്ട് സിം റിയാസിനു നൽകിയെന്ന ചോദ്യത്തോട് ‘തിരിച്ചറിയപ്പെടാതിരിക്കാൻ വേണ്ടിയാകാം’ എന്നു നന്ദുലാൽ മറുപടി നൽകി.
∙പണം കൈപ്പറ്റിയതിന്റെ പട്ടികയും കത്തിനൊപ്പം
സിഎംആർഎലിൽ നിന്ന് 2017 മാർച്ച് മുതൽ ടി.വീണ പണം കൈപ്പറ്റിയതിന്റെ വിശദ വിവരമടങ്ങിയതെന്ന് ഇ.ഡി പരാമർശിക്കുന്ന പട്ടികയും ഡിജിപിക്കു നൽകിയ കത്തിനൊപ്പമുണ്ട്. അതിൽ പറയുന്നതിങ്ങനെ – 2017 മാർച്ച് നാലിനാണ് വീണയുടെ അക്കൗണ്ടിലേക്ക് ആദ്യ തുകയെത്തിയത് – 9 ലക്ഷം.
ആകെ 2,78,01,000 രൂപ (2.78 കോടി) വീണയുടെ ബാങ്ക് അക്കൗണ്ടിലെത്തി. 50 ലക്ഷം രൂപ എക്സാലോജിക്കിന്റെ അക്കൗണ്ടിലും എത്തി. ആകെ 3,28,01,000 രൂപ (3.28 കോടി). ഇതേക്കുറിച്ച് ഇ.ഡി പറയുന്നത്: ‘ഈ തുക കൈക്കൂലി തന്നെയാണ്. വീണയിലൂടെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ കൈക്കൂലി. വീണയുടെ സ്ഥാപനമായ എക്സാലോജിക് സൊല്യൂഷൻസ് ഒരു സേവനവും സിഎംആർഎലിനു നൽകിയിട്ടില്ല. പിണറായി വിജയനുമായുള്ള ബന്ധം കണക്കിലെടുത്താണു വീണയ്ക്കു പണം നൽകിയിരുന്നതെന്ന് സിഎംആർഎൽ മുൻ ചീഫ് ഫിനാൻസ് ഓഫിസർ പി.സുരേഷ്‌കുമാർ വെളിപ്പെടുത്തി’.









