Headlines

‘ഇവിടെ നിന്ന് അയച്ചത് 85 ലക്ഷം’: വീണയുടെ ‘റെഡ് ബുക്കിൽ’ കോടികളുടെ കണക്ക്; ഹവാല ഇടപാടിന് തെളിവെന്ന് ഇ.ഡി

തിരുവനന്തപുരം ∙ സംസ്ഥാന പൊലീസ് മേധാവിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അയച്ച കത്തിനൊപ്പം തെളിവായി അവർ ചേർത്തത് വീണയുടെ പക്കൽനിന്നു കണ്ടെടുത്ത ‘റെഡ് ബുക്കി’ലെ കുറിപ്പുകളും പണത്തിന്റെ കണക്കുകളും. പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി.വീണ, മുൻമന്ത്രിയും ഭർത്താവുമായ പി.എ.മുഹമ്മദ് റിയാസ് എന്നിവർ ഹവാല ഇടപാടിലൂടെ ദുബായിലേക്കു പണമയച്ചതിനെപ്പറ്റിയാണ് ഇവയെന്ന് ഇ.ഡി പറയുന്നു.

ദുബായിലുള്ള വി.പി.ഫൈജാസ് എന്നയാൾക്ക് 2024 സെപ്റ്റംബറിൽ 85 ലക്ഷം രൂപ അയച്ചതായി റെഡ് ബുക്കിന്റെ മൂന്നാം പേജിൽ എഴുതിയിട്ടുള്ളതായി ഇ.ഡി പറയുന്ന കുറിപ്പ്, ദുബായിലേക്ക് പണം കടത്തിയെന്നു സൂചിപ്പിക്കുന്ന വാട്സാപ് ചാറ്റുകൾ എന്നിവ റെയ്ഡുകളിൽ പിടിച്ചെടുത്തതാണെന്നും കത്തിൽ പറയുന്നു. റിയാസുമായുള്ള അടുപ്പത്തെക്കുറിച്ച് ഹവാല ഇടപാടുകാരുടെ മൊഴികൾ ലഭിച്ചെന്നും കത്തിലുണ്ട്.

തിരുവനന്തപുരം ബേക്കറി ജംക്‌ഷനിൽ പിണറായി വിജയനൊപ്പം വീണ താമസിച്ച വാടകവീട്ടിൽ മേയ് 27ന് ഇ.ഡി നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത ‘റെഡ് ബുക്കി’ലാണ് പണമിടപാട് വിവരങ്ങൾ കുറിച്ചിട്ടുള്ളതെന്ന് കത്തിൽ പറയുന്നു. റിയാസിന്റെ പൂർണ അറിവോടെ, അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വഴി 2024 ജൂലൈ മുതൽ 2025 ജൂലൈ വരെയായിരുന്നു ഹവാല ഉൾപ്പെടെയുള്ള പണമിടപാടുകൾ എന്നും കത്തിലുണ്ട്.

പിണറായി വിജയൻ, വീണ, റിയാസ് അടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ട് ഡിജിപിക്ക് ഇ.ഡി നൽകിയ കത്തിൽ പറയുന്നതിങ്ങനെ: ‘2024 ൽ വീണയ്ക്കു സ്വന്തമായി വരുമാനമുണ്ടായിരുന്നില്ല. റിയാസിനൊപ്പം മന്ത്രിഭവനത്തിലായിരുന്നു താമസം. ഡയറിയിൽ രേഖപ്പെടുത്തിയിട്ടുള്ള ഇടപാടുകൾ റിയാസുമായി ബന്ധപ്പെട്ട പണമാണ്. അനധികൃത പണം വിദേശത്തേക്ക് അയയ്ക്കാൻ റിയാസ് നേരിട്ടു നിർദേശം നൽകിയതായി മൊഴികൾ ലഭിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റമാണിത്.’

2024 സെപ്റ്റംബർ 17 എന്ന തീയതിയിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെ: ‘ഇവിടെ നിന്ന് അയച്ചത് 85 ലക്ഷം. ഫൈജാസിനു ലഭിച്ചത് 349K (AED)’. 3,49,000 യുഎഇ ദിർഹം (അന്നത്തെ വിനിമയ നിരക്കിൽ 79.60 ലക്ഷം രൂപ) ഫൈജാസ് കൈപ്പറ്റിയെന്ന ‍‍റെഡ് ബുക്കിലെ കുറിപ്പ് എടുത്തുചേർത്തതിനു താഴെ ഇ.ഡി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു – ‘വലിയ തോതിലുള്ള ഹവാലയോ അനധികൃത പണമിടപാടോ സൂചിപ്പിക്കുന്നതാണിത്’. ഫൈജാസിനെ 10 വർഷമായി പരിചയമുണ്ടെന്ന് വീണ വെളിപ്പെടുത്തിയതായും ഇ.ഡി പറയുന്നു.
വീണയുടെ കയ്യക്ഷരത്തിലുള്ളതെന്ന് ഇ.ഡി പറയുന്ന മറ്റൊരു കുറിപ്പിൽ ഇങ്ങനെ പറയുന്നു: ‘നിഖിൽ – 3 കോടി, വാരിസ് – 1.2 കോടി, ഷൈജൽ – 1+ 3’. ഇതെക്കുറിച്ച് ഇ.ഡി പറയുന്നത് – ‘റിയാസിന്റെ ഉറ്റ സുഹൃത്തുക്കളെന്ന നിലയിൽ നിഖിൽ, വാരിസ്, ഷൈജൽ എന്നിവരെ തനിക്കറിയാമെന്ന് ചോദ്യംചെയ്യലിൽ വീണ വെളിപ്പെടുത്തി. 8.2 കോടിയുടെ ഫണ്ടാണിത്. ഈ തുക കുറിച്ചുവച്ചതിന്റെ വലതുവശത്തായി 20.05 കോടി എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഈ കുറിപ്പുകൾ താൻ തന്നെ എഴുതിയതാണെന്നു വീണ സമ്മതിച്ചെന്നും കഴിഞ്ഞ മാർച്ചിൽ, തിരഞ്ഞെടുപ്പ് പ്രചാരണവേളയിലാണ് ഇതെഴുതിയെന്നും വിദേശത്ത് കമ്പനി സ്ഥാപിക്കാനായിരുന്നു പണമിടപാടെന്നു വീണ വെളിപ്പെടുത്തിയതായും ഇ.ഡി കത്തിൽ പറയുന്നു.

∙ റെഡ് ബുക്കിൽ തെളിവ്: ഇ.ഡി

2024 ൽ 4 തവണ വീണ ദുബായ് സന്ദർശിച്ചെന്നും അവിടെ ബെനാമി കമ്പനി സ്ഥാപിക്കുകയായിരുന്നു ലക്ഷ്യമെന്നും കത്തിൽ ഇ.ഡി പറയുന്നു. ജനുവരി 29, മേയ് 3, ജൂലൈ 2, നവംബർ 28 തീയതികളിൽ നടത്തിയ യാത്രകളെക്കുറിച്ച് ഇ.ഡി പറയുന്നത്– ‘ദുബായിൽ കമ്പനി സ്ഥാപിക്കാൻ വീണ സജീവമായി ഇടപെട്ടിരുന്നുവെന്ന് അവരുടെ ഫോണിലെ വിവരങ്ങൾ തെളിയിക്കുന്നു. വിദേശ പണമിടപാട് സംബന്ധിച്ച് സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പുകൾ പരിശോധിക്കുമ്പോൾ, വീണയുടെ നിരന്തര ദുബായ് യാത്രകൾ അവിടെ ബെനാമി കമ്പനി സ്ഥാപിക്കാൻ ലക്ഷ്യമിട്ടായിരുന്നുവെന്നു വ്യക്തമാണ്. ഇന്ത്യയിൽ നിന്നു സ്വരൂപിച്ച പണം നിക്ഷേപിക്കുകയായിരുന്നു ദുബായിൽ കമ്പനി സ്ഥാപിക്കുന്നതിനു പിന്നിലെ ലക്ഷ്യം.’ ദുബായിലുള്ള വി.പി.ഫൈജാസിന് അയച്ച പണത്തെക്കുറിച്ച് വീണയുടെ പക്കൽ നിന്നു പിടിച്ചെടുത്ത റെഡ് ബുക്കിലുള്ളതായി ഇ.ഡി. പറയുന്ന ഭാഗം.