Headlines

സൗദി സേനാത്താവളം ആക്രമിച്ച് ഹൂതികൾ; യെമനിൽ കൂട്ടപ്പലായനം: ആ 77 കപ്പലുകൾ‍ ഹോർമുസിൽ എത്തിയാൽ പിടിച്ചെടുക്കുമെന്ന് ഇറാൻ

ദുബായ് ∙ യെമൻ അതിർത്തിയിൽ സൗദിയുടെ ഖമീസ് മുഷൈത്ത് വ്യോമത്താവളത്തിനുനേരെ ഹൂതി വിമതർ കനത്ത മിസൈൽ, ഡ്രോൺ ആക്രമണം നടത്തി. യുദ്ധവിമാനങ്ങൾ നിർത്തിയിടുന്ന ഹാങ്ങർ, റഡാർ സംവിധാനം, റൺവേ എന്നിവയ്ക്കു നേരെയായിരുന്നു ആക്രമണം. സൗദിയുടെ പിന്തുണയുള്ള യെമൻ സേനയും ഇറാൻപക്ഷ ഹൂതികളും തമ്മിലുള്ള പോരാട്ടം ചെങ്കടൽ തീരത്തെ യെമൻ പ്രവിശ്യകളിൽ രൂക്ഷമായി തുടരുന്നു. പലായനം ചെയ്ത ജനങ്ങളുടെ എണ്ണം 85,000 കവിഞ്ഞു.ഇതിനിടെ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ യുഎസ് സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പറുമായി കൂടിക്കാഴ്ച നടത്തി. യുദ്ധത്തിൽ യുഎസ് സഹായം സൗദി തേടിയിരുന്നുവെങ്കിലും ഹൂതികൾക്കെതിരെ നേരിട്ടു യുദ്ധത്തിനില്ലെന്ന മറുപടിയാണു ട്രംപ് കഴിഞ്ഞദിവസം നൽകിയത്. അതേസമയം, ഹോർമുസ് കടലിടുക്ക് വിഷയത്തിൽ ഗൾഫ് രാജ്യങ്ങളും ഇറാനുമായി ഇന്നലെ ഒമാനിൽ നടത്താൻ നിശ്ചയിച്ച യോഗം മാറ്റി. പൊതുധാരണ രൂപപ്പെടാത്തതിനാലാണു യോഗം മാറ്റിയതെന്ന് ഒമാൻ അറിയിച്ചു.

ഇതിനിടെ, വിലക്കുപട്ടികയിലുള്ള 77 ചരക്കു കപ്പലുകളുടെ വിവരങ്ങൾ ഇറാൻ പ്രസിദ്ധീകരിച്ചു. ഈ കപ്പലുകൾ വീണ്ടും ഹോർമുസിലെത്തിയാൽ പിടിച്ചെടുക്കുമെന്നു മുന്നറിയിപ്പു നൽകി. ഹോർമുസിനു മുകളിലൂടെ പറന്ന അമേരിക്കയുടെ എംക്യു1 ഡ്രോണുകൾ വെടിവച്ചിട്ടതായി ഇറാൻ റവലൂഷനറി ഗാർഡ് പറഞ്ഞു.

പെട്രോളിയം കയറ്റുമതിക്കായി സൗദി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ചെങ്കടലിലെ ബാബുൽ മൻദിബിന്റെ നിയന്ത്രണം ഹൂതികൾ പിടിക്കുകയും യാൻബു തുറമുഖത്തുനിന്നുള്ള സൗദിയുടെ കയറ്റുമതി നിർത്തിവയ്ക്കുകയും ചെയ്തതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില വർധിച്ചു. ഇന്നലെ മാത്രം 3% വില കൂടിയതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് വില ബാരലിനു 107.54 ഡോളർ വരെയായി.‌ഹോർമുസ് അടഞ്ഞു കിടക്കുന്നതിനാൽ ചെങ്കടലിലെ യാൻബു തുറമുഖം വഴിയാണ് ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലേക്ക് സൗദി എണ്ണ കയറ്റുമതി ചെയ്യുന്നത്. ഇവിടെ അടുത്ത 7 ദിവസം കയറ്റുമതി ചെയ്യാനുള്ള എണ്ണ മാത്രമേ ശേഷിക്കുന്നുള്ളു. പൈപ്പ് ലൈൻ പുനഃസ്ഥാപിച്ചാൽ മാത്രമേ യാൻബുവിലേക്ക് എണ്ണ എത്തിക്കാൻ കഴിയൂ. രണ്ടാഴ്ചയ്ക്കകം അറ്റകുറ്റപ്പണി പൂർത്തിയാക്കുമെന്നാണു സൂചന.