ഷാങ്ഹായ് സഹകരണ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടി നടക്കുന്ന കിർഗിസ്ഥാനിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും തമ്മിൽ കൂടിക്കാഴ്ച നടത്തും
ലോക സമ്പദ്വ്യവസ്ഥയ്ക്കുമേൽ ആശങ്കയുടെ തീപടർത്തി പശ്ചിമേഷ്യ വീണ്ടും യുദ്ധക്കളം. ഇറാന്റെ റോക്കറ്റ് ലോഞ്ചറുകളുള്ള ലാറക് ദ്വീപിൽ യുഎസ് സൈന്യം രാത്രി കനത്ത ആക്രമണം നടത്തി. വൻ സ്ഫോടനങ്ങളുണ്ടായി. നിരവധി പേർ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച ഇറാൻ പ്രതികാരം ചെയ്യുമെന്നും വ്യക്തമാക്കി.
മേഖലയിൽ ഇറാനെ ആക്രമിക്കാൻ യുഎസിനെ സഹായിക്കുന്ന സൈനിക കേന്ദ്രങ്ങളെ മാത്രമല്ല, തന്ത്രപ്രധാന സാമ്പത്തിക മേഖലകളെയും തകർക്കുമെന്നാണ് ഇറാന്റെ ഭീഷണി. ഖത്തറിലെയും ജോർദാനിലെയും യുഎസ് സേനാതാവളങ്ങൾ ഇറാന്റെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർ (ഐആർജിസി) ആക്രമിച്ചെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു; സ്ഥിരീകരണമില്ല.
ഇറാൻ സമ്പദ്വ്യവസ്ഥയുടെ നെടുംതൂണുകളിലൊന്നാണ് ലാറക് ദ്വീപ്. എണ്ണ കയറ്റുമതി കേന്ദ്രം കൂടിയായ‘ലാറക് ദ്വീപിലുള്ള’ തുറമുഖം വഴിയാണ് ഹോർമുസിൽ സമീപകാലത്ത് ഇറാൻ കപ്പലുകളെ കടത്തിവിട്ടിരുന്നത്. ഹോർമുസ് കടലിടുക്കിലെ പതിവ് പാതയിലൂടെ പോകുന്ന കപ്പലുകളെയെല്ലാം തടഞ്ഞ ഐആർജിസി അവയെ ലാറക് ദ്വീപിലെ ‘ടോൾ ബൂത്ത്’ വഴി കടത്തിവിടാനാണ് ശ്രമിച്ചതും.
ഹോർമുസിൽ കപ്പലുകൾക്കുനേരെ റോക്കറ്റുകൾ അയക്കാൻ സജ്ജമായിനിന്ന കേന്ദ്രങ്ങളെയാണ് ലാറക് ദ്വീപിൽ ഉന്നമിട്ടതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വക്താവ് നേവി ക്യാപ്റ്റൻ ടിം ഹോക്കിൻസ് അറിയിച്ചു. ഇറാൻ ഹോർമുസിൽ പാകിയ മൈനുകളെല്ലാം കഴിഞ്ഞയാഴ്ച യുഎസ് സൈന്യം ഒഴിവാക്കിയെന്നും കപ്പലുകൾക്ക് സുരക്ഷിതപാത ഒരുക്കുന്നതിന്റെ ഭാഗമായാണ് ലാറക് ദ്വീപും തകർത്തതെന്നും ഹോക്കിൻസ് പറഞ്ഞു.
ജൂലൈക്ക് ശേഷം ആദ്യമായാണ് പശ്ചിമേഷ്യയിൽ വീണ്ടും ആക്രമണം നടക്കുന്നത്. അതേസമയം, ഹോർമുസിന്റെ സമ്പൂർണ നിയന്ത്രണം ഇപ്പോഴും ഇറാന് തന്നെയാണെന്ന് ഐആർജിസി പ്രതികരിച്ചു. ഇറാന്റെ അനുമതിയില്ലാതെ കപ്പലുകളൊന്നും ഹോർമുസ് കടക്കില്ലെന്നും അവർ പറഞ്ഞു. ഹോർമുസിൽ യുഎസ് യുദ്ധക്കപ്പലിനെയും മുന്നറിയിപ്പ് അവഗണിച്ച മറ്റ് കപ്പലുകളെയും മിസൈലുകളും ഡ്രോണുകളും കൊണ്ട് ആക്രമിച്ചെന്ന് ഐആർജിസി അവകാശപ്പെടുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
കത്തിക്കയറി എണ്ണവില; ബ്രെന്റ് 90ലേക്ക്
ഒരുമാസത്തിന് ശേഷം പശ്ചിമേഷ്യ വീണ്ടും സംഘർഷ ഭൂമിയായതോടെ ക്രൂഡോയിൽ വില കുതിച്ചുകയറ്റം പുനരാരംഭിച്ചു. യുഎസ് ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ബ്രെന്റ് ക്രൂഡ് വില 1.82% ഉയർന്ന് ബാരലിന് 89.70 ഡോളറായി. ഡബ്ല്യുടിഐ ക്രൂഡ് വില 1.68% വർധിച്ച് 84.80 ഡോളറും.
പശ്ചിമേഷ്യയിൽ ഖത്തറിന്റെ ഉൾപ്പെടെ മധ്യസ്ഥതയിൽ പ്രശ്നപരിഹാര ശ്രമങ്ങൾ നടക്കുമ്പോഴാണ് വീണ്ടും ആക്രമണം. എണ്ണവില വർധിക്കുന്നത് ആഗോളതലത്തിൽ വീണ്ടും പണപ്പെരുപ്പപ്പേടി കലുഷിതമാക്കും. പണപ്പെരുപ്പം വെല്ലുവിളിയാണെന്നും പലിശനിരക്ക് കൂട്ടേണ്ടതുണ്ടെന്നും കഴിഞ്ഞയാഴ്ച യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാർഷ് സൂചിപ്പിച്ചിരുന്നു. തൊട്ടുപിന്നാലെ എണ്ണവില കുതിപ്പാരംഭിച്ചത് സ്ഥിതി വഷളാക്കുകയാണ്. എണ്ണവില വർധന ഇന്ത്യയ്ക്കും ആഘാതമാകും. പണപ്പെരുപ്പം ഇന്ത്യയിലും കുതിക്കും. ഓഹരി വിപണി, രൂപ എന്നിവയെയും എണ്ണവില വർധന സമ്മർദത്തിലാക്കും.
നെഞ്ചിടിപ്പേറ്റി ഇന്ന് ജിഡിപിക്കണക്ക്
ഇന്ത്യയുടെ നടപ്പുവർഷത്തെ (2026-27) ആദ്യപാദമായ ഏപ്രിൽ-ജൂണിലെ ജിഡിപി വളർച്ചാക്കണക്ക് ഇന്ന് കേന്ദ്രസർക്കാർ പുറത്തുവിടും. 7 ശതമാനത്തിൽ കുറയാത്ത വളർച്ച ഇന്ത്യ നേടുമെന്നും ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥയെന്ന പട്ടം നിലനിർത്തുമെന്നുമാണ് ഒട്ടുമിക്ക ഏജൻസികളും പറയുന്നത്. പശ്ചിമേഷ്യയിലെ പ്രശ്നവും എണ്ണവില വർധനയും ജിഡിപി വളർച്ചയെ സാരമായി ബാധിച്ചിട്ടില്ലെന്നും അവർ പറയുന്നു.
നീക്കമിട്ട യുഎസ്, വൈകാതെ മറ്റൊരു ബാങ്കിനുകൂടി ഉപരോധം പ്രഖ്യാപിക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് സൂചിപ്പിച്ചു. ചൈനയ്ക്കുമേൽ നിലപാട് കടുപ്പിക്കാനാണ് യുഎസ് ശ്രമിക്കുന്നത്. യുഎസ് വേദിയാകുന്ന ജി20 ഉച്ചകോടിയോട് അനുബന്ധിച്ച് ചൈനീസ് പ്രതിനിധികളുമായി ബെസ്സന്റ് ചർച്ചയും നടത്തും. ഇറാനുമായി വ്യാപാര, വാണിജ്യ ബന്ധം തുടരുന്ന ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്കുമേൽ ഉപരോധം ഏർപ്പെടുത്താനാണ് യുഎസ് ആലോചിക്കുന്നത്.









