പശ്ചിമേഷ്യ വീണ്ടും അശാന്തം; ഇറാനിലെ ലാറക് ദ്വീപിലേക്ക് യുഎസ് ആക്രമണം; ഇറാന്‍ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

 

ടെഹ്‌റാന്‍: പശ്ചിമേഷ്യ വീണ്ടും അശാന്തം. ഒരിടവേളക്ക് ശേഷം ഇറാനിലേക്ക് ആക്രമണം നടത്തി അമേരിക്ക. ലാറക് ദ്വീപിലേക്ക് നടത്തിയ ആക്രമണത്തില്‍ നിരവധി ഇറാന്‍ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടതായി ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. ജൂലൈയില്‍ നടത്തിയ രണ്ടാഴ്ച നീണ്ട ആക്രമണത്തിനു ശേഷം ഇതാദ്യമായാണ് അമേരിക്ക വീണ്ടും ഇറാനെ ആക്രമിക്കുന്നത്.

 

 

അമേരിക്കയ്‌ക്കെതിരെ തിരിച്ചടിച്ച് ഇറാന്‍. ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തില്‍ ഇറാന്‍ ആക്രമണം നടത്തി. ജോര്‍ദാനിലെ രണ്ട് യുഎസ് സൈനിക താവളങ്ങളിലേക്ക് മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്തി. ആക്രമണം നടത്തിയതായി ഐആര്‍ജിസി അറിയിച്ചു. വ്യോമാതിര്‍ത്തിക്ക് മുകളില്‍ വച്ച് എട്ട് മിസൈലുകള്‍ തടഞ്ഞതായി ജോര്‍ദാനും സ്ഥിരീകരിച്ചു.ഹോര്‍മുസ് കടലിടുക്കില്‍ കടല്‍ മൈനുകള്‍ വിന്യസിക്കാന്‍ ലക്ഷ്യമിട്ട് ഇറാന്‍ മൈനുകള്‍ ഉള്ള റോക്കറ്റുകള്‍ വിക്ഷേപിക്കാന്‍ തയാറെടുക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് ലാറക് ദ്വീപിലേക്ക് അമേരിക്ക ആക്രമണം നടത്തിയത്. ലാറക് ദ്വീപിലെ ഇറാന്റെ രണ്ട് മിസൈല്‍ ലോഞ്ചറുകളാണ് യുഎസ് സൈന്യം ആക്രമിച്ചത്. കപ്പല്‍ പാതയില്‍ നിന്ന് കടല്‍ മൈനുകള്‍ നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനം യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കഴിഞ്ഞയാഴ്ച പൂര്‍ത്തിയാക്കിയെന്ന് അവകാശപ്പെട്ടിരുന്നു.

 

അമേരിക്ക ഡ്രോണ്‍ ഉപയോഗിച്ചാണ് ലാറക് ദ്വീപില്‍ ബോംബിട്ടതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനെതിരെ അമേരിക്ക നടത്തുന്ന സാമ്പത്തിക യുദ്ധം പരാജയപ്പെടുമെന്ന് ഇറാന്‍ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. യഥാര്‍ഥ ശത്രുവിനെ തിരിച്ചറിയാനും നേരിടാനും ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി ഇന്നലെ മുസ്ലീം രാഷ്ട്രത്തലവന്മാരോടുള്ള പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചിരുന്നു.