Headlines

എട്ടാം രാത്രിയും യുഎസ് വ്യോമാക്രമണം, തിരിച്ചടിച്ച് ഇറാൻ; സ്ഫോടനവസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെ യുഎസ് സൈനികൻ കൊല്ലപ്പെട്ടു

 

വാഷിങ്ടൻ∙ വടക്കൻ ഇറാഖിൽ തകർന്നുവീണ ഇറാന്റെ ഡ്രോണിലെ സ്ഫോടകവസ്തുക്കൾ നിയന്ത്രിത സ്ഫോടനത്തിലൂടെ നിർവീര്യമാക്കുന്നതിനിടെ യുഎസ് സൈനികൻ കൊല്ലപ്പെട്ടു. യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) ആണ് ഈ വിവരം സ്ഥിരീകരിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. അപകടത്തിൽ പരുക്കേറ്റ മറ്റൊരു യുഎസ് സൈനികൻ ചികിത്സയിലാണ്. ഇതോടെ ഫെബ്രുവരി 28 ന് യുദ്ധം ആരംഭിച്ചതിനുശേഷം കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം 17 ആയി.അതിനിടെ, കാണാതായ യുഎസ് സൈനികരുടേതെന്ന് കരുതപ്പെടുന്ന തിരിച്ചറിയാത്ത മൃതദേഹാവശിഷ്ടങ്ങൾ മറ്റൊരു സ്ഥലത്തുനിന്നു കണ്ടെത്തിയിട്ടുണ്ടെന്നും ഇതു പരിശോധിച്ചുവരികയാണെന്നും യുഎസ് സൈന്യം അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ജോർദാനിൽ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങൾ ബന്ധുക്കളെ അറിയിക്കുന്ന നടപടികൾ പുരോഗമിക്കുന്നതിനാൽ പേരുവിവരങ്ങൾ ഇപ്പോൾ പുറത്തുവിടില്ലെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.ജോർദാനിലെ യുഎസ് സൈനികരുടെ മരണത്തിനു തിരിച്ചടിയായി ഞായറാഴ്ച രാത്രിയും ഇറാനിലെ ഐആർജിസി താവളങ്ങൾക്ക് നേരെ യുഎസ് ശക്തമായ വ്യോമാക്രമണം നടത്തി. തുടർച്ചയായ എട്ടാം രാത്രിയാണ് അമേരിക്ക ഇറാനെതിരെ ആക്രമണം അഴിച്ചുവിടുന്നത്. യുഎസ് താവളങ്ങൾക്ക് നേരെ ഇറാനും ഡ്രോൺ ആക്രമണം നടത്തി. ജോർദാനിലെ അഖബ തുറമുഖ നഗരം ലക്ഷ്യമാക്കി വന്ന ഇറാൻ മിസൈൽ ഇസ്രയേൽ-ജോർദാൻ സഖ്യസേന വെടിവച്ചിട്ടു.

 

മേഖലയിൽ കൂടുതൽ യുഎസ് യുദ്ധവിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതായി ഇസ്രയേൽ സൈനിക വക്താവ് പറഞ്ഞു. ഇത് ഇറാനെതിരെയുള്ള വ്യോമാക്രമണം കൂടുതൽ ശക്തമാക്കുന്നതിന്റെ സൂചനയാണ്. നിലവിൽ ഇസ്രയേൽ നേരിട്ട് ആക്രമണങ്ങളിൽ പങ്കെടുക്കുന്നില്ലെങ്കിലും അമേരിക്കൻ വിമാനങ്ങൾക്ക് വലിയ പിന്തുണയാണ് നൽകുന്നത്. അമേരിക്കൻ ആക്രമണം തുടർന്നാൽ രാജ്യം ഒരിക്കലും മറക്കാത്ത പാഠം പഠിപ്പിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി മുന്നറിയിപ്പ് നൽകിയിരുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ച കരാറുകൾക്ക് യാതൊരു വിലയുമില്ലെന്നും അദ്ദേഹം പറഞ്ഞു.