ഇറാനും യുഎസും തമ്മിലുള്ള യുദ്ധം സമവായത്തിലേക്ക് നീങ്ങുന്നതിനു പകരം കൂടുതൽ വഷളാകുന്നു. ഹോർമുസ് കടലിടുക്കിനെ അമേരിക്കയുടെ ഭാഗമായി (യുഎസ് ടെറിട്ടറി) പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിക്കും. നിലവിൽ യുഎസ് സൈന്യം ഹോർമുസിന്റെ നിയന്ത്രണം പിടിച്ചെടുത്തെന്ന് അവകാശപ്പെടുന്നുണ്ട്.യുദ്ധത്തിൽ ഇറാൻ തോൽക്കുമെന്നും ഹോർമുസ് അമേരിക്കൻ ‘ടെറിട്ടറി’ ആകുമെന്നും യുഎസിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥികളെ അഭിസംബോധന ചെയ്യുമ്പോഴാണ് ട്രംപ് പറഞ്ഞത്. ഹോർമുസിന്റെ പേര് ‘അമേരിക്കൻ കടലിടുക്ക്’ എന്നാക്കുമെന്ന് ട്രംപ് നേരത്തേയും പറഞ്ഞിരുന്നു. ഇറാനെ ഒരിക്കലും ആണവശക്തിയാകാൻ അനുവദിക്കില്ലെന്നും ട്രംപ് ആവർത്തിച്ചു.എന്നാൽ, ട്രംപിന്റേത് അതിമോഹമാണെന്ന് ഇറാൻ പ്രതികരിച്ചു. ഹോർമുസ് കടലിടുക്ക് അന്നും ഇന്നും എന്നും ഇറാന്റെ സ്വന്തമാണെന്നും ഇറാന്റെ അനുമതിയില്ലാതെ ഒരുകപ്പലും ആ വഴി കടക്കില്ലെന്നും യുദ്ധത്തിൽ തോറ്റത് അമേരിക്കയാണെന്നും ഇറാൻ ഡപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഖാരിബാബദി പറഞ്ഞു.
ഹോർമുസ് കടലിടുക്ക് തുറക്കണോ അടയ്ക്കണോ എന്ന് ഇറാൻ തീരുമാനിക്കും. അമേരിക്ക തോൽവി സമ്മതിക്കുന്നതിന് അനുസൃതമായാകും അക്കാര്യത്തിൽ ഇറാന്റെ തീരുമാനമെന്നും കാസിം ഖാരിബാബദി പറഞ്ഞു.
യുദ്ധം ഇനി ‘ബ്രിക്സി’ലേക്ക്; ട്രംപിനെ ചൊടിപ്പിച്ച സഖ്യം
ബ്രസീലും ഇന്ത്യയും ചൈനയും റഷ്യയും ദക്ഷിണാഫ്രിക്കയും ഉൾപ്പെടുന്ന കൂട്ടായ്മയായ ‘ബ്രിക്സി’ലേക്ക് ഇറാൻ-യുഎസ് യുദ്ധം നീങ്ങിയേക്കും. ബ്രിക്സ് ഒരു അമേരിക്കാ വിരുദ്ധ, ഡോളർ വിരുദ്ധ ചേരിയാണെന്ന് ട്രംപ് നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ട്രംപിനെ കൂടുതൽ ചൊടിപ്പിച്ചേക്കാവുന്ന നീക്കമാണിപ്പോൾ ഇറാൻ നടത്തുന്നത്.ബ്രിക്സിൽ നിലവിൽ ഇറാനും യുഎഇയും ഈജിപ്തും അംഗങ്ങളാണ്. ബ്രിക്സ് രൂപീകരിച്ച ‘ന്യൂ ഡവലപ്മെന്റ് ബാങ്കി’ൽ (എൻഡിബി) അംഗമാകാനുള്ള നീക്കമാണ് ഇറാൻ ഇപ്പോൾ നടത്തുന്നത്. അമേരിക്കയുടെ കടുത്ത ഉപരോധംമൂലം പൊറുതിമുട്ടിയ അവസ്ഥയിലാണ് ഇറാൻ. കയറ്റുമതിക്കും വിദേശ കറൻസി ഇടപാടുകൾക്കും അതുകൊണ്ടുതന്നെ തടസ്സമുണ്ട്.
ബ്രിക്സ് ബാങ്കിൽ അംഗമാകുന്നതോടെ പുതിയൊരു പരിരക്ഷ കിട്ടുമെന്ന് ഇറാൻ കരുതുന്നു. അടിസ്ഥാനസൗകര്യ വികസനം, സാമൂഹികക്ഷേമം തുടങ്ങിയ പദ്ധതികൾക്ക് വായ്പ ലഭ്യമാക്കുന്നതാണ് എൻഡിബി. ബാങ്കിന്റെ വായ്പയും ഇറാന് ആശ്വാസമാകും. ഇറാൻ കേന്ദ്രബാങ്കിന്റെ ഗവർണർ അബ്ദുൽ നാസർ ഹെമ്മതി നിലവിൽ ഇന്ത്യയിലുണ്ട്. ബ്രിക്സ് ധനകാര്യ മന്ത്രിമാരുമായുള്ള ചർച്ചയ്ക്കായാണ് ഹെമ്മതി എത്തിയത്.
പെസെഷ്കിയാനും ഇന്ത്യയിലേക്ക്
സെപ്റ്റംബർ 12, 13 തീയതികളിൽ ഇന്ത്യയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ എത്തും. ഇറാൻ പ്രസിഡന്റ് ആയശേഷമുള്ള പെസെഷ്കിയാന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.
ഹോർമുസ് അടഞ്ഞത് ഇന്ത്യയുമായുള്ള ഇറാന്റെ വാണിജ്യ ബന്ധത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ബന്ധം പുനഃസ്ഥാപിക്കുന്നതും ബ്രിക്സ് ബാങ്ക് അംഗത്വവും ഇറാനിൽ ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ചബഹാർ തുറമുഖത്തിന്റെ ഭാവിയും പെസെഷ്കിയാന്റെ ഇന്ത്യാ സന്ദർശനത്തിൽ ചർച്ചയാകും.
അമേരിക്കയുമായുള്ള വെടിനിർത്തൽ ചർച്ചകൾ സംബന്ധിച്ച പുരോഗതിയും ചർച്ചയാകുമെന്നാണ് അറിയുന്നത്. 2024ൽ റഷ്യ വേദിയായ ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പെസെഷ്കിയാനും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇക്കഴിഞ്ഞ ജൂണിൽ മോദി ഫോണിൽ വിളിച്ച് ക്ഷണിച്ചതിനെ തുടർന്നാണ് ഇന്ത്യയിലേക്ക് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പെസെഷ്കിയാൻ എത്തുന്നത്. 2024ൽ ആണ് ഇറാൻ ബ്രിക്സ് അംഗമായത്.









