Headlines

അമൃതാഞ്ജൻ, മാർഗോ, സുലേഖ… കപ്പലോടിച്ചും ബാങ്ക് തുടങ്ങിയും ഇന്ത്യ നേടിയ സ്വാതന്ത്ര്യം; ബ്രിട്ടീഷുകാരെ പറഞ്ഞുവിട്ടത് മുദ്രാവാക്യം വിളിച്ച് മാത്രമല്ല!

‘ഇംഗ്ലിഷുകാരൻ ഒരു സ്‌പോഞ്ചുപോലെയാണു പ്രവർത്തിച്ചത്. ഗംഗയുടെ തീരത്തുനിന്ന് സമ്പത്തു മുഴുവൻ വലിച്ചെടുത്ത്, തെംസിന്റെ തീരത്തു പിഴിഞ്ഞു’. ഇതു പറഞ്ഞത് ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥനായ ജോൺ സള്ളിവനായിരുന്നു. ഒരുകാലത്ത് ലോക സമ്പദ്‌വ്യവസ്ഥയുടെ കാൽഭാഗത്തോളം ഇന്ത്യയുടെ സംഭാവനയായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോലും 23% ആയിരുന്നു ഇന്ത്യയുടെ പങ്കെന്ന് സാമ്പത്തിക ചരിത്രകാരൻമാർ കണക്കുകൂട്ടുന്നു.

യൂറോപ്പിന് ഒപ്പം വരുമായിരുന്നു ഇത്. എന്നാൽ, ബ്രിട്ടിഷുകാർ ഇന്ത്യ വിടുമ്പോഴേക്കും അതു വെറും മൂന്നേ മൂന്നു ശതമാനമായി കുറഞ്ഞിരുന്നു. ഇവിടെനിന്നു വിഭവങ്ങൾ കൊള്ളയടിച്ചാണ് ബ്രിട്ടനിൽ വ്യാവസായിക വിപ്ലവം സാധ്യമാക്കിയത്. ഇന്ത്യൻ ഉൽപാദകർക്കുമേൽ 70-80 ശതമാനം തീരുവ ചുമത്തിയതോടെ പിടിച്ചുനിൽക്കുക അവർക്ക് അസാധ്യമായി. ബ്രിട്ടൻ ലോകമെങ്ങും നടത്തിയ യുദ്ധങ്ങൾക്കു ചെലവിട്ട ധനത്തിന്റെ വലിയ സ്രോതസ്സുകളിലൊന്നും ഇന്ത്യയായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരം കേവലം രാഷ്ട്രീയമായ അധികാര കൈമാറ്റ പോരാട്ടം മാത്രമായിരുന്നില്ല, മറിച്ച് ബ്രിട്ടിഷ് സാമ്പത്തിക ചൂഷണങ്ങൾക്കെതിരെയുള്ള ശക്തമായ ചെറുത്തുനിൽപ്പു കൂടിയായിരുന്നു. വിദേശ ഉൽപ്പന്നങ്ങൾ പൂർണമായി ബഹിഷ്കരിച്ച് തദ്ദേശീയമായി നിർമിച്ച വസ്തുക്കൾ ഉപയോഗിക്കാൻ ആഹ്വാനം ചെയ്ത സ്വദേശി പ്രസ്ഥാനം ഈ പോരാട്ടത്തിലെ ഏറ്റവും മൂർച്ചയേറിയ ആയുധങ്ങളിലൊന്നായി മാറി. ഇത് ഇന്ത്യൻ ജനതയിൽ പുതിയൊരു ദേശീയബോധവും ഉണർവും പകരുകയും, രാജ്യത്ത് പുതിയൊരു സംരംഭകത്വ സംസ്കാരത്തിനു തുടക്കമിടുകയും ചെയ്തു.

ഈ ദേശസ്നേഹ തരംഗത്തിൽനിന്ന് രൂപംകൊണ്ട്, പിന്നീട് നമ്മൾ ദിനംപ്രതി ഉപയോഗിക്കുന്ന ഐതിഹാസിക ബ്രാൻഡുകളായി മാറിയ ചില പ്രസ്ഥാനങ്ങൾ കേവലം വ്യാപാര സ്ഥാപനങ്ങൾ മാത്രമായിരുന്നില്ല; മറിച്ച് ഭാരതീയരുടെ ആത്മാഭിമാനത്തിന്റെയും സ്വാശ്രയത്വത്തിന്റെയും പ്രതീകങ്ങളായിരുന്നു. ബ്രിട്ടിഷ് രാജിനുള്ള ശക്തമായ മറുപടിയും ഇന്ത്യക്കാർക്കും ഇതൊക്കെ സാധ്യമാണ് എന്നതിന്റെ ഉറച്ച പ്രഖ്യാപനവുമായിരുന്നു ഓരോ തദ്ദേശീയ ഉൽപന്നവും.

1. ടിസ്‌കോ

ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ഇരുമ്പുരുക്ക് വ്യവസായശാല വേണമെന്ന സ്വപ്നം കണ്ടത് ജംഷഡ്ജി നുസ്സർവാൻജി ടാറ്റയായിരുന്നു. എന്നാൽ ആ ലക്ഷ്യം യാഥാർഥ്യമാകുന്നതിനു മുൻപ് അദ്ദേഹം അന്തരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ മകനായ സർ ദൊറാബ്ജി ടാറ്റ, പിതാവിന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങൾ ഏറ്റെടുക്കുകയും അതിന്റെ ഫലമായി 1907ൽ ടിസ്കോ (TISCO) സ്ഥാപിക്കുകയും ചെയ്തു. ഘനവ്യവസായ രംഗത്തെ ബ്രിട്ടിഷ് ആധിപത്യത്തോടുള്ള ശക്തമായ വെല്ലുവിളിയായിരുന്നു ഈ സംരംഭം. ഇന്ത്യക്കാർക്കും വൻകിട വ്യവസായങ്ങൾ കെട്ടിപ്പടുക്കാൻ കഴിയുമെന്ന് ടിസ്കോ തെളിയിച്ചു. ഇരുമ്പുരുക്ക് നിർമാണത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിലേക്കുള്ള ആദ്യത്തെ സുപ്രധാന ചുവടുവയ്പായിരുന്നു ഇത്. ‘ടാറ്റാ സ്റ്റീൽ’ എന്നാണ് ഇപ്പോൾ ഈ കമ്പനി അറിയപ്പെടുന്നത്.

2. ഗോദ്റേജ്

ബോംബെയിൽ മോഷണങ്ങൾ പെരുകുന്നതിനെക്കുറിച്ചുള്ള പത്രവാർത്തകൾ ശ്രദ്ധിച്ച അർദേശിർ ഗോദ്റേജിന് പുതിയൊരു ആശയം തോന്നി. ജനങ്ങൾക്ക് പൂർണമായും വിശ്വസിക്കാൻ കഴിയുന്നതും എളുപ്പത്തിൽ തകർക്കാൻ സാധിക്കാത്തതുമായ സുരക്ഷിതമായ പൂട്ടുകൾ ഇന്ത്യയിൽത്തന്നെ നിർമിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. ഇറക്കുമതി ചെയ്തിരുന്ന ബ്രിട്ടിഷ് പൂട്ടുകളേക്കാൾ ഉറപ്പുള്ളതായിരിക്കണം ഇവയെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. അങ്ങനെ 1897ൽ ഗോദ്റേജ് പൂട്ടുകൾ പിറന്നു. ഉറപ്പിന്റെയും വിശ്വസ്തതയുടെയും ഇന്ത്യൻ പര്യായമായി ഈ ബ്രാൻഡ് മാറി. അവിടെക്കൊണ്ടും നിർത്താതെ കമ്പനി സോപ്പുനിർമാണത്തിലേക്കും തിരിഞ്ഞു. മൃഗക്കൊഴുപ്പ് ഉപയോഗിച്ചു നിർമിച്ച വിദേശ സോപ്പുകൾക്ക് ബദലായി സസ്യ എണ്ണയിൽ നിർമിച്ച ഗോദ്‌റെജ് നമ്പർ 1 പോലുള്ള സോപ്പുകൾ അവർ വിപണിയിലിറക്കി.

3. പഞ്ചാബ് നാഷനൽ ബാങ്ക്
ഇന്ത്യയുടെ ത്രിവർണ പതാക ഉയർത്തുന്നതും പ്രദർശിപ്പിക്കുന്നതും ബ്രിട്ടിഷ് ഭരണകൂടം കർശനമായി നിരോധിച്ച ക്വിറ്റിന്ത്യാ സമര കാലം. പതാക വീശുന്നത് അറസ്റ്റിനും ക്രൂരമായ ശിക്ഷകൾക്കും കാരണമായി. വാരാണസിയിയിലെ ‘റാം ഭണ്ഡാർ’ എന്ന പ്രശസ്തമായ മധുരപലഹാരക്കടയുടെ ഉടമയായിരുന്ന മദൻ ഗോപാൽ ഗുപ്തയും സഹ വിപ്ലവകാരികളും ചേർന്ന് ഈ പ്രതിസന്ധിക്ക് പരിഹാരമെന്നോണം ഒരു വഴി കണ്ടെത്തി.

സ്വാതന്ത്ര്യസമര സേനാനികൾക്ക് രഹസ്യ യോഗങ്ങൾ ചേരാനും സന്ദേശങ്ങൾ കൈമാറാനും ഒരു മറ ആവശ്യമായിരുന്നു. കടയിൽ സാധാരണയായി വരുന്ന ഉപഭോക്താക്കൾക്കിടയിൽ സമരസേനാനികൾ ഒത്തുചേരുകയും ഈ ബർഫി വിതരണം ചെയ്തുകൊണ്ട് തങ്ങളുടെ രാജ്യസ്നേഹം നിശ്ശബ്ദമായി പ്രകടിപ്പിക്കുകയും ചെയ്തു.

ഭരണകൂടത്തിന് എളുപ്പത്തിൽ കണ്ടുപിടിക്കാൻ കഴിയാത്ത രീതിയിൽ, ദേശീയപതാകയുടെ വർണങ്ങൾ ആഹാരരൂപത്തിലാക്കി ജനങ്ങളിൽ ദേശീയബോധം ഉണർത്താൻ ഇതിലൂടെ സാധിച്ചു. ആദ്യകാലത്ത് ഇത് രാഷ്ട്രീയ ബർഫി(ദേശീയ ബർഫി) എന്ന പേരിലറിയപ്പെട്ടു. ഇന്ത്യക്കാരുടെ സമര സർഗാത്മകതയുടെയും സ്വാതന്ത്ര്യത്തോടുള്ള പ്രതിബദ്ധതയുടെയും പ്രതീകമായി തിരംഗാ ബർഫി ഇന്നും മധുരതരമായി തുടരുന്നു.

മുദ്രാവാക്യങ്ങൾ മുഴക്കിയും ലാത്തിയടിയേറ്റും തടവറയിൽ കിടന്നും മാത്രമല്ല, നാട്ടുമഷികൊണ്ടെഴുതിയും ദേശീയതയുടെ സുഗന്ധമുള്ള സോപ്പിട്ടു കുളിച്ചും ചെറുത്തുനിൽപ്പിന്റെ മധുരം നുണഞ്ഞും ഇന്ത്യൻ വേദനാസംഹാരി പുരട്ടിയും എതിർപ്പിന്റെ ചാലിലൂടെ കപ്പലോടിച്ചും ആത്മാഭിമാനത്തിന്റെ അക്കൗണ്ടു തുറന്നും ഉരുക്കുറപ്പോടെ ബ്രിട്ടിഷ് സാമ്രാജ്യത്തെ വെല്ലുവിളിച്ചുമാണ് നാം സ്വാതന്ത്ര്യം നേടിയെടുത്തതെന്ന് ഓർമിപ്പിച്ചുകൊണ്ട് ഈ ഉൽപന്നങ്ങളും മഹാപ്രസ്ഥാനങ്ങളും ഇന്നും നമുക്കൊപ്പം യാത്ര തുടരുന്നു.