Headlines

മാസപ്പടി ഡയറി: ഷോണ്‍ ജോര്‍ജ് മൂലം വെട്ടിലായി ബിജെപി നേതാക്കളും; ജനറല്‍ സെക്രട്ടറിമാരുടെ അടിയന്തര യോഗം വിളിച്ച് നേതൃത്വം

തിരുവനന്തപുരം: സിഎംആര്‍എല്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എംഡി എസ് എന്‍ ശശിധരന്‍ കര്‍ത്തയുടെ ഡയറിയിലെ ഭാഗങ്ങള്‍ പുറത്തുവിട്ടതില്‍, ബിജെപി വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജിനെതിരെ പാര്‍ട്ടിയില്‍ അമര്‍ഷം. ഷോണ്‍ ജോര്‍ജിന്റെ ഇടപെടല്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നും ജാഗ്രത പാലിച്ചില്ലെന്നും ഇന്ന് ചേര്‍ന്ന ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. യോഗത്തില്‍ എം ടി രമേശ് കടുത്ത അതൃപ്തി അറിയിച്ചു.

നിലവില്‍ ഉയര്‍ത്തിയ വിഷയം വഴിമാറി പോയെന്ന് ബിജെപി നേതൃത്വം ചൂണ്ടിക്കാട്ടി. ഷോണ്‍ ജോര്‍ജ് നേതാക്കളുമായി ആശയ വിനിമയം നടത്തണമായിരുന്നു എന്ന് രാജീവ് ചന്ദ്രശേഖര്‍ യോഗത്തില്‍ പറഞ്ഞു. മാസപ്പടിയിലെ യഥാര്‍ത്ഥ വിഷയം ജനങ്ങളില്‍ എത്തിക്കാന്‍ ജനറല്‍ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. അതോടൊപ്പം തന്നെ മേഖല പ്രഭാരിമാരുടെ യോഗം വിളിക്കാനും തീരുമാനമായി.
ശശിധരന്‍ കര്‍ത്തയുടെ ഡയറിയിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജനറല്‍ സെക്രട്ടറിമാരുടെ അടിയന്തരയോഗം വിളിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പേരുള്‍പ്പെടുന്ന ഡയറിയിലെ ഭാഗം പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് പുറത്തുവിട്ടതിന് പിന്നാലെ, ബിജെപി നേതാക്കളുടെ പേരുള്‍പ്പെട്ട ഭാഗങ്ങള്‍ പുറത്തായത് ബിജെപിയെ വെട്ടിലാക്കിയിരുന്നു.

ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ മുഖ്യമന്ത്രിയുടെ പേരുമുണ്ടെന്ന് ആരോപിച്ചുകൊണ്ട് ഷോണ്‍ ജോര്‍ജ് ഇന്നലെ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. എന്നാല്‍ അതേ ഡയറിയില്‍ ബിജെപി നേതാക്കളുടെ പേരും അവര്‍ വാങ്ങിയെന്ന് പറയുന്ന തുകയുമുണ്ട് എന്നതാണ് പാര്‍ട്ടിയെ ആകെ വെട്ടിലാക്കിയത്. ഷോണ്‍ ജോര്‍ജിന്റേതെന്ന് എടുത്തുചാട്ടമായിരുന്നു എന്നാണ് പാര്‍ട്ടിക്കുള്ളിലുള്ള വിമര്‍ശനം. ഷോണിന്റെ നടപടിയില്‍ വി മുരളീധരന്‍ വിഭാഗത്തിനും കൃഷ്ണദാസ് പക്ഷത്തിനും കടുത്ത അമര്‍ഷമാണുള്ളത്. വി മുരളീധരന്റെ ഉള്‍പ്പെടെ പേരുകള്‍ ഡയറിയിലുണ്ട് എന്ന വിവരങ്ങളാണ് പിന്നീട് മാധ്യമങ്ങള്‍ പുറത്തുവിട്ടത്.