Headlines

‘കരുണാകരന്റെ മകളെന്ന പരിഗണന എന്നും കൊടുത്തിട്ടുണ്ട്, കോണ്‍ഗ്രസ് ഒന്നും മറന്നില്ല, മറന്നത് അവരാണ്’; പത്മജയ്ക്കതിരെ ഷാഫി പറമ്പില്‍

കോഴിക്കോട്: പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ പറഞ്ഞതും ചെയ്തതും നമ്മുക്ക് മുന്നിലുണ്ടെന്ന് ഷാഫി പറമ്പില്‍ എംപി. ബിജെപി വിട്ട പത്മജയെ സ്വാഗതം ചെയ്യണോ തള്ളണോ എന്നത് എഐസിസി തീരുമാനിക്കുമെന്നും ഷാഫി പറഞ്ഞു. (shafi parambil on padmaja venugopal’s wish to rejoin congress)

ലീഡറുടെ മകള്‍ എന്ന പരിഗണനയും ബഹുമാനവും എന്നും പത്മജയ്ക്ക് കൊടുത്തിട്ടുണ്ടെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ഇക്കാര്യങ്ങളൊന്നും കോണ്‍ഗ്രസ് മറന്നിട്ടില്ല. മറന്നത് അവരാണ്. അത് മറന്ന ശേഷം പറഞ്ഞതും ചെയ്തതുമായ കാര്യങ്ങള്‍ മുന്നിലുണ്ടല്ലോ എന്നും ഷാഫി പറഞ്ഞു. തിരിച്ചെടുക്കണോ വേണ്ടയോ എന്ന് ആര്‍ക്കും ഏകപക്ഷീയമായി പറയാനാകില്ല. ആലോചിക്കാതെയും ചര്‍ച്ച ചെയ്യാതെയും സ്വാഗതം ചെയ്യാനും തള്ളാനുമൊന്നും ആര്‍ക്കും കഴിയുന്ന വിഷയമല്ല ഇതെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.

അതേസമയം ബിജെപിയിലേക്ക് പോയപ്പോള്‍ കെ കരുണാകരനെ പോലും അപമാനിച്ചയാളാണ് പത്മജ വേണുഗോപാല്‍ എന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി വിമര്‍ശിച്ചു. കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുന്നത് ബിജെപിയില്‍ നിന്ന് പ്രതീക്ഷിച്ചത് കിട്ടാത്തവരാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. അതേസമയം പത്മജ വരട്ടേയെന്ന് ശശി തരൂരും തെറ്റ് തിരുത്തി മടങ്ങിയെത്തുന്നവരെ സ്വാഗതം ചെയ്യുന്നതായി ചാണ്ടി ഉമ്മനും പറഞ്ഞു.