കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്തൊരു പതനമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന രാഷ്ട്രീയ നേതാവ് ഏറ്റുവാങ്ങിയത്. ലൈംഗികാരോപണത്തില്‍ ആടിയുലഞ്ഞ രാഹുല്‍ മാങ്കൂട്ടത്തിലിന് പരുക്കേല്‍ക്കാതെ രക്ഷപ്പെടാന്‍ വഴിയൊരുങ്ങിയെങ്കിലും യുവനടിയുടെ ആരോപണ കൊടുങ്കാറ്റില്‍ തകര്‍ന്നുപോയി യുവനേതാവ്. വളരെ പെട്ടെന്ന് വളര്‍ന്നുവന്ന നേതാവായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. കെഎസ്‌യു, എന്‍എസ്‌യു, യൂത്ത് കോണ്‍ഗ്രസ് ജന.സെക്രട്ടറി എന്നീ വഴികളിലൂടെ വന്ന രാഹുല്‍, ചാനല്‍ ചര്‍ച്ചകളിലൂടേയാണ് ശ്രദ്ധേയനായി മാറുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പി ആര്‍ വര്‍ക്കുകള്‍ കൂടി നടത്തി വളരെ പെട്ടെന്നുതന്നെ ശ്രദ്ധേയനായി മാറി.
യൂത്ത് കോണ്‍ഗ്രസ് ജന.സെക്രട്ടറിയായിരിക്കെ ചാനല്‍ ചര്‍ച്ചകളില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചു. ശക്തമായ ഭാഷയും ആരേയും നേരിടാനുള്ള ധൈര്യവും, ഇതെല്ലാം മതിയായിരുന്നു രാഹുലിന് അവസരങ്ങള്‍ ഒരുങ്ങാന്‍. യൂത്ത് കോണ്‍ഗ്രസിന് ശക്തമായൊരു നേതൃത്വം ഉണ്ടെന്ന വിശ്വാസം പൊതുജനങ്ങള്‍ക്കിടയില്‍പോലും ഉണ്ടാക്കിയെടുക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനും മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനും കഴിഞ്ഞു. ഏറെക്കാലത്തിന് ശേഷം സംസ്ഥാന യൂത്തുകോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണയും എല്ലാവിധ സഹായവും രാഹുല്‍ മാങ്കൂട്ടത്തിലിനായിരുന്നു. വാശിയേറിയ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പില്‍ രാഹുല്‍ പക്ഷം വിജയിച്ചു. വ്യാജ തിരിച്ചറയില്‍ കാര്‍ഡുണ്ടാക്കിയാണ് ജയിച്ചതെന്ന് ആരോപണം ഉയര്‍ത്തിയത് യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളായിരുന്നു. എന്നാല്‍ അതൊന്നും രാഹുലിനെ ബാധിച്ചതേയില്ല.
രാഹുല്‍ ഏറെ ശക്തനായി. സര്‍ക്കാരിനെ നിരന്തരമായി വിമര്‍ശിക്കാനും മുഖ്യമന്ത്രിക്കെതിരെവരെ വിമര്‍ശനം അഴിച്ചുവിടാനും രാഹുല്‍ ശക്തനായി. സര്‍ക്കാര്‍ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ അര്‍ധരാത്രിയില്‍ പൊലീസ് അറസ്റ്റു ചെയ്തതും റിമാന്റ് ചെയ്യപ്പെട്ടതും രാഹുലിന് പോരാളിയുടെ പ്രതിച്ഛായയുണ്ടാക്കിക്കൊടുത്തു. ഇതൊക്കെ മതിയായിരുന്നു പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാന്‍.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി പറമ്പില്‍ കെ കെ ശൈലജയെ നേരിടാനുള്ള ദൗത്യവുമായി വടകരയിലേക്ക് വണ്ടികയറുമ്പോള്‍ തന്നെ പാലക്കാട് ആരായിരിക്കും സ്ഥാനാര്‍ത്ഥിയെന്ന് തീരുമാനമായിരുന്നു. കെ മുരളീധരനും, ഡോ പി സരിനും തുടങ്ങി നിരവധി നേതാക്കള്‍ പാലക്കാട് പാര്‍ട്ടിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നിട്ടും ഷാഫി ഒറ്റപ്പേരില്‍ സ്ഥാനാര്‍ത്ഥി പട്ടിക ഒതുക്കി. അത് രാഹുല്‍ മാങ്കൂട്ടത്തിലിന്റേതായിരുന്നു.പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഷാഫിയുടെ പിന്‍ഗാമിയായി രാഹുല്‍ എത്തിയപ്പോള്‍ പാര്‍ട്ടിയില്‍ അസ്വാരസ്യങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ കണ്‍വീനറുമായിരുന്ന ഡോ പി സരിന്‍ കലാപവുമായി എത്തി. പാലക്കാട് സീറ്റില്‍ തനിക്ക് മത്സരിക്കണമെന്ന ആവശ്യം നേതൃത്വത്തിന് മുന്നില്‍ വച്ചു. ഒറ്റപ്പാലത്ത് മത്സരിക്കാന്‍ എത്തുമ്പോള്‍ സരിന് സിവില്‍ സര്‍വീസ് ഉപേക്ഷിച്ചതിന്റെ ചില പരിഗണനകള്‍ ഉണ്ടായിരുന്നു. അവിടെ തോറ്റു, ഇതോടെ സുരക്ഷിതമായൊരു ഇടം അന്വേഷിക്കുകയായിരുന്നു ഡോ സരിന്‍. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയിലിലും ഷാഫിയുടെ പിന്‍ഗാമിയെന്ന നിലയിലും പാലക്കാട് പ്രഥമ പരിഗണന രാഹുല്‍ എന്ന യുവതുര്‍ക്കിക്കായിരുന്നു. വടകരയില്‍ നിന്നും പാര്‍ട്ടി നിര്‍ദേശാനുസരണം തൃശ്ശൂരില്‍ മത്സരിക്കാനിറങ്ങി, ദയനീയമായി പരാജയപ്പെട്ട കെ മുരളീധരനും പാലക്കാട് സീറ്റിനോട് താല്പര്യം ഉണ്ടായിരുന്നു. എന്നാല്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ അടക്കം എല്ലാവരും രാഹുല്‍ മാങ്കൂട്ടത്തിനായി നിലകൊണ്ടു. അങ്ങിനെ എതിര്‍പ്പുകളെയെല്ലാം വെട്ടിമാറ്റി, രാഹുല്‍ സീറ്റ് തരപ്പെടുത്തി. വാശിയേറിയ ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടം തകര്‍പ്പന്‍ വിജയം കൈവരിച്ചു. ഇതോടെ രാഹുല്‍ മാങ്കൂട്ടം വലിയ പ്രതീക്ഷയുള്ള കോണ്‍ഗ്രസ് നേതാവായിമാറുകയായിരുന്നു. എന്നാല്‍ റീല്‍സില്‍ മാത്രമാണ് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തനമെന്നും, ഷാഫിയും രാഹുലും പ്രവര്‍ത്തകരിലേക്ക് ഇറങ്ങണമെന്നും ചില കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു. കാസര്‍കോട് എം പി രാജ് മോഹന്‍ ഉണ്ണിത്താന്‍ പരസ്യമായി ഇവര്‍ക്കെതിരെ രംഗത്തുവന്നു. യൂത്ത് കോണ്‍ഗ്രസ് യോഗങ്ങളിലും ഇത്തരം ആരോപണങ്ങള്‍ വന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ പി വി അന്‍വറുമായി രഹസ്യകൂടിക്കാഴ്ച നടത്തിയതില്‍ വി ഡി സതീശനടക്കം നീരസമുണ്ടായി. പരസ്യമായി രാഹുലിനെ നേതൃത്വം തള്ളി. അപക്വമായ പ്രവര്‍ത്തനമാണ് രാഹുലിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നതെന്ന പ്രതികരണം കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും ഉണ്ടായി. ഇതോടെയാണ് രാഹുലിന്റെ റേറ്റിംഗ് കുറഞ്ഞുതുടങ്ങിയത്. ഉപതിരഞ്ഞെടുപ്പിന് ശേഷം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് പല കോണുകളില്‍ നിന്നും പ്രതികരണങ്ങളുണ്ടായി. യൂത്ത് നേതാക്കളില്‍ പലര്‍ക്കും രാഹുല്‍ മാങ്കൂട്ടത്തിന്റെ ഒറ്റയാന്‍ ശൈലിയോട് താല്പര്യമുണ്ടായിരുന്നില്ല.
ഒരു മാസം മുന്‍പാണ് ഒരു മാധ്യമ പ്രവര്‍ത്തകയുമായി ബന്ധപ്പെട്ട് രാഹുലിനെതിരെ ചില കോണുകളില്‍ നിന്നും ലൈംഗിക ആരോപണം ഉയരുന്നത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയെങ്കിലും കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി ഇതിനെതിരെ രംഗത്തുവന്നു. വളരെ പെട്ടെന്ന് ആരോപണം തണുത്തു, തല്‍ക്കാലം രക്ഷപ്പെട്ടു. എന്നാല്‍ യുവനടി ഉയര്‍ത്തിയ അശ്ലീല മെസേജ് വിവാദം രാഹുലിന്റെ പതനത്തിന് കാരണമായി. യുവനടിയുടെ ആരോപണത്തിന് പിന്നാലെ പ്രവാസി എഴുത്തുകാരിയും രാഹുലിനെതിരെ ആരോപണവുമായി രംഗത്തെത്തി. ഒപ്പം മാധ്യമങ്ങളിലെല്ലാം നേരത്തെ ഉന്നയിക്കപ്പെട്ട ലൈംഗികാരോപണത്തിന്റെ ശബ്ദസന്ദേശവും എത്തി. സൗഹൃദം നടിച്ച് പല യുവതികളോടും ലൈംഗിക ചുവയോടെ ചാറ്റ് ചെയ്തുവെന്നായിരുന്നു ആരോപണം. എ ഐ സി സി നേതൃത്വത്തിനടക്കം ലഭിച്ച പരാതികളും ഇതോടെ ചര്‍ച്ചയായി. കോണ്‍ഗ്രസ് നേതാക്കളെല്ലാം ഒറ്റയടിക്ക് രാഹുലിനെ കൈയ്യോഴിയുകയയായിരുന്നു. ഇതോടെ ഗത്യന്തരമില്ലാതെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ ഒഴിഞ്ഞു. ഇതോടെ തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷന്‍ പിന്തുണ നഷ്ടപ്പെട്ട സാഹചര്യത്തില്‍ എല്ലാം വിട്ടൊഴിയേണ്ടിവരികയായിരുന്നു. എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി ബിജെപിയും സി പി എമ്മും രംഗത്തുണ്ട്. തല്‍ക്കാലം എം എല്‍ എ സ്ഥാനം രാജിവെക്കില്ലെന്നാണ് രാഹുല്‍ പറയുന്നത്. എം എല്‍ എ സ്ഥാനം രാജിവെക്കുന്നത് കോണ്‍ഗ്രസിനും ക്ഷീണം ചെയ്യും.
അടുത്ത തിരഞ്ഞെടുപ്പില്‍ ഏത് വിധേനയും അധികാരം പിടിക്കാനായി കച്ചകെട്ടിയിറങ്ങിയിരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന് രാഹുല്‍ വലിയ തലവേദനയായി മാറിയിരിക്കയാണ്. തദ്ദേശ തിരഞ്ഞെടുപ്പും അസംബ്ലി തിരഞ്ഞെടുപ്പും അടുത്തുവന്നിരിക്കെ രാഹുല്‍ ഉണ്ടാക്കിയ ഡാമേജില്‍ നിന്നും എങ്ങിനെ മറികടക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച ചെയ്യുന്നത്. വീണുകിട്ടിയ ആയുധം കൃത്യമായി ഉപയോഗിക്കാനുള്ള നീക്കത്തിലാണ് സിപിഐഎം. നേരത്തെ പെരുമ്പാവൂര്‍ എം എല്‍ എയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായിരുന്ന എല്‍ദോസ് കുന്നപ്പള്ളി ഒരു സ്ത്രീ പീഡന പരാതിയില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതിരോധത്തിലായിരുന്നു.