Headlines

പൊന്മുടി ഹൈവേയോട് ചേർന്ന കാട്ടരുവി മുറിച്ച് കടന്ന് കാട്ടാനകളും കുട്ടിയും; കൗതുകത്തിനൊപ്പം ആശങ്കയും

വിതുര ∙ പൊന്മുടി സംസ്ഥാന ഹൈവേയിൽ കാട്ടരുവി മുറിച്ച് കടന്ന് ഉൾക്കാട്ടിലേക്ക് പോകുന്ന കാട്ടാനകളും കുട്ടിയാനയും സമൂഹ മാധ്യമങ്ങളിൽ വൈറൽ. പൊന്മുടി ഹൈവേയിൽ ഒന്നാം ഹെയർ പിൻ വളവിനു സമീപം ആയിരുന്നു സംഭവം. ഹൈവേയിൽ ഇറങ്ങിയ കാട്ടാനകൾ റോഡിൽ അൽപ നേരം തമ്പടിച്ച ശേഷം സംരക്ഷണ ഭിത്തി താണ്ടി കാട്ടരുവി മുറിച്ച് കടന്ന് ഉൾക്കാട്ടിലേക്ക് പോകുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെ ആയിരുന്നു സംഭവം. പൊന്മുടിയിലേക്ക് നിന്നും വിനോദ സഞ്ചാരികൾ അടക്കം മടങ്ങുന്ന സമയത്ത് ആയിരുന്നു സംഭവം.

വൈറലായ വിഡിയോയിൽ രണ്ട് കാട്ടാനകളും ഒരു കുട്ടിയാനയുമാണ് ഉണ്ടായിരുന്നത്. ഇവയ്ക്കു മുന്നേ മറ്റൊരു കൊമ്പനം അരുവി താണ്ടി വന മേഖലയിലേക്ക് പോയി. പൊന്മുടി സന്ദർശനത്തിനെത്തിയ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ജൈത്രൻ തോട്ടത്തിൽ ആണ് ദൃശ്യം പകർത്തിയത്.

10 മിനിറ്റോളം റോഡരികിൽ തമ്പടിച്ച ശേഷമാണ് കാട്ടാനകൾ ഉൾക്കാട്ടിലേക്ക് പോയത്. ഇതുവഴി പോയ സഞ്ചാരികളിൽ ചിലർക്ക് ഇതൊരു കൗതുകക്കാഴ്ചയായിരുന്നെങ്കിലും നേരിയ തോതിൽ ആശങ്കയും ഉണ്ടായിരുന്നു. ഹൈവേയിൽ കാട്ടാന ഇറങ്ങുന്ന സംഭവം പതിവായിരിക്കുകയാണ്. 4 ദിവസങ്ങൾക്ക് മുൻപ് ഹൈവേയിലെ മൂന്നാം വളവിൽ രാത്രി ഏറെ നേരെ ഒറ്റയാൻ തമ്പടിച്ചിരുന്നു. മൊട്ടമൂടിനു സമീപത്തെ വനം വകുപ്പിന്റെ താൽക്കാലിക ഷെഡ് ഈയിടെ കാട്ടാന തകർത്തിരുന്നു. ഇവിടെ നിന്നും ഏറെ അകലെയല്ലാതെ കല്ലാർ– മൊട്ടമൂട് റോഡിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന അച്ഛനെയും മകളെയും കാട്ടാന ആക്രമിച്ചിട്ട് അധിക നാൾ ആയിട്ടില്ല.