Headlines

കപ്പലുകൾക്കുനേരെ ഹോർമുസിൽ വീണ്ടും ഇറാൻ ആക്രമണം; ആക്രമിക്കപ്പെട്ടത് യുഎഇ കപ്പലുകൾ, മുന്നറിയിപ്പ് നൽകി യുഎസ്

ദുബായ് ∙ അബുദാബി നാഷനൽ ഓയിൽ കമ്പനിയുടെ (അഡ്നോക്) 2 കപ്പലുകൾക്കു നേരെ ഹോർമുസിൽ ആക്രമണം. ആർക്കും പരുക്കില്ല. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയുണ്ടായ ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. മറ്റു 2 കപ്പലുകൾ കൂടി ആക്രമിക്കപ്പെട്ടതായി യുകെ മാരിടൈം ഏജൻസി അറിയിച്ചു. ഇറാന്റെ അനുവാദമില്ലാതെ ഹോർമുസ് കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ ആക്രമിക്കുമെന്ന് റവലൂഷനറി ഗാർഡ് ആവർത്തിച്ചു. ഇറാനെതിരായ നാവിക ഉപരോധം അനിശ്ചിത കാലത്തേക്കു തുടരുമെന്ന് യുഎസും തിരിച്ചടിച്ചു. ഒരു രാജ്യവും ഇന്നേവരെ കണ്ടിട്ടില്ലാത്ത മട്ടിലുള്ള ഉപരോധമായിരിക്കും നേരിടേണ്ടിവരികയെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് മുന്നറിയിപ്പ് നൽകി. ജിസിസി ജനറൽ സെക്രട്ടറി, ഗൾഫ് രാജ്യങ്ങൾ, പശ്ചിമേഷ്യയിലെ അയൽ രാജ്യങ്ങൾ എന്നിവർ ആക്രമണത്തെ അപലപിച്ചു.ചെങ്കടലിൽ ഹൂതികളുടെ ആക്രമണത്തെ ചെറുക്കാൻ സൗദി രൂപംനൽകിയ സംയുക്ത സമുദ്ര സംരക്ഷണ സേനയിൽ 39 രാജ്യങ്ങൾ കൂടി പങ്കാളികളാകും. മൾട്ടി നാഷനൽ മാരിടൈം ഡിഫൻസ് സംഘത്തിന്റെ ആലോചനാ യോഗത്തിൽ ഈ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു. ഇതിനോടകം 15 രാജ്യങ്ങൾ സംയുക്ത നാവിക പ്രഖ്യാപനത്തിൽ ഒപ്പുവച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങൾ വൈകാതെ ഒപ്പിടുമെന്നു സൗദി അറിയിച്ചു. ബാബ് അൽ മൻദബ്, ഏദൻ കടലിടുക്ക്, ചെങ്കടൽ എന്നിവിടങ്ങളിലെ വെല്ലുവിളി നേരിടാനും സ്വതന്ത്ര സമുദ്രപാത ഉറപ്പാക്കാനുമാണു സംയുക്ത നാവികസേന രൂപീകരിച്ചത്.