Headlines

എൺപതാം സ്വാതന്ത്ര്യദിന നിറവിൽ രാജ്യം; പ്രധാനമന്ത്രിയുടെ അഭിസംബോധന അൽപസമയത്തിനകം

ന്യൂഡൽഹി/തിരുവനന്തപുരം∙ രാജ്യം ഇന്ന് എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പതാക ഉയർത്തും. അൽപസമയത്തിനുള്ളിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകും.സ്വാതന്ത്ര്യദിനാഘോഷത്തിനെ തുടർന്ന് രാജ്യത്ത് കനത്ത സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്. ദേശീയഗീതത്തിന്റെ 150ാം വാർഷികം ആഘോഷിക്കുന്ന ഇക്കൊല്ലം ആദ്യമായി സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ വന്ദേമാതരം ആലപിക്കും.ചെങ്കോട്ടയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സ്വീകരിക്കും. തുടർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തും. തുടർന്ന് വ്യോമസേന ഹെലികോപ്റ്ററുകളിലെ പുഷ്പവൃഷ്ടിക്കുശേഷം എൻസിസി കേഡറ്റുകൾ വന്ദേമാതരവും തുടർന്ന് ദേശീയഗാനവും ആലപിക്കും. ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ അയ്യായിരത്തോളം പ്രത്യേക അതിഥികൾ പങ്കെടുക്കുമെന്നാണ് വിവരം.