രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരള പൊലീസ് അക്കാദമി. പൊലീസ് അക്കാദമി പരേഡ് ഗ്രൗണ്ടിൽ നടന്ന മഹത്തായ സ്വാതന്ത്ര്യദിന പരേഡിൽ, അക്കാദമി ഡയറക്ടർ ഐ.ജി.പി.കെ. സേതുരാമൻ ഐ.പി.എസ് മുഖ്യാതിഥിയായി ദേശീയ പതാക ഉയർത്തി. ജനസേവനത്തിനും രാഷ്ട്രനിർമ്മാണത്തിനുമുള്ള സമർപ്പണമനോഭാവത്തിൻ്റെ പ്രാധാന്യം പ്രതിപാദിക്കുന്ന സ്വാതന്ത്ര്യദിന സന്ദേശം നൽകി.
12 പ്ലാറ്റൂണുകൾ അണിനിരന്ന പരേഡിൽ എസ്.ഐ. കേഡറ്റ് സുബോദ് പരേഡ് കമാൻഡറായും എസ്.ഐ. കേഡറ്റ് നിസാമുദ്ദീൻ സെക്കൻഡ്-ഇൻ-കമാൻഡായും മുഖ്യാതിഥിയെ അഭിവാദ്യം ചെയ്തു. കോരി ചൊരിയുന്ന മഴയെ വകവയ്ക്കാതെയാണ് പരേഡ് നടന്നത്. 79-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്ത് വിപുലമായ ആഘോഷമാണ് നടന്നത്. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയപതാക ഉയർത്തി. മതവിദ്വേഷമില്ലാത്ത ഇന്ത്യ യാഥാർഥ്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യദിനസന്ദേശത്തിൽ പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷങ്ങളെ മുൻനിർത്തി രാജ്യതലസ്ഥാനം അതീവ സുരക്ഷാ വലയത്തിലായിരുന്നു. സുരക്ഷയുടെ ഭാഗമായി ഇരുപതിനായിരത്തോളം പൊലീസ്, അർദ്ധസൈനിക ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.