79-ാം സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. 1947ല്‍ സ്വാതന്ത്ര്യം വീണ്ടെടുത്ത ശേഷം നാം ജനാധിപത്യത്തിന്റെ പാതത്തില്‍ സഞ്ചരിച്ചുവെന്നും നമ്മള്‍ ഇന്ത്യക്കാര്‍ നമ്മുടെ ഭാവി നിര്‍ണയിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു. ഭരണഘടനയും ജനാധിപത്യവുമാണ് നമ്മുക്ക് എല്ലാത്തിനേക്കാളും വലുത്. അത്യുത്സാഹത്തോടെയാണ് നാം സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം മുതലായവ കൊണ്ടാടുന്നത്. ഇത്തരം ആഘോഷദിനങ്ങള്‍ അഭിമാനമുള്ള ഇന്ത്യക്കാരെന്ന നമ്മുടെ സ്വത്വത്തെ ഓര്‍മിപ്പിക്കുകയും ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു
നമ്മുടെ ഭരണഘടന ഉള്‍ക്കൊള്ളുന്ന ജനാധിപത്യത്തിന്റെ നാല് മൂല്യങ്ങള്‍ രാഷ്ട്രപതി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ഊഈന്നിപ്പറഞ്ഞു. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങള്‍ സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ കാലഘട്ടത്തില്‍ നാം വീണ്ടെടുത്ത് പരിപാലിച്ചുപോരുന്നുവെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. രാജ്യം ഇപ്പോള്‍ ആത്മവിശ്വാസത്തോടെ സ്വയം പര്യാപ്തതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യം ജനാധിപത്യത്തിന്റെ മാതാവാണെന്നും എല്ലാവര്‍ക്കും തുല്യനീതിയും തുല്യമായ അവസരങ്ങള്‍ ഉറപ്പാക്കണമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
നമ്മുടെ രാജ്യം ഇപ്പോള്‍ സ്വയം പര്യാപ്തതയുടെ പാതയിലെന്ന് രാഷ്ട്രപതി വ്യക്തമാക്കി. 6.5 ശതമാനം ജിഡിപി വളര്‍ച്ച നേടാന്‍ നമ്മുക്ക് സാധിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രധാന സാമ്പത്തിക ശക്തിയാകാന്‍ നമ്മുക്ക് സാധിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍, ശുഭാംശു ശുക്ലയുടെ ബഹിരാകാശയാത്ര മുതലായവ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പരാമര്‍ശിച്ച രാഷ്ട്രപതി വിഭജനത്തിന്റെ നാളുകള്‍ മറന്നുപോകരുതെന്നും കൂട്ടിച്ചേര്‍ത്തു.