നീരജിന് അഭിനന്ദനപ്രവാഹം: രാജ്യം ആഹ്ലാദത്തിലെന്ന് രാഷ്ട്രപതി; ചരിത്ര നേട്ടമെന്ന് പ്രധാനമന്ത്രി

ടോക്യോ ഒളിമ്പിക്‌സ് ജാവലിൻ ത്രോയിൽ സ്വർണമെഡൽ നേടിയ നീരജ് ചോപ്രയ്ക്ക് അഭിനന്ദന പ്രവാഹം. നീരജിന്റെ നേട്ടം യുവാക്കൾക്ക് വലിയ പ്രചോദനമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. തടസ്സങ്ങൾ തകർത്ത് രാജ്യത്തിനായി ചരിത്രം സൃഷ്ടിച്ചു. പങ്കെടുത്ത ആദ്യ ഒളിമ്പിക്‌സിൽ തന്നെ അത്‌ലറ്റിക്‌സിൽ ഇന്ത്യയുടെ സ്വർണമെഡൽ സ്വന്തമാക്കി. രാജ്യം വലിയ ആഹ്ലാദത്തിലാണെന്നും രാഷ്ട്രപതി പറഞ്ഞു

നീരജിന്റേത് ചരിത്ര നേട്ടമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. രാജ്യത്തിനായി സ്വർണ മെഡൽ സമ്മാനിച്ച നീരജിന്റെ പ്രകടനം എക്കാലവും ഓർക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നീരജിനെ ഒളിമ്പിക്‌സ് സ്വർണ മെഡൽ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്തുകൊണ്ടായിരുന്നു അഭിനവ് ബിന്ദ്രയുടെ ട്വീറ്റ്. രാജ്യത്തിന്റെ സ്വപ്‌നം നീരജ് യാഥാർഥ്യമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. നീരജിന്റെ നേട്ടത്തോടെ ഇന്ത്യ കൂടുതൽ തിളങ്ങുകയാണെന്ന് സച്ചിൻ തെൻഡുൽക്കർ ട്വീറ്റ് ചെയ്തു.