രാജ്യത്തെ കൊവിഡ് വാക്‌സിനേഷൻ 50 കോടി കടന്നു; ചരിത്ര നേട്ടമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

 

രാജ്യത്ത് ഇതുവരെ 50 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ട്വിറ്റർ വഴിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു

വാക്‌സിനേഷനിൽ രാജ്യം 50 കോടി കടന്നിരിക്കുന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ. ആരോഗ്യ പ്രവർത്തകർക്ക് നന്ദിയെന്നും ട്വീറ്റിൽ കുറിച്ചു. രാജ്യത്ത് ആദ്യ പത്ത് കോടി ഡോസ് 85 ദിവസം കൊണ്ടാണ് നൽകിയത്. 10-20 കോടിയിൽ എത്താൽ 45 ദിവസം വേണ്ടി വന്നു

20-30 കോടിയിലെത്തിയത് 29 ദിവസം കൊണ്ടാണ്. 30-40 കോടി 24 ദിവസം കൊണ്ടും 50 കോടിയിലേക്ക് 20 ദിവസം കൊണ്ടും എത്തിച്ചേർന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു 18-44 വയസ്സിനിടയിലുള്ള 22,93,781 പേർക്ക് ആദ്യ ഡോസും 4,32,281 പേർക്ക് രണ്ടാം ഡോസും നൽകി.