മലയാളികളുടെ സ്വന്തം ബേസില്‍ തമ്പി മൂന്ന് വിക്കറ്റുമായി തിളങ്ങിയിട്ടും ഡല്‍ഹിക്കെതിരെ മുംബൈക്ക് തോല്‍വി. നാല് വിക്കറ്റിനാണ് ഡല്‍ഹി മുംബൈയെ തകര്‍ത്തത്. 72 ന് അഞ്ച് എന്നനിലയില്‍ തകര്‍ന്നടിഞ്ഞ ഡല്‍ഹിയെ വാലറ്റത്ത് ലളിത് യാദവും അക്സര്‍ പട്ടേലും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് തകര്‍പ്പന്‍ വിജയത്തിലെത്തിച്ചത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ലളിത് യാദവും അക്സര്‍ പട്ടേലും ഒരോവറും നാല് പന്തും ശേഷിക്കെ ഡല്‍ഹിയെ വിജയതീരത്തെത്തിച്ചു. ലളിത് യാദവ് 38 പന്തില്‍ രണ്ട് സിക്സറുകളുടേയും നാല് ഫോറുകളുടേയും അകമ്പടിയില്‍ 48 റണ്‍സെടുത്തപ്പോള്‍ അക്സര്‍ പട്ടേല്‍ മൂന്ന് സിക്സുകളുടെ അകമ്പടിയില്‍ 387 റണ്‍സെടുത്തു.
മലയാളി താരം ബേസില്‍ തമ്പി നാലോവറില്‍ 35 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. 38 റണ്‍സെടുത്ത് അര്‍ധ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ഓപ്പണര്‍ പൃഥ്വി ഷായുടേതടക്കം നിര്‍ണായകമായ മൂന്ന് വിക്കറ്റുകളാണ് ബേസില്‍ വീഴ്ത്തിയത്.
ആദ്യം ബാറ്റ് ചെയ്ത മുംബൈ അര്‍ധസെഞ്ചറി നേടിയ ഇഷാന്‍ കിഷന്‍റെ മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തു. ഇഷാൻ കിഷന്‍ 48 പന്തിൽ രണ്ട് സിക്‌സറുകളുടേയും 11 ഫോറുകളുടേയും അകമ്പടിയിൽ 81 റൺസെടുത്ത് പുറത്താവാതെ നിന്നു.
ക്യാപ്റ്റൻ രോഹിത് ശർമ 41 റൺസെടുത്തു. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്ന് 67 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് മുംബൈക്കായി പടുത്തുയര്‍ത്തിയത്. തിലക് വർമ 22 റൺസെടുത്തപ്പോൾ ടിം ഡേവിഡ് 12 റൺസെടുത്ത് പുറത്തായി. കീറോൺ പൊള്ളാർഡ് മൂന്ന് റൺസും അൻമോൽപ്രീത് സിങ് എട്ട് റൺസുമെടുത്ത് പുറത്തായി.
ഡൽഹിക്കായി കുൽദീപ് യാദവ് നാലോവറിൽ 18 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. രോഹിത് ശർമയുടേയും പൊള്ളാർഡിന്റേയും അൻമോൽപ്രീത് സിങ്ങിന്റേയും വിക്കറ്റുകൾ കുൽദീപിനാണ്. ഖലീൽ അഹ്മദ് നാലോവറിൽ 27 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.