ബൗളർമാർ തിളങ്ങി; മുംബൈക്ക് ആദ്യ ജയം

ഐ.പി.എല്‍ 13ാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തോല്‍വിയോടെ തുടക്കം. മുംബൈ ഇന്ത്യന്‍സിനെതിരെ നടന്ന മത്സരത്തില്‍ 49 റണ്‍സിനാണ് കൊല്‍ക്കത്ത അടിയറവു പറഞ്ഞത്. മുംബൈ മുന്നോട്ടുവെച്ച 196 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്തയ്ക്ക് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. ജസ്പ്രീത് ബുംറ ഫോമിലേക്ക് തിരിച്ചെത്തിയത് മുംബൈയ്ക്ക് നേട്ടമായി.

ബോളിംഗിലെ വീഴ്ച ബാറ്റിംഗില്‍ തീര്‍ത്ത് പാറ്റ് കമ്മിന്‍സ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോററായി. നാല് സിക്‌സറുകളുടെ അകമ്പടിയില്‍ കമ്മിന്‍സ് 12 ബോളില്‍ നിന്ന് 33 റണ്‍സ് അടിച്ചെടുത്തു. കൊല്‍ക്കത്തയ്ക്കായി നായകന്‍ ദിനേസ് കാര്‍ത്തിക് 30 റണ്‍സ് നേടി. നിതീഷ് റാണ (24) മോര്‍ഗന്‍ (16) റസല്‍ (11) ശുഭ്മാന്‍ ഗില്‍ (7) നരെയ്ന്‍ (9) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. മുംബൈയ്ക്കായി ബുംറ ബോള്‍ട്ട് പാറ്റിന്‍സണ്‍ രാഹുല്‍ ചഹാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. പൊള്ളാര്‍ഡ് ഒരു വിക്കറ്റ് വീഴ്ത്തി.

 

അബുദാബി ഷെയ്ഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത മുംബൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. നായകന്‍ രോഹിത് ശര്‍മ്മയുടെ അര്‍ദ്ധ സെഞ്ച്വറിയാണ് മുംബൈയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മികച്ച ഫോമിലായിരുന്ന രോഹിത് 54 ബോളില്‍ 80 റണ്‍സെടുത്തു. ഇതിനിടയില്‍ ഐ.പി.എല്ലില്‍ 200 സിക്‌സ് എന്ന നാഴികകല്ലും രോഹിത് പിന്നിട്ടു. ആറ് സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്.

സൂര്യകുമാര്‍ യാദവ് 28 ബോളില്‍ 47 റണ്ണെടുത്തു. ഒരു സിക്‌സും ആറ് ഫോറും അടങ്ങുന്നതായിരുന്നു സൂര്യകുമാറിന്റെ ഇന്നിംഗ്‌സ്. രോഹിത്തും-സൂര്യകുമാര്‍ കൂട്ടിക്കെട്ടിന്റെ 90 റണ്‍സ് കൂട്ടുകെട്ടാണ് മുംബൈ ഇന്ത്യന്‍സിന് അടിത്തറ പാകിയത്. സൗരഭ് തിവാരി 21 ഉം ഹര്‍ദ്ദിക് പാണ്ഡ്യ 18 ഉം റണ്‍സെടുത്ത് പുറത്തായി.

കോടികള്‍ എറിഞ്ഞ് കൊല്‍ക്കത്ത ടീമിലെത്തിച്ച പാറ്റ് കമ്മിന്‍സ് യാതൊരു മടിയും കൂടാതെ റണ്‍സ് വഴങ്ങുന്ന കാഴ്ചയാണ് കാണാനായത്. ഒരു സമയത്തും മുംബൈ ബാറ്റിംഗ് നിരയ്ക്ക് കമ്മിന്‍സ് ഭീഷണിയായില്ല. മൂന്നോവറില്‍ 49 റണ്‍സാണ് താരം വഴങ്ങിയത്. ശിവം മാവി രണ്ടും സുനില്‍ നരെയ്ന്‍, റസല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ശിവം മാവി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മൂന്നോവര്‍ എറിഞ്ഞ മലയാളി താരം സന്ദീപ് വാര്യര്‍ക്ക് വിക്കറ്റൊന്നും നേടാനായില്ല.