രോഹിത് ശര്‍മ മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് മികച്ച സ്കോര്‍

അബുദാബി: ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് മികച്ച സ്കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തു. 54 പന്തില്‍ 90 റണ്‍സെടുത്ത രോഹിത് ആണ് മുംബൈയുടെ ടോപ് സ്കോറര്‍.

കൊല്‍ക്കത്തക്കായി ആദ്യ ഓവര്‍ എറിയാനെത്തിയത് മലയാളി താരം സന്ദീപ് വാര്യരായിരുന്നു. ആദ്യ അഞ്ച് പന്തില്‍ ഒറു റണ്‍സ് മാത്രം വഴങ്ങിയ സന്ദീപ് നല്ല തുടക്കമിട്ടെങ്കിലും ആറാം പന്ത് വൈഡായി. വീണ്ടുമെറിഞ്ഞ പന്തില്‍ പോയന്റിന് മുകളിലൂടെ സിക്സിന് പറത്തിയാണ് രോഹിത് തുടങ്ങിയത്. രണ്ടാം ഓവറില്‍ ക്വിന്റണ്‍ ഡീകോക്കിനെ(1) വീഴ്ത്തി ശിവം മാവി മുംബൈയെ ഞെട്ടിച്ചെങ്കിലും സന്ദീപ് വാര്യര്‍ എറിഞ്ഞ മൂന്നാം ഓവറില്‍ മൂന്ന് ബൗണ്ടറിയടിച്ച് സൂര്യകുമാര്‍ യാദവ് മുംബൈയുടെ റണ്‍വേട്ടക്ക് തുടക്കമിട്ടു.

 

ഐപിഎല്ലിലെ വിലകൂടിയ താരമായ പാറ്റ് കമിന്‍സിന്റെ ആദ്യ ഓവറില്‍ രണ്ട് സിക്സര്‍ പറത്തിയാണ് രോഹിത്ത് അടി തുടങ്ങിയത്. സൂര്യകുമാര്‍ യാദവും രോഹിത്തിനൊപ്പം ചേര്‍ന്നതോടെ മുംബൈ സ്കോര്‍ കുതിച്ചു. ആറോവറില്‍ 59 റണ്‍സിലെത്തി മുംബൈ. സുനില്‍ നരെയ്നെ രണ്ട് ബൗണ്ടറിയടിച്ച് സൂര്യകുമാര്‍ യാദവ് വരവേറ്റപ്പോള്‍ ആന്ദ്രെ റസലിനെതിരെ സിക്സറും ബൗണ്ടറിയും പറത്തി രോഹിത് കരുത്തുകാട്ടി. പതിനൊന്നാം ഓവറില്‍ 28 പന്തില്‍ 47 റണ്‍സടിച്ച സൂര്യകുമാര്‍ യാദവ് രണ്ടാം റണ്ണിനായി ഓടി റണ്ണൗട്ടാവുമ്പോള്‍ മുംബൈ സ്കോര്‍ 99ല്‍ എത്തിയിരുന്നു.

 

പിന്നീടെത്തിയ സൗരഭ് തിവാരിയും രോഹിതിന് മികച്ച പിന്തുണ നല്‍കി. ഇടക്കൊന്ന് കുറഞ്ഞ റണ്‍നിരക്ക് കുല്‍ദീപ് യാദവിനെതിരെ രണ്ട് സിക്സറടിച്ച് രോഹിത് വീണ്ടും ടോപ് ഗിയറിലാക്കി. ഇതോടെ രോഹിത് ഐപിഎല്ലില്‍ 200 സിക്സ് തികക്കുന്ന നാലാമത്തെ ബാറ്റ്സ്മാനായി.

 

സുനില്‍ നരെയ്ന്റെ പന്തില്‍ സൗരഭ് തിവാരി പുറത്തായശേഷം ഹര്‍ദ്ദിക് പാണ്ഡ്യയാണ് ക്രീസിലെത്തിയത്. പാറ്റ് കമിന്‍സിനെതിരെ തുടര്‍ച്ചയായി ബൗണ്ടറി പറത്തി പാണ്ഡ്യയും റണ്‍വേട്ട തുടങ്ങി. അവസാന ഓവറില്‍ റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തില്‍ രോഹിത് ശിവം മാവിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. മൂന്ന് ഫോറും ആറ് സിക്സറും അടക്കം 54 പന്തിലാണ് രോഹിത് 80 റണ്‍സടിച്ചത്. ആന്ദ്രെ റസലെറിഞ്ഞ പത്തൊമ്പതാം ഓവറില്‍ ഹര്‍ദ്ദിക് പാണ്ഡ്യ(13 പന്തില്‍ 18) ഹിറ്റ് വിക്കറ്റായി പുറത്തായി. അവസാന നാലോവറില്‍ വലിയ സ്കോര്‍ നേടാനാവാതിരുന്ന മുംബൈക്ക് 47 റണ്‍സെ നേടാനായുള്ളു. ഏഴ് പന്തില്‍ 13 റണ്‍സുമായി പൊള്ളാര്‍ഡും മൂന്ന് പന്തില്‍ ഒരു റണ്ണുമായി ക്രുനാല്‍ പാണ്ഡ്യയും പുറത്താകാതെ നിന്നു.

 

കൊല്‍ക്കത്തക്കായി ശിവം മാവി നാലോവറില്‍ 32 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍ സുനില്‍ നരെയ്ന്‍ നാലോവറില്‍ 22 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ഐപിഎല്ലിലെ വിലകൂടി താരമായ പാറ്റ് കമിന്‍സ് മൂന്നോവറില്‍ 49 റണ്‍സ് വഴങ്ങി നിരാശപ്പെടുത്തി. കുല്‍ദീപ് യാദവ് നാലോവറില്‍ 39 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ മലയാളി താരം സന്ദീപ് വാര്യര്‍ മൂന്നോവറില്‍ 34 റണ്‍സ് വഴങ്ങി.