ഞാൻ ആരാധിക്കുന്ന താരങ്ങൾ; ഏറ്റവും മികച്ച അഞ്ച് ബാറ്റ്‌സ്മാൻമാരെ തെരഞ്ഞെടുത്ത് രോഹിത്

തനിക്കിഷ്ടപ്പെട്ട ഏറ്റവും മികച്ച അഞ്ച് താരങ്ങളെ തെരഞ്ഞെടുത്ത് രോഹിത് ശർമ. ഇൻസ്റ്റഗ്രാമിൽ ഹർഭജൻ സിംഗുമായി നടത്തിയ ലൈവ് ചാറ്റിനിടെയാണ് രോഹിത് തന്റെ ഇഷ്ടതാരങ്ങളെ തെരഞ്ഞെടുത്തത്.

സച്ചിൻ തെൻഡുൽക്കർ, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, വി വി എസ് ലക്ഷ്മൺ, വീരേന്ദർ സേവാഗ് എന്നിവരെയാണ് രോഹിത് തെരഞ്ഞെടുത്തത്. ക്രിക്കറ്റ് കണ്ട് വളരുമ്പോൾ സജീവമായിരുന്ന താരങ്ങളെയാണ് തന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഹിറ്റ്മാൻ പറയുന്നു

സച്ചിന്റെ പ്രകടനങ്ങൾ കണ്ടാണ് വളർന്നത്. പിന്നാലെ മറ്റ് താരങ്ങളെയും പിന്തുടരാൻ ആരംഭിച്ചു. 2002 ഇംഗ്ലണ്ട് പര്യടനത്തിൽ രാഹുൽ ദ്രാവിഡ് നേടിയ സെഞ്ച്വറികൾ അദ്ദേഹത്തിന്റെ ആരാധകനാക്കി. ബൗളർമാരുടെ ആത്മവിശ്വാസം കെടുത്തുന്ന ബാറ്റ്‌സ്മാനായിരുന്നു വീരേന്ദർ സേവാഗ്. ഗാംഗുലി, ലക്ഷ്മൺ എന്നിവരുമാണ് എന്റെ ഹീറോസ് എന്നും രോഹിത് പറഞ്ഞു

വരും വർഷങ്ങളിൽ മൂന്ന് ലോകകപ്പുകളിൽ രണ്ടെണ്ണമെങ്കിലും സ്വന്തമാക്കണമെന്ന് രോഹിത് പറഞ്ഞു. ഈ വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പ്, അടുത്ത വർഷം ഇന്ത്യ വേദിയാകുന്ന ടി20 ലോകകപ്പ്, 2023 ഏകദിന ലോകകപ്പ് എന്നിവയെക്കുറിച്ചാണ് രോഹിത് സംസാരിച്ചത്.