ഈ വർഷം നടക്കാനിരുന്ന ടി-20 ലോകകപ്പ് രണ്ട് വർഷത്തേക് മാറ്റിവച്ചതായി റിപ്പോർട്ട്. വരുന്ന ഒക്ടോബറിൽ നടക്കേണ്ടിയിരുന ലോകകപ്പ് 2022ലേക്ക് മാറ്റിവച്ചു എന്നാണ് പുറത്തുവരുന്ന വിവരം. കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തിൽ ഒക്ടോബറിൽ ലോകകപ്പ് നടക്കാൻ സാധ്യതയില്ല. അടുത്ത വർഷം നടത്താൻ ഐസിസി കലണ്ടറിൽ സ്ഥലമില്ല. അതിനാൽ 2022ൽ നടത്താൻ തീരുമാനിച്ചു എന്നാണ് റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
അതേ സമയം, ഐപിഎൽ ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിൽ നടന്നേക്കുമെന്ന് ബിസിസിഐ പ്രതിനിധി അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. ഒക്ടോബറിൽ നടക്കാനിരുന്ന ടി-20 ലോകകപ്പ് മാറ്റിവച്ചാൽ ആ മാസങ്ങളിൽ ഏറെ രാജ്യാന്തര മത്സരങ്ങൾ ഉണ്ടാവില്ല. അങ്ങനെയെങ്കിൽ ആ മാസങ്ങളിൽ ഐപിഎൽ നടത്താൻ സാധിച്ചേക്കും. ഓസ്ട്രേലിയയിൽ 6 മാസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതു കൊണ്ട് തന്നെ ലോകകപ്പ് നടക്കാനുള്ള സാധ്യത വളരെ വിരളമാണ്. അത് ഉപയോഗപ്പെടുത്തി ഐപിഎൽ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾ അണിയറയിൽ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഒക്ടോബറിൽ ഓസ്ട്രേലിയയിലെ ലോക്ക് ഡൗൺ അവസാനിക്കുമെങ്കിലും ഐസിസി ലോകകപ്പ് മാറ്റിവക്കാൻ തീരുമാനിച്ചാൽ ആ സമയം ഉപയോഗപ്പെടുത്താനാവും എന്ന് ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഐപിഎല്ലിൻ്റെയും ലോകകപ്പിൻ്റെയും ഭാവിയെപ്പറ്റി ഔദ്യോഗിക പ്രതികരണങ്ങൾ ഉണ്ടായിട്ടില്ല.
വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലോക വ്യാപകമായി ഫുട്ബോൾ ലീഗുകളും ഒളിമ്പിക്സുമടക്കമുള്ള കായിക ഇവൻ്റുകൾ മാറ്റിവച്ചിരുന്നു. ഐപിഎൽ മാറ്റിവക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനിടെയാണ് പുതിയ സംഭവ വികാസങ്ങൾ.