അമേരിക്കയിൽ ഒരു ദിവസം 1808 മരണം; ലോകമെമ്പാടുമായി 17 ലക്ഷം കൊവിഡ് രോഗികൾ

കൊവിഡ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 1,08,770 ആയി ഉയർന്നു. അമേരിക്കയിലാണ് നിലവിൽ സ്ഥിതി ഏറ്റവും ഗുരുതരം. കഴിഞ്ഞ ഒരു ദിവസത്തിനിടെ 1808 പേരാണ് അമേരിക്കയിൽ മരിച്ചത്. ലോകത്തെമ്പാടുമായി കൊവിഡ് രോഗികളുടെ എണ്ണം 17 ലക്ഷം പിന്നിട്ടു.

അമേരിക്കയിൽ ഇരുപതിനായിരത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇറ്റലിയിൽ മരണം 19,468 ആയി. ഫ്രാൻസിലും ബ്രിട്ടനിലും കഴിഞ്ഞ 24 മണിക്കൂറിനിടെ ആയിരത്തിലധികം പേർ വീതം മരിച്ചു. ലോകത്ത് ആകെ മരണത്തിന്റെ പകുതിയിലധികം പേരും അമേരിക്ക, ഇറ്റലി, സ്‌പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നാണ്.

ന്യൂയോർക്ക് നഗരത്തിൽ മാത്രം 7800 ലേറെ പേർ മരിച്ചിട്ടുണ്ട്. 1.7 ലക്ഷം രോഗികളാണ് നഗരത്തിലുള്ളത്. അമേരിക്കയിൽ അമ്പതിനായിരത്തിന് മുകളിൽ ആളുകൾ മരിച്ചേക്കുമെന്നായിരുന്നു പ്രസിഡന്റ് ട്രംപ് പറഞ്ഞത്.