കൊവിഡ് 19 ബാധിച്ച് ഇറ്റലിയിൽ മരിച്ചത് 100 ഡോക്ടർമാരെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. ഇറ്റലിയിൽ രോഗം വ്യാപകമായി പടർന്നുപിടിച്ചതിന് പിന്നാലെ പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ട 100 ഡോക്ടർമാർ മരിച്ചതായി എഫ്.എൻ.ഒ.എംസി ഹെൽത്ത് അസോസിയേഷനാണ് സ്ഥിരീകരിച്ചത്. സർവീസിൽ നിന്ന് വിരമിച്ചവരും ഇതിലുൾപ്പെടുന്നുണ്ട്.
കൊവിഡ് വ്യാപകമായ സാഹചര്യത്തിൽ സർവീസിൽ നിന്ന് വിരമിച്ചവരെയും പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാർ തിരിച്ചു വിളിച്ചിരുന്നു. 100 ഡോക്ടർമാർക്ക് പുറമെ 30 നഴ്‌സുമാരും കൊവിഡ് ബാധിച്ച് മരിച്ചതായാണ് റിപ്പോർട്ട്.
അതേസമയം ആവശ്യമായ സംരക്ഷണം പോലുമില്ലാതെ ഇനിയും ഡോക്ടർമാരെ പോരാട്ടത്തിന് അയക്കേണ്ടി വരുമെന്ന് എഫ്.എൻ.ഒ.എം.സി പ്രസിഡന്റ് ഫിലിപ്പോ അനേലി പറയുന്നു. ഇറ്റലിയിൽ രോഗം ബാധിച്ചവരിൽ 10 ശതമാനം പേരും ആരോഗ്യപ്രവർത്തകരാണ്. രാജ്യത്ത് മാത്രം കൊവിഡ് ബാധിച്ച് പതിനെട്ടായിരത്തിന് മുകളിൽ ആളുകളാണ് മരിച്ചത്.