അശാന്തിയുടെ ദിനങ്ങള്‍; ഇസ്രയേല്‍-അമേരിക്ക സംയുക്ത സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട് ഒരാഴ്ച

ഇസ്രയേല്‍-അമേരിക്ക സംയുക്ത സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട് ഇന്ന് ഒരാഴ്ച. യുദ്ധം ഒരാഴ്ച പിന്നിടുമ്പോഴും മധ്യപൂര്‍വ്വേഷ്യ അശാന്തിയുടെ പിടിയിലാണ്. ഒരുവശത്ത് ഇസ്രയേലും അമേരിക്കയും ഇറാനെതിരെ മിസൈല്‍ വര്‍ഷം നടത്തുമ്പോള്‍, ഹോര്‍മുസ് കടലിടുക്ക് അടച്ചും ജിസിസി രാജ്യങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയും പ്രത്യാക്രമണം തുടരുകയാണ് ഇറാന്‍.

ഫെബ്രുവരി 28ന് പുലര്‍ച്ചെ ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി എന്ന പേരില്‍ അമേരിക്കയും ലയണ്‍സ് റോര്‍ എന്ന പേരില്‍ ഇസ്രയേലും ഇറാനില്‍ സംയുക്താക്രമണം നടത്തുകയായിരുന്നു. യുദ്ധത്തിന്റെ ആദ്യ ദിനം തന്നെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ വധിച്ചു. ഖമനയി താമസിച്ചിരുന്ന കൊട്ടാരത്തിലേക്ക് ബങ്കര്‍ ബസ്റ്റര്‍ മിസൈലുകള്‍ അടക്കം പ്രയോഗിച്ച ആക്രമണത്തില്‍ ഖമനയിയുടെ കുടുംബാംഗങ്ങളടക്കം കൊല്ലപ്പെട്ടു.വൈകാതെ ഇറാന്റെ പ്രത്യാക്രമണമുണ്ടായി. ഇസ്രയേലിന് പുറമെ ജിസിസി രാജ്യങ്ങളിലേക്കും അറബ് രാജ്യങ്ങളിലേക്കും ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ഇവിടങ്ങളിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. പിന്നാലെ മേഖലയിലെ രാജ്യങ്ങളെല്ലാം വ്യോമപാത അടച്ചു. ജിസിസി രാജ്യങ്ങളിലെ വിമാനത്താവളങ്ങള്‍ അടച്ചതോടെ പതിനായിരക്കണക്കിന് യാത്രക്കാര്‍ പെരുവഴിയിലായി. ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ ഭീഷണിയെ തുടര്‍ന്ന് ക്രൂഡ്, എല്‍എന്‍ജി നീക്കവും നിശ്ചലമായി.

അമേരിക്കന്‍ മിസൈല്‍ ആക്രമണത്തില്‍ മിനാബിലെ പ്രൈമറി സ്‌കൂളിലെ 165 കുട്ടികളുടെ മരണം തീരാനോവായി. അതിനിടെ ശ്രീലങ്കക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അമേരിക്കന്‍ ആക്രമണത്തില്‍ ഇറാന്‍ കപ്പല്‍ തകര്‍ന്ന് 87 നാവികര്‍ മരിച്ചത് സംഘര്‍ഷത്തിന്റെ ആഴം വര്‍ധിപ്പിച്ചു. ഇറാനെ പൂര്‍ണമായും ആണവമുക്തമാക്കുമെന്നും അതുവരെ ആക്രമണം തുടരുമെന്നുമാണ് ട്രംപിന്റെ നിലപാട്. യുദ്ധം ഒരാഴ്ച പിന്നിട്ടതോടെ ഇറാനില്‍ മാത്രം മരണം ആയിരം പിന്നിട്ടിരിക്കുകയാണ്.