ന്യൂയോര്‍ക്കില്‍ 24 മണിക്കൂറിനുള്ളില്‍ 783 പേര്‍ മരിച്ചു: ഗവര്‍ണ്ണര്‍

കൊവിഡ്-19 ന്യൂയോക്ക് സംസ്ഥാനത്തുടനീളം 24 മണിക്കൂറിനുള്ളില്‍ 783 പേരുടെ ജീവന്‍ അപഹരിച്ചതായി ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ ക്യൂമോ ശനിയാഴ്ച പറഞ്ഞു. ഞെട്ടിപ്പിക്കുന്നതാണ് ഈ സംഖ്യ. എന്നിരുന്നാലും, ആശുപത്രികളില്‍ വെന്റിലേറ്ററുകളുടെ ഉപയോഗം കുറഞ്ഞുവരുന്നതായും, അതൊരു നല്ല സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ചയായിരുന്നു എക്കാലത്തേയും ഉയര്‍ന്ന മരണനിരക്ക്. 799 പേരാണ് ന്യൂയോര്‍ക്കില്‍ മരണപ്പെട്ടത്.

പകര്‍ച്ചവ്യാധി പിടിപെട്ടവര്‍ക്ക് ശ്വസനസഹായിയായ വെന്‍റിലേറ്ററുകളുടെ ആവശ്യം കുറഞ്ഞു വരുന്നുണ്ട്. അതായത് രോഗികളുടെ എണ്ണം കുറയാന്‍ തുടങ്ങിയിട്ടുണ്ട് എന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. ഇന്‍‌ട്യൂബേഷനുകള്‍ അത്ര സുഖമുള്ള കാര്യമല്ല, ഇപ്പോള്‍ കുറച്ചു പേരെ മാത്രമേ ഇന്‍‌ട്യുബേറ്റ് ചെയ്യുന്നുള്ളൂ എന്നതു തന്നെ ഒരു നല്ല സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂയോര്‍ക്കിന്റെ ആവശ്യങ്ങളോട് പെട്ടെന്ന് പ്രതികരിച്ച് എല്ലാ സഹായങ്ങളും നല്‍കിയ പ്രസിഡന്‍റ് ട്രംപിനെ ക്യൂമോ പ്രശംസിച്ചു. രാജ്യവും സംസ്ഥാനങ്ങളും സമ്പദ്‌വ്യവസ്ഥയുടെ ഭൂരിഭാഗവും അടച്ചുപൂട്ടുന്ന സാഹചര്യത്തില്‍, രാഷ്ട്രീയം മാറ്റി നിര്‍ത്തണമെന്നും ഗവര്‍ണ്ണര്‍ അഭ്യര്‍ത്ഥിച്ചു.

ഭാവിയിലെ കൊറോണ വൈറസ് ഉത്തേജക പദ്ധതികളില്‍ ഫെഡറല്‍ ഗവണ്‍മെന്‍റില്‍ നിന്ന് മികച്ച സഹായങ്ങള്‍ ഏറ്റവും പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന ന്യൂയോര്‍ക്കിന് ലഭിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. പഴയപോലെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ ന്യൂയോര്‍ക്കുകാര്‍ വെമ്പല്‍ കൊള്ളുകയാണെന്ന് ഗവര്‍ണ്ണര്‍ സമ്മതിച്ചു. പക്ഷേ വൈറസിന്‍റെ പ്രവചനാതീതത മൂലം തീരുമാനമെടുക്കുന്നത് അസാധ്യമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വൈറസിന്റെ ഒന്നാം ഘട്ടത്തിലെ രോഗബാധയും മരണങ്ങളും കണക്കിലെടുത്ത്, രണ്ടാം ഘട്ടത്തെ കുറച്ചു കാണുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് പാന്‍ഡെമിക് പിന്‍‌വാങ്ങുന്നുവെന്നതിന്റെ സൂചനയാണ് മരണങ്ങളെന്നും, ആശുപത്രിയില്‍ പ്രവേശിക്കുന്നതും തീവ്രപരിചരണ സംഖ്യകള്‍ സ്ഥിരമോ കുറയുന്നതോ ആകുന്നതും, വരും ദിവസങ്ങളില്‍ മരണങ്ങളും കുറയാന്‍ തുടങ്ങുമെന്നതിന്റെ അടയാളമാണെന്ന് പൊതുജനാരോഗ്യ വിദഗ്ധര്‍ പറയുന്നു.

ഒരു അള്‍ത്താര ബാലനായിരുന്ന തന്‍റെ ബാല്യകാലത്തെ അനുസ്മരിച്ച ക്യൂമോ, പള്ളിയില്‍ പോകാതെ ക്രിസ്ത്യാനികള്‍ക്ക് ഈസ്റ്റര്‍ ആഘോഷിക്കുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് മനസ്സിലാകുന്നുണ്ടെന്നും പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ ഇപ്പോഴത്തെ സാഹചര്യം നാം ഗൗരവമായി കണ്ടേ പറ്റൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.