കോണ്‍ഗ്രസ്സുമായി ഇടഞ്ഞ് തദ്ദേശ തിരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജഷീര്‍ പള്ളിവയലിനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടിയുടെ ശ്രമം.ജഷീർ പള്ളിവയലിന്റെ വിമത സ്ഥാനാർത്ഥിത്വത്തിൽ ഇന്ന് പരിഹാരം ഉണ്ടാകുമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷ്.
ജഷീർ എല്ലാ കാലത്തും പാർട്ടിക്കൊപ്പം സഞ്ചരിച്ചിട്ടുള്ള ആളാണ്. ജഷീറിന്റെ പ്രശ്നത്തിൽ ഇന്ന് രമ്യമായ ഒരു പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ജഷീർ ഉയർത്തിയ പ്രശ്നം പാർട്ടി ഗൗരവത്തോടെയാണ് കാണുന്നത്. പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന നിലപാട് ജഷീർ കൈക്കൊള്ളില്ല. സംസ്ഥാനത്ത് നിരവധി യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് മത്സരിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. എന്നാലും അത് പൂർണ്ണമല്ലെന്നും ജനീഷ് വ്യക്തമാക്കി.
ജഷീറിന് പറയാനുള്ളതെല്ലാം കേട്ടു. ഇപ്പോള്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സമയമല്ലെന്നും ജനീഷ് കൂട്ടിച്ചേര്‍ത്തു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വയനാട് കോണ്‍ഗ്രസ്സിലുണ്ടായ സീറ്റുതര്‍ക്കങ്ങളാണ് വിമതനായി മത്സരിക്കാന്‍ ജഷീറിനെ പ്രേരിപ്പിച്ചത്.
തോമാട്ടുചാലില്‍ തന്നെ മത്സരിപ്പിക്കുമെന്നായിരുന്നു ജഷീറിന്റെ പ്രതീക്ഷ. എന്നാല്‍, സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നപ്പോള്‍ ജഷീറിന്റെ പേരുണ്ടായിരുന്നില്ല. ഇതാണ് പ്രകോപനത്തിന് ഇടയാക്കിയത്. തോമാട്ടുചാല്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് മത്സരിക്കുന്ന ജഷീര്‍ കഴിഞ്ഞ ദിവസമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.






