കൊവിഡ്-19: ലോകാരോഗ്യ സംഘടന ഇന്ത്യയെ പ്രശംസിച്ചു

കൊറോണ വൈറസ് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്നതിനിടയില്‍ അതിന്റെ വ്യാപനം തടയുന്നതിനുള്ള ഫലപ്രദമായ നടപടി ഇന്ത്യ തുടരണമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

കൊറോണയുടെ വ്യാപനം തടയാന്‍ ഇന്ത്യ സ്വീകരിച്ച നടപടികളെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍ ജെ. റയാന്‍ പറഞ്ഞത്, ചൈനയെപ്പോലെ ജനസാന്ദ്രത കൂടുതലുള്ള രാജ്യമാണ് ഇന്ത്യയെന്നും ജനസാന്ദ്രത കൂടുതലുള്ള രാജ്യങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്നും അത്രത്തോളം കൊറോണ വൈറസിന്റെ വ്യാപനം നിര്‍ണ്ണയിക്കപ്പെടുമെന്നുമാണ്. പൊതുജനാരോഗ്യ തലത്തില്‍ ഇന്ത്യ കര്‍ശനമായ നടപടി തുടരേണ്ടത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

സൈലന്റ് കില്ലര്‍ എന്ന് വിളിക്കപ്പെടുന്ന രണ്ട് ഗുരുതരമായ രോഗങ്ങളെ (സ്മോള്‍ പോക്സ്, പോളിയോ) ഉന്മൂലനം ചെയ്യുന്നതില്‍ ഇന്ത്യ ലോകത്തെ നയിച്ചതായി അദ്ദേഹം പറഞ്ഞു. ഇന്ത്യക്ക് വളരെയധികം സാധ്യതകളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊറോണയുടെ ഭീകരത കണക്കിലെടുത്ത് ആഗോള സമാധാനം കാണണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ലോകം മുഴുവന്‍ ആഹ്വാനം ചെയ്തു. അദ്ദേഹം പറഞ്ഞു, ‘ലോകത്തിന്റെ എല്ലാ കോണുകളിലും അടിയന്തര ആഗോള വെടിനിര്‍ത്തലിന് ഞാന്‍ ആഹ്വാനം ചെയ്യുന്നു. നമ്മുടെ ജീവിതത്തിന്റെ യഥാര്‍ത്ഥ പോരാട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്, ശത്രുത ഉപേക്ഷിച്ച് പരസ്പര വിശ്വാസം ആര്‍ജ്ജിക്കണം.

അതേസമയം, ലോകം മുഴുവന്‍ പടര്‍ന്നുപിടിച്ച കൊവിഡ്-19 ഇതുവരെ 16,000 ത്തിലധികം ആളുകള്‍ക്ക് ജീവഹാനി വരുത്തി. 3.6 ലക്ഷത്തിലധികം ആളുകള്‍ക്ക് രോഗബാധയുണ്ടായി.

ഇറ്റലിയില്‍ മാത്രം 6,077 പേരാണ് മരിച്ചത്. അമേരിക്കയില്‍ 400 ലധികം പേര്‍ മരിച്ചു. ഓരോ രാജ്യത്തും ഈ മരണസംഖ്യ അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിലെ 190 രാജ്യങ്ങളെ കൊറോണ ബാധിച്ചിട്ടുണ്ട്. ചൈനയില്‍ 3,270 പേര്‍ മരിച്ചു.