കേരളം മുഴുവൻ ലോക്ക് ഡൗൺ, സംസ്ഥാന അതിർത്തികൾ അടക്കും; ഇന്ന് 28 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 28 പേർക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇതോടെ കേരളമാകെ ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു

സംസ്ഥാന അതിർത്തികൾ അടച്ചിടും. കെ എസ് ആർ ടി സി, സ്വകാര്യ ബസുകൾ ഉൾപ്പെടെ പൊതുഗതാഗത സംവിധാനങ്ങളൊന്നും തന്നെ പ്രവർത്തിക്കില്ല. അത്യാവശ്യത്തിന് മാത്രം സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാം. ആളുകൾ പുറത്തേക്കിറങ്ങുന്നത് വിലക്കിയിട്ടുണ്ട്. നിർദേശം ലംഘിച്ച് പുറത്തിറങ്ങിയാൽ അറസ്റ്റും കനത്ത പിഴയും ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

കാസർകോട് ജില്ലയിൽ ഇന്ന് മാത്രം 19 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. കണ്ണൂരിൽ അഞ്ച് പേർക്കും പത്തനംതിട്ട ജില്ലയിൽ ഒരാൾക്കും എറണാകുളത്ത് രണ്ട് പേർക്കും തൃശ്ശൂരിൽ ഒരാൾക്കും ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരിൽ ചികിത്സയിലുണ്ടായിരുന്ന ഒരാൾ രോഗവിമുക്തി നേടി ആശുപത്രി വിട്ടു. സംസ്ഥാനത്താകെ 95 പേർക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.