Headlines

സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു

സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. 2027 ഫെബ്രുവരി 9 വരെ ജസ്റ്റിസ് സൂര്യകാന്ത് പദവിയിൽ തുടരും. ഹരിയാനയിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ വ്യക്തി കൂടിയാണ് ജസ്റ്റിസ് സൂര്യകാന്ത്. ഹരിയാനയിലെ സാധാരണ ഗ്രാമീണ പശ്ചാത്തലത്തിൽ നിന്ന് സുപ്രീംകോടതിയുടെ ഉന്നത പദവിയിലേക്ക് എത്തുന്ന 63-കാരനായ ജസ്റ്റിസ് സൂര്യകാന്ത് നിരവധി സുപ്രധാന വിധിന്യായങ്ങളുടെ ഭാഗമായിരുന്നു.

ഹരിയാനയിലെ ഹിസാർ ജില്ലയിലെ പെറ്റ്വാർ ഗ്രാമത്തിൽ ജനിച്ച ജസ്റ്റിസ് സൂര്യകാന്ത് ഹിസാറിലെ ജില്ലാ കോടതികളിലാണ് പ്രാക്ടീസ് ആരംഭിച്ചത്. തുടർന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് മാറിയ സൂര്യകാന്ത്, 2000 ജൂലൈയിൽ, 38-ാം വയസ്സിൽ ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറലായി നിയമിതനായി. 2004 ൽ 42-ാം വയസ്സിൽ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായ സൂര്യകാന്ത് 14 വർഷത്തോളം ആ പദവിയിൽ തുടർന്നു. 2018ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിതനായ സൂര്യകാന്ത് 2019ലാണ് സുപ്രീം കോടതിയിലേക്ക് നിയമിക്കപ്പെട്ടത്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി ശരിവെച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലും ഇലക്ടറൽ ബോണ്ട്, പെഗാസസ് ചാര സോഫ്റ്റ് വെയർ തുടങ്ങിയ നിർണ്ണായക വിഷയങ്ങളിലെ വിധിന്യായങ്ങളുടെ ബെഞ്ചിലും ജസ്റ്റിസ് സൂര്യകാന്ത് പ്രവർത്തിച്ചു. പ്രതിരോധസേനകൾക്കായുള്ള വൺ റാങ്ക് വൺ പെൻഷൻ പദ്ധതി ശരിവച്ചതും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളിൽ സ്വമേധയാ കേസ്സെടുത്ത് നടപടി ആരംഭിച്ചതും ജസ്റ്റിസ് സൂര്യകാന്ത് ആയിരുന്നു.