Headlines

ജമാഅത്തെ ഇസ്ലാമിയുടെ സ്ലീപ്പര്‍ സെല്‍ ലീഗില്‍ പ്രവര്‍ത്തിക്കുന്നു; ആരോപണവുമായി ഐഎന്‍എല്‍

മുസ്ലീം ലീഗ്-ജമാ അത്തെ ഇസ്ലാമി ഐക്യം അപകടകരമെന്ന് ഐഎന്‍എല്‍ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി സമദ് നരിപ്പറ്റ. മുസ്ലീം ലീഗില്‍ ജമാഅത്തെ ഇസ്ലാമിക് സ്ലീപ്പര്‍ സെല്ലുകളുണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. തദ്ദേശ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ഇസ്ലാമിന്റെ ശക്തിയാര്‍ജിക്കല്‍ ഈ രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്ക് തികച്ചും എതിരായി ഭവിക്കും. ഐഎന്‍എല്‍ മതേതരത്വത്തിലൂന്നി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നും സമദ് നരിപ്പറ്റ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രഹസ്യമായി വെല്‍ഫെയര്‍ പാര്‍ട്ടിയുമായി മുസ്ലീം ലീഗും യുഡിഎഫുമുണ്ടാക്കിയ രാഷ്ട്രീയ സഖ്യം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മറനീക്കി പുറത്തുവരികയാണെന്ന് സമദ് നരിപ്പറ്റ ആരോപിച്ചു. പരസ്യമായി വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള രാഷ്ട്രീയ ബാന്ധവത്തിന് മുസ്ലീം ലീഗ് തയ്യാറായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പാണക്കാട് വച്ച് നടന്ന സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍പ്പോലും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളേയും പാണക്കാട് നിന്ന് പ്രഖ്യാപിക്കുന്നതായി കണ്ടു. ഇത് ഇതിന് മുന്‍പ് രാഷ്ട്രീയ കേരളത്തിന് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയുടെ സ്ലീപ്പര്‍ സെല്‍ ലീഗില്‍ പ്രവര്‍ത്തിക്കുന്നുവെന്ന ഗുരുതര ആരോപണമാണ് ഐഎന്‍എല്‍ ഉന്നയിക്കുന്നത്. അതിന് ഉദാഹരണമായി സമദ് നരിപ്പറ്റ ചൂണ്ടിക്കാട്ടുന്നത് കുറ്റിചിറയില്‍ ലീഗ് സ്ഥാനാര്‍ഥി ജമായത് അജണ്ട പറയുന്നു എന്നതാണ്. ഈ സഖ്യം കേരളത്തിന് പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.