പാലക്കാട് കോൺഗ്രസിന് തിരിച്ചടി; പെരിങ്ങോട്ടുകുറിശ്ശിയിൽ രണ്ട് സ്ഥാനാർത്ഥികളുടെ പത്രിക തള്ളി

പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിൽ കോൺഗ്രസിന് തിരിച്ചടി. രണ്ട് സ്ഥാനാർത്ഥികളുടെ പത്രിക തള്ളി. 12ാം വാര്‍ഡായ പെരിങ്ങോട്ടുകുറിശ്ശിയില്‍ ടി കെ സുജിത, 15ാം വാര്‍ഡായ വടക്കുമുറിയില്‍ ദീപ ഗിരീഷ് എന്നിവയുടെ നാമനിര്‍ദേശ പത്രികകളാണ് തള്ളിയത്. പഞ്ചായത്തില്‍ തൊഴിലുറപ്പ് കരാറില്‍ ഒപ്പുവച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പത്രിക തള്ളിയത്.

കഴിഞ്ഞ ആറ് പതിറ്റാണ്ടായി കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ആണ് പെരിങ്ങോട്ടുകുറിശ്ശി. നിലവിലെ ഭരണസമിതിയില്‍ യുഡിഎഫിന് പതിനൊന്നും സിപിഐഎമ്മിന് അഞ്ച് അംഗങ്ങളുമാണുള്ളത്. ഇത്തവണ രണ്ട് വാര്‍ഡുകള്‍ അധികമായി ചേര്‍ക്കുകയായിരുന്നു. ഇതോടെയാണ് ആകെ 18 വാര്‍ഡുകള്‍ ആയത്.

പാലക്കാട് ജില്ലയില്‍ ഐ ഗ്രൂപ്പിന്റെ മുഖമായിരുന്നു എ വി ഗോപിനാഥ്. 2009 മുതല്‍ കോണ്‍ഗ്രസുമായി അകലം പാലിച്ച ഗോപിനാഥ് 2021 ലെ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് നേതൃത്വവുമായി ഇടഞ്ഞത്.

പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തില്‍ ഇത്തവണ കോണ്‍ഗ്രസ് വിട്ട എ വി ഗോപിനാഥ് രൂപീകരിച്ച സ്വതന്ത്ര ജനാധിപത്യ മുന്നണിയും സിപിഐഎമ്മും തമ്മിൽ തിരഞ്ഞെടുപ്പ് ധാരണയുണ്ട്. ഐഡിഎഫ് 11 സീറ്റിലും സിപിഐഎം എഴിടത്തും മത്സരിക്കും.