ഇന്ത്യാസഖ്യത്തിന് ഇനിയെന്ത് പ്രസക്തി? കോണ്‍ഗസ് നേതൃത്വത്തിന് മുന്നില്‍ ചോദ്യങ്ങള്‍ ബാക്കി

ബിഹാറില്‍ ഏറ്റ കനത്ത തിരിച്ചടിയുടെ ആഘാതത്തിലാണ് കോണ്‍ഗ്രസ്. ആവനാഴിയിലെ ആയുധങ്ങളെല്ലാം എടുത്ത് ഉപയോഗിച്ചെങ്കിലും ബിഹാറില്‍ കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത് കനത്ത തിരിച്ചടിയാണ്. വോട്ട് ചോരി വിവാദവുമായി രംഗത്തുവന്ന രാഹുല്‍ ഗാന്ധിയുയര്‍ത്തിയ ഹൈപ്പില്‍ വന്‍ പ്രതീക്ഷയാണ് ഇന്ത്യാ സഖ്യത്തിന് ഉണ്ടായിരുന്നത്. ഹരിയാന തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്ക് ശേഷം ഇന്ത്യാ സഖ്യത്തിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് ഓരോ സംസ്ഥാന തിരഞ്ഞെടുപ്പ് കഴിയുമ്പോഴും കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്. ഇന്ത്യാ സഖ്യത്തിലുള്ള ഘടകകക്ഷികള്‍ക്കുപോലും കോണ്‍ഗ്രസിലുള്ള വിശ്വാസം നഷ്ടമായിരിക്കെ, ഇനിയെന്താണ് ഈ മുന്നണിയുടെ ഭാവിയെന്ന ചോദ്യമാണ് ഉയരുന്നത്. ബിഹാര്‍ തിരഞ്ഞെടുപ്പ് വന്‍ മാറ്റങ്ങള്‍ക്കുള്ള തുടക്കമായിരിക്കുമെന്നായിരുന്നു ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷികളുടെ പ്രതീക്ഷകള്‍. എന്നാല്‍ ആ പ്രതീക്ഷയ്ക്ക് അനുസരിച്ച് ഉയരാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല എന്നതാണ് മറ്റുകക്ഷികളെ നിരാശരാക്കുന്നത്

ജെഡിയു- ബിജെപി സഖ്യം ബിഹാര്‍ തൂത്തുവാരിയതോടെ കോണ്‍ഗ്രസ് ദേശീയതലത്തില്‍ തന്നെ വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ പുതിയ ദിശാബോധമുണ്ടാക്കുമെന്നായിരുന്നു കോണ്‍ഗ്രസ് കരുതിയിരുന്നത്. കാരണം അത്രയേറെ പ്രചാരണങ്ങളാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അവിടെ നേരിട്ട് നയിച്ചിരുന്നത്. ബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ദിവസങ്ങളോളം നീണ്ട വോട്ട് ചോരി പ്രക്ഷോഭയാത്രകള്‍ നടത്തി. ഒരു പക്ഷേ, ബിഹാര്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്ന് ഭരണകക്ഷികള്‍ പോലും ഭയന്നിരുന്ന ഒരു ഘട്ടം അവിടെ ഉണ്ടായി. വന്‍ അട്ടിമറിക്ക് കാതോര്‍ത്തിരുന്ന രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ ശരിക്കും ഞെട്ടി. കോണ്‍ഗ്രസ് – ആര്‍ജെഡി സഖ്യത്തിന് ഭരണം കിട്ടിയില്ലെന്നുമാത്രമല്ല, ദയനീയമായി പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയും കോണ്‍ഗ്രസും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിച്ചെങ്കിലും ഒരിക്കലും വോട്ടര്‍മാര്‍ക്കിടയില്‍ സ്വീകാര്യതയുണ്ടാക്കിയെടുക്കാന്‍ ഈ സഖ്യത്തിന് കഴിഞ്ഞില്ല. ഒരു മുന്നണിയെന്നു പറയുമ്പോഴും ഐക്യത്തിലായിരുന്നില്ല സഖ്യം മുന്നോട്ടുപോയത്. സീറ്റുവിഭജനത്തില്‍ ആര്‍ജെഡിയുമായി നിരന്തരമായി പോരടിച്ച കോണ്‍ഗ്രസ് മത്സരിക്കാനായി സീറ്റുകള്‍ അധികം നേടിയെടുക്കാനുള്ള ശ്രമത്തില്‍ ആയിരുന്നു. ബിജെപി, ജെഡിയു എന്നീ അതിശക്തരെ പരാജയപ്പെടുത്താനുള്ള രാഷ്ട്രീയ ആയുധങ്ങള്‍ ശേഖരിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. ആര്‍ ജെ ഡിയ്ക്ക് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ലെന്നുമാത്രമല്ല, കോണ്‍ഗ്രസുമായി ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നു വരുത്തിതീര്‍ക്കാന്‍പോലും അവിടെ കഴിഞ്ഞിരുന്നില്ല.

വോട്ട് ചോരി ആരോപണവും, എസ്‌ഐആര്‍ നടപ്പാക്കിയതും ബിഹാറിലെ ബി ജെ പി സഖ്യത്തിന്റെ വിജയത്തിന് വഴിയൊരുക്കിയെന്നാണ് കോണ്‍ഗ്രസ് ഇപ്പോഴും ആരോപിക്കുന്നത്. എ ഐ സി സി ജന.സെക്രട്ടറി കെ സി വേണുഗോപാല്‍ വോട്ട് ചോരി ആരോപണവുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയിരിക്കയാണ്. അവിശ്വസനീയമെന്നാണ് രാഹുല്‍ ഗാന്ധി ബിഹാറിലെ പരാജയത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.

65 ലക്ഷം വോട്ടര്‍മാര്‍ എസ്‌ഐആര്‍ നടപ്പാക്കിയതോടെ വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്തായെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആരോപണം. ബിഹാറില്‍ ഉണ്ടായ തിരിച്ചടി രാഷ്ട്രീയമല്ല എന്നും വോട്ടിംഗില്‍ കൃത്രിമം നടന്നു എന്നാണ് കോണ്‍ഗ്രസ് ഇപ്പോഴും വിശ്വസിക്കുന്നത്. എന്നാല്‍ ദേശീയതലത്തില്‍ ബിഹാറിലെ കനത്ത തിരിച്ചടി കോണ്‍ഗ്രസിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുന്നു. ഇതൊരു യാഥാര്‍ഥ്യമാണെന്ന് കോണ്‍ഗ്രസ് മാത്രമാണ് തിരിച്ചറിയാത്തത്.

കഴിഞ്ഞ തവണ ആര്‍ ജെ ഡിക്ക് ലഭിച്ചിരുന്നത് 75 സീറ്റായിരുന്നുവെങ്കില്‍ അത് ഇത്തവണ 25 സീറ്റായി ചുരുങ്ങിയിരിക്കയാണ്. കോണ്‍ഗ്രസ് ബാന്ധവത്തില്‍ ഇനി ആര്‍ ജെ ഡി തുടരുമോ എന്നാണ് ദേശീയ രാഷ്ട്രീയത്തിലെ പ്രധാന ചര്‍ച്ച. ഹരിയാനയില്‍ തിരിച്ചടി ലഭിച്ചതോടെ ആം ആദ്മി കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചതുപോലെ ആര്‍ ജെ ഡി കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആരൊക്കെ ഇന്ത്യാ സഖ്യത്തില്‍ തുടരുമെന്ന് പ്രവചിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ബിജെപി അടുത്തതായി ലക്ഷ്യമിടുന്നത് പശ്ചിമ ബംഗാളാണെന്ന് പ്രധാന മന്ത്രി പ്രഖ്യാപിച്ചിരിക്കയാണ്. തനിച്ച് നിന്ന് ബി ജെ പിയെ നേരിടാനുള്ള ശക്തി തൃണമൂലിനും മമതാ ബാനര്‍ജിക്കും ഉണ്ടെന്നതിനാല്‍ ബംഗാളില്‍ ഇന്ത്യാ സഖ്യത്തിന് വലിയ പ്രസക്തിയൊന്നുമില്ല. തിരഞ്ഞെടുപ്പ് നടക്കാനുള്ള കേരളമാണ് കോണ്‍ഗ്രസ് പ്രധാനമായും ലക്ഷ്യമിടുന്ന മറ്റൊരു സംസ്ഥാനം. തമിഴ്നാട്ടില്‍ ഡിഎംകെ, സിപിഐഎം, സിപിഐ, കോണ്‍ഗ്രസ് എന്നിവര്‍ ഒറ്റ സഖ്യത്തിലാണെങ്കിലും ഡി എം കെയ്ക്ക് തനിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ശക്തിയുണ്ട്. അവിടേയും കോണ്‍ഗ്രസ് ഒരു മുഖ്യകക്ഷിയല്ല. ഡി എം കെ, തൃണമൂല്‍ എന്നിവര്‍ക്കുള്ള സ്വാധീനം വലുതാണെങ്കിലും ഇവര്‍ക്ക് മറ്റു സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ സ്വാധീനമില്ല. സംസ്ഥാനത്തും ദേശീയതലത്തിലും ബി ജെ പിയെ നേരിടുകയെന്ന ലക്ഷ്യം മാത്രമാണ് ഇവര്‍ക്കുള്ളത്. എന്നാല്‍ ബി ജെ പിയെ പരാജയപ്പെടുത്തി രാജ്യഭരണം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ കോണ്‍ഗ്രസിനും ഇന്ത്യാ സഖ്യത്തിനും കടമ്പകള്‍ ഏറെയെന്ന് തെളിയിക്കുന്നതാണ് ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം.