കോൺഗ്രസ് നേതാക്കൾക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്ത് ബിജെപി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമ. അഞ്ഞൂറുകോടി രൂപയുടെ മാനനഷ്ട കേസാണ് ഫയൽ ചെയ്തത്. കോൺഗ്രസ് നേതാക്കളായ ജിതേന്ദ്ര സിങ്, ഭൂപേഷ് ഭഗേൽ, ഗൗരവ് ഗോഗോയി എന്നിവർക്കെതിരെയാണ് കേസ്. വാർത്താസമ്മേളനത്തിൽ തെറ്റായതും ദുരുദ്ദേശപരവും അപകീർത്തികരവുമായ കാര്യങ്ങൾ പറഞ്ഞു എന്ന് ഹിമന്ദ ബിശ്വ ശർമ്മ ആരോപിച്ചു. ഹിമന്തയുടെ വിവാദ AI വീഡിയോയിൽ കോൺഗ്രസ് എംഎൽഎമാരായ സിബമോണി ബോറ , ദിഗന്ധ ബർമൻ എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ദിസ്‌പൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.അതേസമയം, മുസ്ലിം വേഷധാരികളായ രണ്ടുപേരെ മുഖ്യമന്ത്രി തോക്കുപയോഗിച്ച് വെടിവെക്കുന്ന ‘പോയിന്റ് ബ്ലാങ്ക് ഷോട്ട്’ എന്ന വീഡിയോ ബിജെപി ഔദ്യോഗിക ഹാൻഡിലിലൂടെയാണ് ഹിമന്ത ബിശ്വ ശർമ പങ്കുവെച്ചത്. സംഭവം വിവാദമായതോടെ വീഡിയോ പിൻവലിച്ചെങ്കിലും, ഇത് കേവലം ട്രോൾ അല്ലെന്നും ആസൂത്രിതമായ വംശഹത്യാ ആഹ്വാനമാണെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു. അസമിലെ മിയാ മുസ്ലിങ്ങളെ ബുദ്ധിമുട്ടിക്കലാണ് തന്റെ ജോലിയെന്നും അവരെ സമ്മർദ്ദത്തിലാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം നേരത്തെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
കോൺഗ്രസ് നേതാക്കൾക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്ത് ഹിമന്ത ബിശ്വ ശർമ







