തിരുവനന്തപുരം ∙ മേശപ്പുറത്ത് ഒരു പാക്കറ്റ് സിഗരറ്റ് വച്ചശേഷം ആഗതൻ പറഞ്ഞു- ‘ഞാൻ കരുണാകരൻ’. തോട്ടം രാജശേഖരൻ എഴുന്നേറ്റുനിന്നു പറഞ്ഞു- ‘എംഎൽഎയെ എനിക്കറിയാം. നിയമസഭയിൽ കണ്ടിട്ടുണ്ട്.’ അതൊരു വലിയ ബന്ധത്തിന്റെ തുടക്കമായിരുന്നു, തോട്ടം രാജശേഖരന്റെ ജീവിതത്തിൽ. അന്നു കരുണാകരൻ 9 എംഎൽഎമാർ മാത്രമുള്ള കോൺഗ്രസിന്റെ നിയമസഭാകക്ഷി നേതാവ്. നിയമസഭയിൽ അദ്ദേഹത്തിനു കൃഷിയെക്കുറിച്ചു സംസാരിക്കണം. തോട്ടത്തിനു പല കാര്യങ്ങളിലും ആഴത്തിൽ അറിവുണ്ട്. അതറിഞ്ഞായിരുന്നു കരുണാകരന്റെ വരവ്. തോട്ടം നൽകിയ വിവരങ്ങൾ കരുണാകരന്റെ പ്രസംഗത്തിന്റെ മൂർച്ച കൂട്ടി. പിന്നീടു കരുണാകരൻ മന്ത്രിയായപ്പോൾ തോട്ടം പിആർഡി അഡിഷനൽ ഡയറക്ടർ. കരുണാകരന്റെ മന്ത്രിക്കസേരയ്ക്കടുത്ത് ഒരു ഇരിപ്പിടമുണ്ടായിരുന്നു, അടുപ്പക്കാർക്കു മാത്രം ഇരിക്കാൻ. അതിൽ ഇരുന്നവരുടെ പട്ടികയിൽ തോട്ടമായിരുന്നു മുന്നിൽ.അടിയന്തരാവസ്ഥക്കാലത്തു മാധ്യമങ്ങൾക്കു സെൻസർഷിപ് നടപ്പാക്കിയപ്പോൾ കേരളത്തിൽ ചീഫ് സെൻസറായത് തോട്ടം ആയിരുന്നു. ആഭ്യന്തര മന്ത്രി കെ.കരുണാകരന്റെ നിർദേശം അനുസരിച്ചാണു തോട്ടം പ്രവർത്തിക്കുന്നതെന്നു കരുണാകര വിരുദ്ധർ കേന്ദ്രസർക്കാരിലെ ചിലരെ ധരിപ്പിച്ചു. അക്കാലത്തു കേന്ദ്ര വാർത്താവിനിമയ മന്ത്രി കൊച്ചിയിൽ എത്തിയപ്പോൾ നേരിട്ടുകാണണമെന്നു തോട്ടത്തിനോട് ആവശ്യപ്പെട്ടു. ചുരുങ്ങിയ സമയത്തിനുള്ളിൽ കൊച്ചിയിലെത്താൻ അദ്ദേഹത്തിനു സാധിച്ചില്ല. കൊച്ചിയിൽനിന്നു മടങ്ങിയ മന്ത്രി പുലർച്ചെ 2നു ഡൽഹിയിലെത്തിയ ഉടൻ തോട്ടത്തെ ചീഫ് സെൻസർ പദവിയിൽനിന്നു നീക്കി. ആ ഉത്തരവ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്കാണ് അയച്ചത്. രാത്രി തന്നെ പൊലീസുകാർ വീട്ടിലെത്തി വിളിച്ചുണർത്തി ഉത്തരവു കൈമാറി.ആ പദവിയിൽനിന്നു മാറിയപ്പോൾ വലിയ ആശ്വാസമാണു തോന്നിയതെന്നും അന്നത്തെ സെൻസർഷിപ്പിലൊന്നും കരുണാകരൻ ഇടപെട്ടിട്ടേയില്ലെന്നും പിന്നീടു തോട്ടം പറഞ്ഞിട്ടുണ്ട്.പാലക്കാട്ട് 1976 ൽ നടന്ന പത്രപ്രവർത്തക യൂണിയൻ സമ്മേളനത്തിൽ പ്രസംഗിക്കുന്നതിനു കരുണാകരൻ തോട്ടം രാജശേഖരനോടു വിശദാംശങ്ങൾ ആരാഞ്ഞു. പത്രപ്രവർത്തകർക്ക് പെൻഷൻ നടപ്പാക്കണമെന്ന ആവശ്യം തോട്ടമാണ് ചൂണ്ടിക്കാട്ടിയത്. സമ്മേളനത്തിൽ കരുണാകരൻ പെൻഷൻ പ്രഖ്യാപിച്ചു.
മാർ ഇവാനിയോസ് കോളജിൽ അധ്യാപകനായും ആർ.ശങ്കർ ആരംഭിച്ച ദിനമണി പത്രത്തിൽ പത്രപ്രവർത്തകനായും പ്രവർത്തിച്ച ശേഷം സോഷ്യൽ എജ്യുക്കേഷൻ ഓഫിസർ ആയാണ് തോട്ടം സർക്കാർ സർവീസിൽ എത്തുന്നത്. അവിടെ നിന്നു സംസ്ഥാനത്തെ ആദ്യ 3 ഇൻഫർമേഷൻ ഓഫിസർമാരിൽ മലബാറിന്റെ ചുമതലക്കാരനായി പിആർഡിയിലേക്കു വന്നു.10 വർഷം പിആർഡി ഡയറക്ടറായിരുന്നു. കേരള പ്രസ് അക്കാദമി ഡയറക്ടർ, ചലച്ചിത്ര വികസന കോർപറേഷൻ ഡയറക്ടർ, ഗവർണറുടെ പിആർഒ തുടങ്ങിയ പദവികളും വഹിച്ചു. ചലച്ചിത്ര പുരസ്കാര നിർണയ സമിതി അംഗം ആയിരിക്കെ ഉണ്ടായ തർക്കങ്ങളെ തുടർന്ന് പിആർഡി ഡയറക്ടർ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ ഒഴിവാക്കിയ സംഭവവും ഒരിക്കലുണ്ടായി. സെൻസർ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.‘സിനിമ; സത്യവും മിഥ്യയും’ എന്ന പഠനഗ്രന്ഥത്തിനു കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. സർവീസ് സ്റ്റോറിയായ ‘ഉദ്യോഗപർവം’ വലിയ ചർച്ചകൾക്കു വഴിവച്ചു.ഗ്രന്ഥകാരനും പ്രഭാഷകനും പബ്ലിക് റിലേഷൻസ് വകുപ്പ് (പിആർഡി) മുൻ ഡയറക്ടറുമായ മണക്കാട് തോട്ടം ഉഷസ്സിൽ തോട്ടം രാജശേഖരന്റെ (95) സംസ്കാരം ഇന്നു 11നു ശാന്തികവാടത്തിൽ. പരേതയായ എം.എൽ.രാധമ്മയാണു ഭാര്യ. മക്കൾ: സബിത റാണി (റിട്ട.എജിഎം, എസ്ബിഐ),പരേതരായ ടി.ആർ.സുജയ് കുമാർ, ടി.ആർ.നന്ദലാൽ. മരുമക്കൾ: കെ.ബി.രാജൻ (റിട്ട. എജിഎം, എസ്ബിഐ), പ്രിയ സുജയ്.







