‘വീടെന്ന് പറയാൻ‍ ഒന്നുമില്ല, ഒരു മൺകൂന മാത്രം’; മരണം കുതിച്ചെത്തി, ഓടിമാറാനായില്ല, ജോസഫൈന്

 

പൂഞ്ഞാർ ∙ വീടിനു മുകളിലേക്ക് ഉരുൾ വന്നു നിലംപൊത്താൻ പോകുന്നത് ഒരുപക്ഷേ ജോസഫൈൻ അറിഞ്ഞിരിക്കണം; പക്ഷേ, രക്ഷപ്പെടാൻ ഒരു ശ്രമം പോലും നടത്താൻ, അപകട‌ത്തിൽ കാലൊടിഞ്ഞു കിടപ്പിലായിരുന്ന ജോസഫൈന് കഴിഞ്ഞിരിക്കില്ല. ഇന്നലെ പുലർച്ചെ 2.30ന് ഇരച്ചെത്തിയ ദുരന്തത്തിനു മണിക്കൂറുകൾക്കു ശേഷം മൃതദേഹം കണ്ടെത്താൻ രക്ഷാപ്രവർത്തകരെ സഹായിച്ചതും പ്ലാസ്റ്ററിട്ട ആ കാലാണ്. അപകടശേഷം വിശ്രമിച്ചിരുന്ന അതേ കട്ടിലിൽത്തന്നെയായിരുന്നു മൃതദേഹം.ജോസഫൈനൊപ്പം അമ്മ റെജീനയും അപകടത്തിൽ മരിച്ചു. മണ്ണിൽ മൂടിപ്പോയ വീട്ടിൽ നിന്ന് രാവിലെ എട്ടോടെ ജോസഫൈന്റെയും പത്തരയോടെ റെജീനയുടെയും ജീവനറ്റ ശരീരം കണ്ടെത്തുകയായിരുന്നു. വീടിന് അരക്കിലോമീറ്റർ മുകളിൽനിന്നു പൊട്ടിയിറങ്ങിയ ഉരുൾ വീട് പൂർണമായും തകർക്കുമ്പോൾ റെജീനയും ജോസഫൈനും മാത്രമേ അകത്തുണ്ടായിരുന്നുള്ളൂ. ചികിത്സയിൽ കഴിയുന്ന സുഹൃത്തിനു കൂട്ടുകി‌ടക്കാൻ പോയതായിരുന്നു ജോസഫൈന്റെ അച്ഛൻ എം.ജെ.ജോണി. അനുജത്തിമാരായ ജോമിറ്റും സോമിറ്റും ജോമിറ്റിന്റെ എറണാകുളത്തെ ഭർതൃഗ്രഹത്തിലായിരുന്നു.പുലർച്ചെ അതിഭയങ്കരമായ ഒച്ച കേട്ട അയൽവാസി ബിനോയി, ജോണിയെ വിളിക്കുമ്പോഴാണ് ഭാര്യയും മകനും വീട്ടിലുണ്ടെന്ന് അറിഞ്ഞത്. അപകടത്തിൽ തകർന്ന വീട്ടിലേക്ക് ആദ്യം എത്തിയതും ബിനോയി ആണ്. ഒന്നാകെ മണ്ണിൽ പുതഞ്ഞുപോയ വീട്ടിൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. കനത്ത വെള്ളപ്പാച്ചിൽ. ആദ്യം മണ്ണ് നീക്കിയും ചാലു വെട്ടിയും വെള്ളം തിരിച്ചു വിട്ടു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണു നീക്കി ആളെ കണ്ടെത്താൻ ശ്രമം തുടങ്ങി.‘‘വീടെന്ന് പറയാനായി ഒന്നുമില്ലായിരുന്നു. ഒരു മൺകൂന മാത്രം. വീടിന്റെ മുകളിലെ വാർക്ക 30 മീറ്റർ താഴെയാണു കിടന്നത്.’’ ബിനോയിയും രക്ഷാപ്രവർത്തനം നടത്തിയവരിലൊരാളായ പൂഞ്ഞാർ സ്വദേശി മജു മാത്യുവും പറയുന്നു. മൂന്നു മണിക്കൂറുകൾക്കു ശേഷമാണ് മണ്ണിനടിയിൽ ജോസഫൈന്റെ പ്ലാസ്റ്ററിട്ട കാൽ കണ്ടെത്തുന്നത്. അപകടവിവരമറിഞ്ഞ് കുഴഞ്ഞുവീണ ജോണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിട്ടു. രണ്ടു വർഷം മുൻപാണ് പയ്യാനിത്തോട്ടം വണ്ടൻപ്ലാവിൽ ഇവർ പുതിയ വീട് നിർമിച്ചത്.