മലപ്പുറത്ത് പലയിടത്തും മിന്നൽപ്രളയം; 24 മണിക്കൂറിനിടെ 200 മില്ലിമീറ്ററിൽ ‌കൂടുതൽ മഴ!

 

മലപ്പുറം ∙ ഒറ്റ രാത്രിയിലെ മഴ, നേരം പുലർന്നപ്പോഴേക്കും ജില്ലയിൽ മിന്നൽപ്രളയം. മണ്ണിടിച്ചിലിൽ വ്യാപകമായി വീടുകളും മതിലുകളും തകർന്നു. മണ്ണിടിഞ്ഞും വെള്ളം കയറിയും മലപ്പുറം –തിരൂർ റോഡ് അടക്കമുള്ള പ്രധാന പാതകളിൽ ഉൾപ്പെടെ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. തീരദേശത്തു കടൽക്ഷോഭത്തിൽ മൂന്നു വീടുകൾ പൂർണമായും തകർന്നു. ജില്ലയിൽ ആകെ 12 വീടുകളാണ് മണ്ണിടിച്ചിലിനെത്തുടർന്ന് ഭാഗികമായി തകർന്നത്. പോരൂർ, മമ്പാട്, നിലമ്പൂർ, ചേലൂപ്പാടം, പുളിക്കൽ എന്നിവിടങ്ങളിൽ വീടുകളിൽ വെള്ളം കയറി. ഏറനാട്, കൊണ്ടോട്ടി, പെരിന്തൽമണ്ണ താലൂക്കുകളിലാണ് ദുരിതം കൂടുതൽ. ജില്ലയിൽ ഇന്നലത്തെ ആകെ മഴയുടെ ശരാശരി 103 മില്ലിമീറ്റർ. നദികളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ടെങ്കിലും എവിടെയും അപകടഭീഷണിയില്ല. അതേസമയം, വിവിധയിടങ്ങളിൽ തോടുകൾ കവിഞ്ഞൊഴുകി. കൃഷിയിടങ്ങളും റോഡും പലയിടത്തും വെള്ളത്തിലായി. ജില്ലയിൽ 4 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു

മണ്ണിടിച്ചിലും പ്രളയവും കാരണം ജില്ലയിൽ 4 ദുരിതാശ്വാസ ക്യാംപുകളിലായി 13 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മഞ്ചേരി വലിയട്ടിപ്പറമ്പ് അങ്കണവാടി, എടവണ്ണ ചെറുമണ്ണ് അങ്കണവാടി, പാണക്കാട് മഅ്ദിനുൽ ഉലൂം മദ്രസ, നെടിയിരുപ്പ് ജിഡബ്ല്യുയുപി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാംപുകൾ. ആകെ 59 പേരാണ് ക്യാംപുകളിലുള്ളത്. കോട്ടക്കുന്നിന്റെ ചെരുവിൽ താമസിക്കുന്ന 14 കുടുംബങ്ങളോട് മാറിത്താമസിക്കാൻ റവന്യുവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. മലപ്പുറം ടൗൺഹാളിൽ ദുരിതാശ്വാസ ക്യാംപും സജ്ജമാക്കിയിട്ടുണ്ട്.24 മണിക്കൂറിനിടെ 200 മില്ലിമീറ്ററിൽ ‌കൂടുതൽ മഴ!

ജില്ലയിലെ വിവിധയിടങ്ങളിൽ പെയ്തത് അതിതീവ്ര മഴ. 4 പ്രദേശങ്ങളിൽ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് 200 മില്ലിമീറ്ററിൽ കൂടുതൽ മഴ. മുൻപ് ഉരുൾപൊട്ടലുണ്ടായ ചാത്തല്ലൂർ ചോലാർമല ഉന്നതിയിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. 260 മില്ലിമീറ്റർ. വേഴക്കോട് 230 മില്ലിമീറ്റർ, ഊർങ്ങാട്ടിരി വെറ്റിലപ്പാറ– 244.8 മി.മീ., പാണക്കാട് – 212.5 മി.മീ. എന്നിവയാണ് കൂടുതൽ മഴ പെയ്ത മറ്റിടങ്ങൾ. മലപ്പുറം നഗരം (193.4 മി.മീ) ഉൾപ്പെടെ 12 പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ മഴ രേഖപ്പെടുത്തി. നിലമ്പൂർ–133.5 മി.മീ., അങ്ങാടിപ്പുറം– 152.6 മി.മീ., കരിപ്പൂർ –158.8 മി.മീ., പെരിന്തൽമണ്ണ 160 മി.മീ, പാണ്ടിക്കാട് –115.6 മി.മീ., തൃക്കലങ്ങോട്– 161.5 മി.മീ, പെരകമണ്ണ– 124.41 മി.മീ, എടവണ്ണ–125.8 മി.മീ, കാരക്കുന്ന് –120.36 മി.മീ, ആനക്കയം – 151.3 മി.മീ., ചാത്തല്ലൂർ–145 മി.മീ എന്നിങ്ങനെയാണ് കൂടുതൽ മഴ രേഖപ്പെടുത്തിയ മറ്റിടങ്ങളിൽ. പൊന്നാനിയിലും പാലേമാട്ടിലുമാണ് ഏറ്റവും കുറഞ്ഞ മഴ പെയ്തത്– 19 മില്ലിമീറ്റർ. വഴിക്കടവിൽ 23 മില്ലിമീറ്റർ മാത്രവും. കഴിഞ്ഞ ദിവസം രാത്രി മുതൽ ഇന്നലെ രാവിലെ വരെയാണ് കനത്ത മഴ പെയ്തത്.

 

മഴ കുറയും, രണ്ടാഴ്ച കൂടി തുടരും

ജില്ലയിൽ ഇന്നലെ അതിതീവ്ര മഴ രേഖപ്പെടുത്തിയെങ്കിലും അടുത്ത ദിവസങ്ങളിൽ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. ഇന്നു മുതൽ 15 വരെ സാധാരണ മഴയായിരിക്കും ലഭിക്കുകയെന്ന് റെയിൻ ട്രാക്കേഴ്സ് മഴക്കൂട്ടായ്മ അഡ്മിൻ ശരത്കുമാർ പറഞ്ഞു.ഇന്ന് ഓറഞ്ച് അലർട്ട്

മലപ്പുറം ∙ ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. നാളെ മുതൽ 3 ദിവസങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പില്ല. ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

 

മലപ്പുറത്ത് ഇന്നും അവധി

മലപ്പുറം ∙ ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ മദ്രസകൾ, ട്യൂഷൻ സെന്ററുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ഡോ.വിനയ് ഗോയൽ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കു ബാധകമല്ല.