ടി20 വനിതാ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം; ഓസീസിനെ 115ന് എറിഞ്ഞിട്ടു

ടി20 വനിതാ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഓസ്‌ട്രേലിയയെ 17 റൺസിനാണ് ഇന്ത്യ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിംഗിൽ ഓസീസ് 19.5 ഓവറിൽ 115 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു

ദീപ്തി ശർമയുടെയും ഷഫാലി വർമയുടെയും ബാറ്റിംഗ് മികവാണ് ഇന്ത്യക്ക് താരതമ്യേന മികച്ച സ്‌കോർ നേടിക്കൊടുത്തത്. ഷഫാലി 15 പന്തിൽ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 29 റൺസെടുത്തു. മന്ദാന 10 റൺസിനും ഹർമൻപ്രീത് കൗർ രണ്ട് റൺസിനും പുറത്തായി.

ജമിയ റോഡ്രിഗസ് 26 റൺസെടുത്തു. ദീപ്തി ശർമ 46 പന്തിൽ 49 റൺസുമായും വേദ കൃഷ്ണമൂർത്തി 9 റൺസുമായും പുറത്താകാതെ നിന്നു. 133 റൺസിന്റെ വിജയലക്ഷ്യം ഓസീസ് അനായാസം മറികടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇന്ത്യൻ ബൗളർമാരുടെ പ്രഹരം പിന്നാലെ വരുന്നതേയുണ്ടായിരുന്നുള്ളു

ഓസീസ് നിരയിൽ രണ്ട് പേർ മാത്രമാണ് രണ്ടക്കം തികച്ചത്. ഓപണർ എലിസ ഹീലി 51 റൺസെടുത്തു. ആഷ്‌ലി ഗാർഡ്‌നർ 34 റൺസിനും പുറത്തായി. മറ്റാർക്കും രണ്ടക്കം തികയ്ക്കാനായില്ല. ഇന്ത്യക്കായി പൂനം യാദവ് നാല് വിക്കറ്റുകൾ വീഴ്ത്തി. ശിഖ പാണ്ഡെ രണ്ടും രാജേശ്വരി ഗെയ്ക്ക് വാദ് ഒന്നും വിക്കറ്റെടുത്തു.