ഓസ്‌ട്രേലിയക്കെതിരായ അവസാന ഏകദിനത്തിൽ ഇന്ത്യക്ക് ജയം. അവസാന നിമിഷം വരെ നാടകീയത നിറഞ്ഞുനിന്ന മത്സരത്തിൽ 14 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ ആശ്വാസ ജയം സ്വന്തമാക്കി
ഇന്ത്യ ഉയർത്തിയ 302 റൺസ് എന്ന വിജയലക്ഷ്യത്തിലേക്കുള്ള ഓസീസ് പ്രയാണം തുടക്കത്തിലെ ശുഭകരമായിരുന്നില്ല. 158 റൺസ് എടുക്കുന്നതിനിടെ അവർക്ക് 5 വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. എന്നാൽ പിന്നീട് കളി മാറി. അലക്‌സ് കാറെയും മാക്‌സ് വെല്ലും, അഗറുമെല്ലാം ക്രീസിൽ ആളിക്കത്തിയപ്പോൾ ഇന്ത്യ പരാജയം മണത്തു. എന്നാൽ നിശ്ചിത ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ബൗളർമാർ പ്രതീക്ഷ ബാക്കി വെച്ചു
കാറെ 210 റൺസിന് വീണതിന് പിന്നാലെ ക്രീസിൽ ഒന്നിച്ച മാക്‌സ് വെല്ലും അഗറും ചേർന്ന് സ്‌കോർ 268 വരെ എത്തിച്ചു. 37 പന്തിൽ 40 റൺസ് ജയിക്കാനെന്ന നിലയിലേക്ക് വരെ ഓസീസ് എത്തി. എന്നാൽ 21 റൺസിനിടെ അവസാന നാല് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ ജയം സ്വന്തമാക്കുകയായിരുന്നു
മാക്‌സ് വെൽ 59 റൺസും അഗർ 28 റൺസും കാറെ 38 റൺസുമെടുത്തു. നേരത്തെ ഫിഞ്ച് 75 റൺസ് എടുത്ത് പുറത്തായിരുന്നു. ഹെൻ റിക്‌സ് 22 റൺസിനും ഗ്രീൻ 21 റൺസിനും വീണു. ഇന്ത്യക്കായി ബുമ്രയും ടി നടരാജനും രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഷാർദൂൽ താക്കൂർ 3 വിക്കറ്റെടുത്തു. കുൽദീപ് യാദവ്, ജഡേജ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കോഹ്ലി, ഹാർദിക്, ജഡേജ എന്നിവരുടെ അർധ സെഞ്ച്വറി മികവിലാണ് സ്‌കോർ 302 എടുത്തത്. കോഹ്ലി 63 റൺസെടുത്തു. ഹാർദിക് 92 റൺസുമായും ജഡേജ 66 റൺസുമായും പുറത്താകാതെ നിന്നു