ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച സ്‌കോർ. ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 302 റൺസ് എടുത്തു. അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യയും ജഡേജയും ചേർന്ന് നടത്തിയ തകർപ്പനടികളാണ് ഇന്ത്യക്ക് മികച്ച സ്‌കോർ നേടി കൊടുത്തത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം ഒട്ടും മികച്ചതായിരുന്നില്ല. സ്‌കോർ 16ൽ നിൽക്കെ ശിഖർ ധവാനെ ഇന്ത്യക്ക് നഷ്ടപ്പെട്ടു. 16 റൺസാണ് ധവാൻ എടുത്തത്. ഫോമിലുള്ള ധവാൻ പോയതിന്റെ ക്ഷീണം ആദ്യഘട്ടത്തിൽ ഇന്ത്യക്ക് മറികടക്കാനുമായില്ല. സ്‌കോർ 152 എത്തിയപ്പോഴേക്കും ഇന്ത്യക്ക് 5 വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു
33 റൺസെടുത്ത ശുഭ്മാൻ ഗിൽ, 63 റൺസെടുത്ത വിരാട് കോഹ്ലി, 19 റൺസെടുത്ത ശ്രേയസ്സ് അയ്യർ, 5 റൺസെടുത്ത രാഹുൽ എന്നിവരെയാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. എന്നാൽ ഇവിടെ നിന്ന് ഒന്നിച്ച ഹാർദികും ജഡേജയും അപരാജിതരായി തുടർന്നു. 150 റൺസിന്റെ പാർട്ണർഷിപ്പാണ് ഇരുവരും ചേർന്നുണ്ടാക്കിയത്
76 പന്തിൽ ഒരു സിക്‌സും 7 ഫോറും സഹിതം പാണ്ഡ്യ 92 റൺസുമായും 50 പന്തിൽ മൂന്ന് സിക്‌സും അഞ്ച് ഫോറും സഹിതം ജഡേജ 66 റൺസുമായും പുറത്താകാതെ നിന്നു