മുനയൊടിഞ്ഞ് ബാംഗ്ലൂർ; ഹൈദരാബാദിന് 132 റൺസ്‌ വിജയലക്ഷ്യം

ഐ.പി.എൽ പ്ലേ ഓഫിലെ എലിമിനേറ്റർ പോരാട്ടത്തിൽ ബാംഗ്ലൂരിന് ബാറ്റിങ് തകർച്ച. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 131റൺസ് എടുക്കാനേ റോയൽ ചലഞ്ചേഴ്സിന് കഴിഞ്ഞുള്ളു. മൂന്ന് മുൻ നിര വിക്കറ്റുകൾ വീഴ്ത്തിയ ജേസൺ ഹോൾഡറാണ് ബാംഗ്ലൂർ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. ആകെ മൂന്ന് പേർക്ക് മാത്രമാണ് ബാംഗ്ലൂർ നിരയിൽ മൂന്നക്കം കടക്കാൻ കഴിഞ്ഞത്. 43 പന്തുകളിൽ നിന്നും 56 റൺസെടുത്ത എ.ബി.ഡിവില്ലിയേഴ്സ് മാത്രമാണ് ബാറ്റിംഗ് നിരയിൽ തിളങ്ങിയത്.

 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ബാംഗ്ലൂരിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ടീം സ്കോർ 15ലെത്തിയപ്പോൾ തന്നെ ബാംഗ്ലൂരിന് രണ്ട് വിക്കറ്റ് നഷ്ടമായി. ദേവ്ദത്തിനെയും കോഹ്‌ലിയെയും പുറത്താക്കി ജേസൺ ഹോൾഡറാണ് ഹൈദരാബാദിന് മികച്ച തുടക്കം നൽകിയത്.

പിന്നീട് ഒത്തു ചേർന്ന ആരോൺ ഫിഞ്ചും എ.ബി.ഡിവില്ലിയേഴ്സും ചേർന്നാണ് ടീം സ്കോർ 50 കടത്തിയത്. ഫിഞ്ച് പുറത്തായതിന് ശേഷം ഡിവില്ലിയേഴ്‌സ് ഒരറ്റത് നിലയുറപ്പിച്ചെങ്കിലും മറുവശത്തു വിക്കറ്റുകൾ വീണു കൊണ്ടിരുന്നു. അവസാന ഓവറുകളിൽ ആഞ്ഞടിക്കാൻ ശ്രമിച്ച ഡിവില്ലിയേഴ്സിനെ നടരാജൻ ക്ളീൻ ബൗൾഡ് ആക്കുകയായിരുന്നു. പിന്നീട് വന്ന സൈനിയും സിറാജും ചേർനാണ് ടീം സ്കോർ 130കടത്തിയത്

ഇന്നത്തെ മത്സരത്തിൽ തോൽക്കുന്നവർ ഐപിഎല്ലിൽ നിന്നു പുറത്താകും. ജയിക്കുന്നവർ രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടും. രണ്ടാം ക്വാളിഫയറിൽ ജയിക്കുന്നവരായിരിക്കും ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിന്റെ എതിരാളികൾ.

തുടർച്ചയായി മൂന്ന് മത്സരങ്ങൾ വിജയിച്ചാണ് സൺറൈസേഴ് പ്ലേ ഓഫിലേക്ക് എത്തിയിരിക്കുന്നത്. അതേസമയം, തുടർച്ചയായ തോൽവികൾ ഏറ്റുവാങ്ങി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായാണ് ബാംഗ്ലൂർ പ്ലേ ഓഫിലെത്തിയത്.