ബെയിര്‍‌സ്റ്റോക്ക് മൂന്ന് റൺസ് അകലെ സെഞ്ച്വറി നഷ്ടം; കിംഗ്‌സ് ഇലവനെതിരെ ഹൈദരാബാദിന് തകർപ്പൻ സ്‌കോർ

സ്വപ്‌നതുല്യമായ തുടക്കം. ഒന്നാം വിക്കറ്റിൽ അടിച്ചുകൂട്ടിയത് 160 റൺസ്. 15 റൺസിനിടെ നഷ്ടപ്പെട്ടത് അഞ്ച് വിക്കറ്റുകൾ. ഐപിഎല്ലിൽ കിംഗ്‌സ് ഇലവൻ പഞ്ചാബിനെതിരെ സൺ റൈസേഴ്‌സ് ഹൈദരാബാദിന്റെ ബാറ്റിംഗ് സംഭവ ബഹുലമായിരുന്നു. ഓപണർ ജോണി ബെയിർസ്‌റ്റോക്ക് 3 റൺസ് അകലെ സെഞ്ച്വറി നഷ്ടപ്പെടുകയും ചെയ്തു.

 

ടോസ് നേടിയ സൺ റൈസേഴ്‌സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ സൺ റൈസേഴ്‌സ് എടുത്തത് ആറ് വിക്കറ്റ് നഷ്ടത്തിൽ 201 റൺസ്. ഒന്നാം വിക്കറ്റിൽ വാർണറും ബെയിർസ്‌റ്റോയും ചേർന്ന് അടിച്ചൂകൂട്ടിയത് 160 റൺസ്. വാര്‍ണറാണ് ആദ്യം പുറത്തായത്.
40 പന്തിൽ ഒരു സിക്‌സും അഞ്ച് ഫോറും സഹിതം 52 റൺസായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം

 

സ്‌കോർ 160ൽ തന്നെ ബെയിർസ്‌റ്റോയും വീണു. 55 പന്തിൽ ആറ് സിക്‌സും ഏഴ് ഫോറും സഹിതം 97 റൺസാണ് ബെയിർസ്‌റ്റോ അടിച്ചുകൂട്ടിയത്. പിന്നെ വിക്കറ്റുകൾ തുടരെ തുടരെ വീണുകൊണ്ടിരുന്നു. അബ്ദുൽ സമദ് 8, മനീഷ് പാണ്ഡെ 1, പ്രിയം ഗാർഗ് പൂജ്യം എന്നിങ്ങനെ ഹൈദരാബാദ് താരങ്ങൾ വരികയും പോകുകയും ഒന്നിച്ചായിരുന്നു. അഭിഷേക് ശർമ 12 റൺസെടുത്തു.

ഇന്നിംഗ്‌സ് പൂർത്തിയാകുമ്പോൾ കെയ്ൻ വില്യംസൺ 20 റൺസുമായും റാഷിദ് ഖാൻ 2 റൺസുമായും പുറത്താകാതെ നിന്നു. പഞ്ചാബിനായി രവി ബിഷ്‌ണോയി മൂന്നും അർഷീദ് സിംഗ് രണ്ടും വിക്കറ്റെടുത്തു.